ഇത്തവണയും നിപായെ നമ്മള്‍ അതിജീവിക്കും
പനി ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥിക്ക് നിപായാണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ്. പൂനെ നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയെത്തുടര്‍ന്നാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ സംസ്ഥാനത്ത് നടത്തിയ പരിശോധനയില്‍ രോഗം നിപായാണെന്ന സംശയം ഉണ്ടായിരുന്നു.
വിദ്യാര്‍ഥി പഠിച്ചിരുന്ന തൊടുപുഴയിലെ വിദ്യാഭ്യാസ സ്ഥാപനത്തിലും തൊഴില്‍ പരിശീലനത്തിനു പോയ തൃശൂരിലും താമസിച്ചിരുന്ന സ്ഥലത്തും പരിസരപ്രദേശങ്ങളിലും ആരോഗ്യവകുപ്പ് ഇപ്പോള്‍ പരിശോധന നടത്തിവരികയാണ്. ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജയും ആരോഗ്യവകുപ്പും നിരന്തരം പറയുന്നുണ്ടെങ്കിലും സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിക്കുന്ന വ്യാജവാര്‍ത്തകള്‍ ജനങ്ങളില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടികളുണ്ടായാല്‍ മാത്രമേ ഇതുപോലുള്ള സോഷ്യല്‍ മീഡിയാ ദുരുപയോഗങ്ങള്‍ തടയാനാകൂ.
വിദ്യാര്‍ഥിയുടെ സഹപാഠികളില്‍ രണ്ടുപേരും ചികിത്സിച്ച രണ്ട് നഴ്‌സുമാരും ഇപ്പോള്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. രോഗത്തിനാവശ്യമായ മരുന്നും ഉണ്ട്. രോഗം ബാധിച്ച വിദ്യാര്‍ഥിയുടെ ഇപ്പോഴത്തെ നില തൃപ്തികരമാണെന്നും രോഗനിലയില്‍ പുരോഗതിയുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു. നിപാ ബാധിച്ചാല്‍ എല്ലാവരും മരിക്കണമെന്നില്ല. മരണസാധ്യതയുള്ള രോഗമായതിനാലാണ് മുന്‍കരുതലുകളും പ്രതിരോധ നടപടികളും ഊര്‍ജിതമാക്കുന്നത്. രോഗം പ്രത്യക്ഷപ്പെട്ട സ്ഥലത്തു മാത്രമേ ഇത്തരം നിരീക്ഷണങ്ങളുടെയും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെയും ആവശ്യം ഉണ്ടാകുന്നുള്ളൂ. ഇത്തരം പ്രദേശങ്ങളിലെ ജനങ്ങള്‍ ഭയത്തോടെ കഴിയേണ്ടതില്ല. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുക, വവ്വാലുകള്‍ കടിച്ചിട്ട പഴങ്ങള്‍ ഉപയോഗിക്കാതിരിക്കുക, ഭക്ഷണം കഴിക്കുംമുമ്പ് കൈകള്‍ സോപ്പിട്ട് കഴുകുക എന്നി മുന്‍കരുതലുകളാണ് ആരോഗ്യവകുപ്പ് അധികൃതര്‍ നല്‍കുന്നത്. ഈ നിര്‍ദേശങ്ങള്‍ യഥാവിധി പാലിക്കുക. മറ്റുള്ള പ്രചാരണങ്ങള്‍ തള്ളിക്കളയുകയാണ് വേണ്ടത്.
മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്കാണ് ഈ രോഗം പ്രധാനമായും പകരുന്നത്. പന്നികള്‍, ആട്, പൂച്ച എന്നിവയ്ക്ക് വവ്വാലുകള്‍വഴി രോഗം പകരാനുള്ള സാധ്യത ഏറെയാണ്. രോഗം പ്രത്യക്ഷപ്പെട്ട സ്ഥലങ്ങളില്‍ വവ്വാലുകളുടെ കൂട്ടങ്ങളെയോ പന്നി ഫാമുകളോ ഉണ്ടെങ്കില്‍ അവിടെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണ്. ഇത്തരം സ്ഥലങ്ങള്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തില്‍ കൊണ്ടുവരാന്‍ അവരുടെ ശ്രദ്ധയില്‍പെടുത്തേണ്ടതുണ്ട്. വവ്വാലുകളെ കൊന്നൊടുക്കുന്നത് ഒരിക്കലും നിപാരോഗ വ്യാപനം തടയാനുള്ള മാര്‍ഗവുമല്ല.
