മൂവായിരം പുതിയ തസ്തികകള്‍ വരും
തിരുവനന്തപുരം: ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി ലയനം യാഥാര്‍ഥ്യമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ മൂവായിരത്തോളം അധ്യാപക, അനധ്യാപക തസ്തികകള്‍ ഇക്കൊല്ലം സൃഷ്ടിക്കപ്പെടും. ഇതില്‍ ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ രണ്ടായിരത്തോളം ഒഴിവാണ് ഉണ്ടാകുക. ക്ലര്‍ക്ക്, പ്യൂണ്‍, സ്വീപ്പര്‍ തസ്തികകളില്‍ ആയിരത്തില്‍പ്പരം ഒഴിവുകളും ഉണ്ടാകും.
836 എയ്ഡഡ് സ്‌കൂളുകളും 829 സര്‍ക്കാര്‍ സ്‌കൂളുകളും ഉള്‍പ്പെടെ സംസ്ഥാനത്ത് 1,665 ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളാണുള്ളത്. പുതിയ തസ്തികകളില്‍ പകുതിയിലും ഈ അധ്യയന വര്‍ഷം നിയമനം നടത്തുന്നതിന് എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ക്ക് അവസരം കൈവരും. പ്രായോഗിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത്, ഹയര്‍സെക്കന്‍ഡറി അധ്യാപക തസ്തികകളില്‍ ഇക്കൊല്ലം ഗസ്റ്റ് അധ്യാപകരെ നിയമിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍ അനധ്യാപക നിയമനങ്ങള്‍ക്ക് ഈ പ്രശ്‌നമില്ല. സ്‌കൂള്‍ മേധാവിയായ ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പലിന്റെ അധ്യാപന സമയം പുതിയ സംവിധാനത്തില്‍ വെട്ടിക്കുറയ്ക്കപ്പെടും. ഹയര്‍സെക്കന്‍ഡറി തലത്തില്‍ നിലവില്‍ ക്ലര്‍ക്ക്, പ്യൂണ്‍, ലൈബ്രേറിയന്‍, സ്വീപ്പര്‍ തസ്തികകളില്ല. ഹയര്‍സെക്കന്‍ഡറി വിഭാഗം കൂടി ഹൈസ്‌കൂളിന്റെ ഭാഗമാവുന്നതോടെ മൊത്തം കുട്ടികളുടെ എണ്ണം കണക്കാക്കിയാവും പുതിയ അനധ്യാപക തസ്തിക നിര്‍ണയവും.
ജൂണ്‍ ആറിന് സ്‌കൂളുകള്‍ തുറന്ന് ആറാമത്തെ അധ്യയന ദിനത്തില്‍ കുട്ടികളുടെ തലയെണ്ണലും അതിന്റെ അടിസ്ഥാനത്തില്‍ ജൂലൈ പതിനഞ്ചിനകം അധ്യാപക അനധ്യാപക തസ്തികകളുടെ നിര്‍ണയവും നടക്കും. അതോടെ, ഇക്കൊല്ലം വേണ്ടി വരുന്ന പുതിയ നിയമനങ്ങളുടെ ചിത്രം തെളിയും. ഹൈസ്‌കൂളുമായി ലയിക്കുന്ന ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മൊത്തം ഭരണത്തിന്റെയും ഹയര്‍സെക്കന്‍ഡറി അക്കാദമിക് തലത്തിന്റെയും ചുമതല ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പലിനാണ്. നിലവില്‍ ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ഒരാഴ്ചയില്‍ 16 മണിക്കൂര്‍ കുട്ടികളെ പഠിപ്പിക്കണം. ഇത് ആറ് മണിക്കൂറായി കുറയ്ക്കണമെന്നാണ് ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശ. അവശേഷിക്കുന്ന പത്ത് മണിക്കൂര്‍ ക്ലാസെടുക്കാന്‍ പുതിയ അധ്യാപകനെ നിയമിക്കേണ്ടി വരും. കുട്ടികള്‍ കൂടുതലുള്ള സ്‌കൂളുകളില്‍ അതിന് ആനുപാതികമായി പുതിയ തസ്തികകളുടെ എണ്ണവും കൂടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."