സിന്‍ഹുവ: ഇന്ത്യയ്ക്ക് ചൈനീസ് പത്രത്തിന്റെ ഭീഷണി
ബെയ്ജിങ്: സിന്‍ഹുവ വാര്‍ത്താഏജന്‍സിയുടെ മൂന്ന് ലേഖകരെ ഇന്ത്യ പുറത്താക്കിയ നടപടിക്കെതിരേ ചൈനീസ് മാധ്യമങ്ങള്‍ രംഗത്ത്. മാധ്യമപ്രവര്‍ത്തകരെ പുറത്താക്കിയ നടപടി ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്നു ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയുടെ നടപടിക്കെതിരേ ചൈന പ്രതികരിക്കണമെന്നും പത്രം പറയുന്നു. ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വത്തിനു പിന്തുണയ്ക്കാത്തതിലുള്ള പ്രതികാരമാണോ ഈ നടപടിയെന്നാണ് ഗ്ലോബല്‍ ടൈംസിന്റെ മുഖപ്രസംഗം ചോദിക്കുന്നത്. ചൈനയുടെ ഔദ്യോഗിക വാര്‍ത്താഏജന്‍സിയുടെ മൂന്നു ലേഖകരുടെ വിസയാണ് ഇന്ത്യ പുതുക്കില്ലെന്ന് അറിയിച്ചത്.
ഇവര്‍ 31 നകം രാജ്യം വിടണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇവരുടെ വിസ പുതുക്കാത്തതിന്റെ കാരണം എന്താണെന്ന് വിശദീകരിച്ചിട്ടില്ല. ഇവര്‍ക്ക് പകരം സിന്‍ഹുവക്ക് മറ്റു മാധ്യമപ്രവര്‍ത്തകരെ ഇന്ത്യയിലേക്ക് അയക്കാമോയെന്ന കാര്യവും വ്യക്തമല്ല. അതേസമയം ഇന്ത്യ നാടുകടത്തിയ ടിബറ്റന്‍ നേതാക്കളുമായി ഈ മാധ്യമപ്രവര്‍ത്തകര്‍ ചര്‍ച്ച നടത്തിയതാണ് പുറത്താക്കല്‍ കാരണമെന്ന് വിദേശമന്ത്രാലയത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇന്ത്യ കാര്യങ്ങളെ സംശയത്തോടെയാണ് വീക്ഷിക്കുന്നതെന്നും ചൈനയുടെ വിസ ലഭിക്കാന്‍ അത്ര എളുപ്പമല്ലെന്ന് ചില ഇന്ത്യക്കാരെയെങ്കിലും അറിയിക്കുമെന്നും ചൈനീസ് പത്രം പറയുന്നു. ചൈനക്കാര്‍ക്ക് വിസ അനുവദിക്കുന്നതില്‍ ഇന്ത്യ എപ്പോഴും അനാവശ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ടെന്നും മുഖപ്രസംഗം പറയുന്നു. അതേസമയം ചൈനയില്‍ മാധ്യമപ്രവര്‍ത്തകരെ പുറത്താക്കുന്നത് പതിവാണ്. ആറു മാസം മുന്‍പ് ഉയ്ഗൂര്‍ മുസ്‌ലിംകളെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകനെ ചൈന പുറത്താക്കിയിരുന്നു. ചൈനയുടെ നയത്തിനു വിരുദ്ധമായി റിപ്പോര്‍ട്ട് ചെയ്‌തെന്ന് കുറ്റം ചുമത്തിയായിരുന്നു പുറത്താക്കല്‍. മാധ്യമപ്രവര്‍ത്തകന്റെ മാപ്പപേക്ഷയും അന്ന് ചൈന നിരസിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."