ബാലഭാസ്‌കറിന്റെ മരണം: ക്രൈംബ്രാഞ്ച് ലക്ഷ്മിയുടെ മൊഴിയെടുത്തു
പ്രകാശ് തമ്പി ബാലഭാസ്‌കറിന്റെ സ്റ്റാഫല്ലെന്ന് ലക്ഷ്മി
തിരുവനന്തപുരം: സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ മരണത്തെക്കുറിച്ചന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഭാര്യ ലക്ഷ്മിയില്‍നിന്ന് മൊഴിയെടുത്തു. തിരുമലയിലെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. ലോക്കല്‍ പൊലിസിനും ക്രൈംബ്രാഞ്ചിനും ആദ്യം നല്‍കിയ മൊഴിയില്‍ തന്നെ ലക്ഷ്മി ഉറച്ചുനിന്നു. അപകടസമയത്ത് കാറോടിച്ചത് ഡ്രൈവര്‍ അര്‍ജുന്‍ തന്നെയാണെന്ന് ലക്ഷ്മി ആവര്‍ത്തിച്ചു. ബാലഭാസ്‌കര്‍ പിറകിലെ സീറ്റില്‍ കിടന്നുറങ്ങുകയായിരുന്നു. അപകടം നടന്നപ്പോള്‍ തന്നെ ബോധം നഷ്ടമായിരുന്നു.
അത്യാവശ്യം ധരിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ മാത്രമേ കൈവശം ഉണ്ടായിരുന്നുള്ളൂ. പണമോ, ആഭരണങ്ങളോ നഷ്ടപ്പെട്ടിട്ടില്ല. ബാലഭാസ്‌കറിനോട് ആര്‍ക്കും വ്യക്തി വൈരാഗ്യമുള്ളതായി അറിവില്ല. ഡ്രൈവര്‍ അര്‍ജുന്റെ അമ്മായി ലതയുടെ കുടുംബവുമായി ബാലഭാസ്‌കറിന് അടുത്ത സൗഹൃദമുണ്ടായിരുന്നു. അവരുടെ ബിസിനസ് ആവശ്യത്തിന് പണം നല്‍കിയിരുന്നു. അത് രണ്ടു തവണയായി തിരിച്ചു കിട്ടുകയും ചെയ്തു. സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ പ്രകാശ് തമ്പി ബാലഭാസ്‌കറിന്റെ സ്റ്റാഫായിരുന്നില്ല. പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്നതിന് പ്രതിഫലം നല്‍കിയിരുന്നു. ആരുമായും വ്യക്തി വൈരാഗ്യമോ പകയോ ഉണ്ടായിരുന്നതായി അറിവില്ലെന്നും ലക്ഷ്മി മൊഴി നല്‍കി.
അപകടം നടന്ന് അല്‍പസമയത്തിന് ശേഷം ദുരൂഹ സാഹചര്യത്തില്‍ രണ്ടുപേര്‍ പോകുന്നത് കണ്ടുവെന്ന് വെളിപ്പെടുത്തിയ കലാഭവന്‍ സോബിനില്‍നിന്നും ക്രൈംബ്രാഞ്ച് മൊഴിയെടുക്കും. അപകട സമയത്ത് സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയ വര്‍ക്കല സ്വദേശി നന്ദുവില്‍നിന്നും ഇന്നലെ മൊഴിയെടുത്തു. അപകടമുണ്ടായ സമയത്ത് വിദേശത്തുനിന്നും എത്തി സ്വദേശമായ വര്‍ക്കലയിലേക്ക് പോകുകയായിരുന്നു നന്ദു. അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിന് ആദ്യം എത്തിയതും നന്ദു ആയിരുന്നു. അര്‍ജുന്‍ ആണ് അപകടസമയം ഡ്രൈവിങ് സീറ്റില്‍ ഉണ്ടായിരുന്നതെന്നാണ് ഇയാളുടെ മൊഴി.
ബാലഭാസ്‌കറുടെ മരണത്തില്‍ ഊര്‍ജിത അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണുമെന്ന് പിതാവ് സി.കെ ഉണ്ണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."