അപകടക്കെണിയായി ഗര്‍ത്തങ്ങള്‍; ജില്ലാ ആശുപത്രി റോഡില്‍ ഗതാഗതം ദുഷ്‌കരം
മാനന്തവാടി: ജില്ലാ ആശുപത്രി റോഡിലെ വന്‍ ഗര്‍ത്തങ്ങള്‍ വാഹനയാത്രക്കാര്‍ക്ക് അപകടക്കെണിയാകുന്നു. റോഡരികിലെ കുഴികള്‍ പതിവായി ഗതാഗത കുരുക്കിനും അപകടങ്ങള്‍ക്കും കാരണമാകുമ്പോഴും വിവിധ വകുപ്പുകള്‍ ഇതിന് പരിഹാരം കാണാതെ പരസ്പരം പഴിചാരുകയാണ്.
കുടിവെള്ള വിതരണത്തിനായി പൈപ്പുകള്‍ സ്ഥാപിക്കാനായി കുഴിച്ച കുഴികള്‍ ശരിയാവണ്ണം മൂടാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. കുഴി മൂടിയ ഭാഗങ്ങളിലെ മണ്ണ് മഴയത്ത് വന്‍തോതില്‍ ഒഴുകിപ്പോയതോടെയാണ് നഗരസഭ ഓഫിസ് മുതല്‍ പഴശ്ശികുടീരം വരെയുള്ള ഭാഗങ്ങളില്‍ വന്‍ കുഴികള്‍ രൂപപ്പെട്ടത്. ജില്ലാ ആശുപത്രി, പഴശ്ശികുടീരം, രജിസ്ട്രാര്‍ ഓഫിസ്, ബി.ആര്‍.സി എന്നിവിടങ്ങളിലേക്കെല്ലാം നിത്യേന ഈ റോഡിലൂടെ നിരവധി വാഹനങ്ങളാണ് കടന്നുപോകുന്നത്. മണ്ണെടുത്ത ഭാഗങ്ങളില്‍ വലിയ രീതിയിലുള്ള ചാലുകളാണ് രൂപപ്പെട്ടിരിക്കുന്നത്. ഇവിടങ്ങളില്‍ വാഹനങ്ങള്‍ കുടുങ്ങുന്നതാണ് ഗതാഗതകുരുക്കിന് കാരണമാകുന്നത്.
ആശുപത്രിയിലേക്കെത്തുന്ന ആംബുലന്‍സ് പോലും ഏറെ നേരം പതിവായി ഗതാഗത കുരുക്കില്‍പ്പെടാറുണ്ട്. എന്നാല്‍, ഗതാഗത കുരുക്ക് പതിവായിട്ടും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. കുഴികളില്‍ ഇരുചക്രവാഹനങ്ങള്‍ വീണ് അപകടങ്ങള്‍ സംഭവിക്കുന്നതും നിത്യസംഭവമാണ്.
മധ്യവേനലവധിക്കാലമായതിനാല്‍ പഴശ്ശികുടീരത്തിലേക്ക് ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ എത്തുന്നത് ഗതാഗതകുരുക്ക് ഇരട്ടിയാക്കുന്നു. കുടീരത്തിലേക്കുള്ള വഴിയിലെ സ്ലാബുകള്‍ തകര്‍ന്നത് സ്‌കൂള്‍ തുറക്കുന്നതോടെ സമീപത്തെ വിദ്യാലയത്തിലെ കുട്ടികള്‍ക്കും ദുരിതമായി മാറും.
കാല്‍നട യാത്രക്കാര്‍ക്കും റോഡിലെ കുഴികള്‍ ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്. കേബിള്‍ സ്ഥാപിക്കാനും കുടിവെള്ള വിതരണത്തിനും പൈപ്പുകള്‍ സ്ഥാപിക്കാന്‍ കുഴിക്കുന്നതുമായി ബന്ധപ്പെട്ട് പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ കുഴികള്‍ 24 മണിക്കൂറിനകം മൂടണമെന്ന് തീരുമാനിച്ചിരുന്നുവെങ്കിലും അതും പാലിക്കപ്പെട്ടിട്ടില്ല.
കുഴികള്‍ റോഡരികിലെ വ്യാപാരികള്‍ക്കും ബുദ്ധിമുട്ടുകള്‍ സൃഷ്ട്ടിക്കുകയാണ്. മഴ പെയ്യുമ്പോള്‍ ചെളി നിറഞ്ഞ വെള്ളവും അല്ലാത്ത സമയങ്ങളില്‍ പൊടി മൂലവും വ്യാപാര സ്ഥാപനങ്ങള്‍ പ്രയാസത്തിലാകുന്നു. റോഡ് തകര്‍ന്ന് കിടക്കുന്നത് ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പൊതുമരാമത്ത് വകുപ്പും വാട്ടര്‍ അതോറിയും പരസ്പരം പഴിചാരി ഒഴിഞ്ഞുമാറുകയാണ് ചെയ്യുന്നതെന്നും പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്നും നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."