സമഗ്രവും ശാസ്ത്രീയവുമായ പുനര്‍നിര്‍മാണം നടത്തും: മന്ത്രി എ.കെ ബാലന്‍
പാലക്കാട്: ഇനിയൊരു ദുരന്തത്തെ നേരിടാന്‍ കഴിയുംവിധമുള്ള സമഗ്രവും ശാസ്ത്രീയവുമായ പുനര്‍നിര്‍മാണമാണ് കേരളത്തില്‍ നടത്തുകയെന്ന് പട്ടികജാതി പട്ടികവര്‍ഗ പിന്നാക്കക്ഷേമ നിയമ സാംസ്‌കാരിക പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ. കെ ബാലന്‍ പറഞ്ഞു.
ഇതിനായി അന്താരാഷ്ട്ര ഏജന്‍സിയെ നിയോഗിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കണ്ടെത്തുന്നതിന്റെ ഭാഗമായി മന്ത്രിയുടെ നേതൃത്വത്തില്‍ ചിറ്റൂര്‍ താലൂക്കാഫിസില്‍ നടന്ന ധനസമാഹരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രക്ഷാപ്രവര്‍ത്തനവും പ്രളയത്തിന് ശേഷമുള്ള പുനരധിവാസവും മികച്ച രീതിയിലാണ് സംസ്ഥാനം പുനസംഘടിപ്പിച്ചത്. അടുത്ത ഘട്ടമായ പുനര്‍നിര്‍മാണത്തിനായി സംസ്ഥാനമൊട്ടാകെ നിര്‍ലോഭകരമായ സംഭാവനയാണ് ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ചിറ്റൂര്‍ താലൂക്കില്‍ ദുരന്തബാധിതരെ സഹായിക്കുന്നതിന്റെ ഭാഗമായി കൊടുവായൂര്‍ സ്വദേശി ആരപ്പത്തൂര്‍ വീട്ടിലെ എ.കെ നാരായണന്‍ എലവഞ്ചേരി ചെട്ടിത്തറ സ്വദേശിനി പി. ഇന്ദിരയ്ക്കും കൊടുവായൂര്‍ നവക്കോട് സ്വദേശി നാരായണനും വീട് നിര്‍മിച്ചു നല്‍കും. ഇതിനായുള്ള സമ്മതപത്രം അദ്ദേഹം മന്ത്രിക്ക് കൈമാറി. പരിപാടിയില്‍ പ്രളയത്തെക്കുറിച്ച് കവിതയെഴുതിയ വി.എ.എം.എച്ച്.എസ്.എസിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി നിവേദിതയെ മന്ത്രി അഭിനന്ദിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക നേരിട്ടെത്തിക്കുന്നതിനായി എസ്.ബി.ഐ, കാനറ, ഫെഡറല്‍ എന്നീ ബാങ്കുകളുടെ കൗണ്ടറുകള്‍ സജ്ജമാക്കിയിരുന്നു. ചിറ്റൂര്‍ എം.എല്‍.എ കെ. കൃഷ്ണന്‍ക്കുട്ടി അധ്യക്ഷനായി. നെന്മാറ എം.എല്‍.എ കെ.ബാബു, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി രാമക്കൃഷ്ണന്‍, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ധന്യ, എ.ഡി.എം ടി വിജയന്‍, ആര്‍.ഡി.ഒ പി കാവേരിക്കുട്ടി, ചിറ്റൂര്‍ തഹസില്‍ദാര്‍ വി.കെ രമ, ചിറ്റൂര്‍ തഹസില്‍ദാര്‍ (എല്‍.ആര്‍) കെ. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."