കൊച്ചിയിലെ രോഗിയുമായി ഇടപെട്ടിട്ടുള്ളവര്‍ 14 ദിവസത്തേക്ക് വീട്ടിനുള്ളില്‍നിന്ന് പുറത്തിറങ്ങരുതെന്ന് ഇതിനകംതന്നെ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിപാ വൈറസ് ബാധിച്ചാല്‍ മൂന്നു ദിവസം മുതല്‍ 13 ദിവസങ്ങള്‍ക്കകമാണ് ലക്ഷണങ്ങള്‍ പുറത്തേക്കു വരിക. പനിയും ശക്തിയായ തലവേദനയും ഛര്‍ദിയുമാണ് ലക്ഷണങ്ങള്‍. മലേഷ്യയിലും സിങ്കപ്പൂരിലുമാണ് നിപാ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ വര്‍ഷം കോഴിക്കോട്ടും രോഗം കണ്ടെത്തി. കഴിഞ്ഞ മാര്‍ച്ചില്‍ ബംഗ്ലാദേശിലും ഈ രോഗം പ്രത്യക്ഷപ്പെടുകയുണ്ടായി. പറയത്തക്ക മുന്‍കരുതലുകളോ പ്രതിരോധ പ്രവര്‍ത്തനങ്ങളോ ഇല്ലാഞ്ഞിട്ടുപോലും അഞ്ചു പേര്‍ മാത്രമാണ് ബംഗ്ലാദേശില്‍ മരിച്ചത്. രോഗവ്യാപനം തനിയെ ഇല്ലാതാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
കഴിഞ്ഞ വര്‍ഷം കോഴിക്കോട് രോഗം ബാധിച്ച 18 പേര്‍ക്കും രോഗം പകര്‍ന്നുകിട്ടിയത് സര്‍ക്കാര്‍ ആശുപത്രികളില്‍നിന്നായിരുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ അണുനിര്‍മാര്‍ജന സംവിധാനം ഇല്ലാത്തതിനാലായിരിക്കണം ഇങ്ങനെ സംഭവിച്ചത്.
കോഴിക്കോട്ടെ രോഗബാധിതരില്‍ തൊണ്ണൂറ് ശതമാനവും മരിക്കാന്‍ ഇടവന്നത് രോഗബാധയുടെ കാരണം കണ്ടെത്താന്‍ വൈകിയതിനാലായിരുന്നു. നിപാ വൈറസാണ് രോഗത്തിന് കാരണമെന്ന് കണ്ടെത്തിയപ്പോള്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ് ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുകയും ചെയ്തു. അതിനാല്‍ രോഗവ്യാപനം തടയാന്‍ കഴിഞ്ഞു. രോഗം ബാധിച്ച രണ്ടുപേര്‍ സുഖം പ്രാപിക്കുകയും ചെയ്തു.
രോഗം കണ്ടെത്തിയതിനെതുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ഇതിനെതിരേ നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങളും ചികിത്സാ പദ്ധതികളും ലോകശ്രദ്ധ പിടിച്ചുപറ്റുന്നതായിരുന്നു. കൊച്ചിയില്‍ വിദ്യാര്‍ഥിക്കുണ്ടായ നിപാ രോഗത്തിന്റെ ഉറവിടം ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇതിന്റെ ഉറവിടം കണ്ടെത്താനാണ് ഇപ്പോള്‍ ആരോഗ്യവകുപ്പ് അധികൃതര്‍ കഠിനാധ്വാനം ചെയ്തുകൊണ്ടിരിക്കുന്നത്.
വിദ്യാര്‍ഥി പഠിച്ച തൊടുപുഴയില്‍നിന്നല്ല രോഗത്തിന്റെ ഉത്ഭവമെന്ന് ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാര്‍ഥിക്ക് നിപാ രോഗമാണോ എന്ന സംശയം ഉണ്ടായപ്പോള്‍തന്നെ വലിയതോതിലുള്ള പ്രതിരോധ നടപടികളാണ് ഉണ്ടായത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സര്‍ക്കാരിന് പ്രതിപക്ഷത്തിന്റെ പൂര്‍ണസഹകരണം വാഗ്ദാനം ചെയ്തതും ഇതിനാലാകാം.
നിപാ രോഗത്തെക്കുറിച്ച് നേരത്തെ അറിവില്ലാത്തതിനാലും പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കൃത്യമായ വിവരമില്ലാത്തതിനാലുമാണ് കോഴിക്കോട്ട് ചിലരെങ്കിലും മരിച്ചത്. കൊച്ചിയില്‍ ഇപ്പോള്‍ കണ്ടെത്തിയ നിപാ രോഗത്തെക്കുറിച്ച് ഭയപ്പെടേണ്ടതില്ല. കഴിഞ്ഞ വര്‍ഷം ഈ രോഗത്തെ തടഞ്ഞുനിര്‍ത്തുന്നതില്‍ കോഴിക്കോട്ട് നടത്തിയ പ്രവര്‍ത്തന അനുഭവസമ്പത്ത് മുതല്‍കൂട്ടാണ്. ആരോഗ്യവകുപ്പ് നല്‍കുന്ന ഈ വിശദീകരണം മുഖവിലയ്‌ക്കെടുക്കുകയാണ് വേണ്ടത്.
പനിയും കടുത്ത തലവേദനയും ഛര്‍ദിയും വയറുവേദനയും ബോധക്ഷയവും വരുന്നുണ്ടെങ്കില്‍ എത്രയുംപെട്ടെന്ന് ചികിത്സ തേടണം. വവ്വാലുകള്‍ ഏതെങ്കിലും മരക്കൊമ്പുകളില്‍ തൂങ്ങിക്കിടക്കുന്നുണ്ടെങ്കില്‍ അവയെ കൊല്ലാന്‍ ശ്രമിക്കരുത്. എല്ലാ വവ്വാലുകളും രോഗവാഹകരല്ല. ജൂണ്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലമാണ് വവ്വാലുകളുടെ പ്രജനനകാലം. ഈ കാലയളവിനെക്കുറിച്ച് ഒരവബോധം ഉണ്ടാകുന്നത് ഉപകരിക്കും.
രോഗം ചികിത്സിച്ചു ഭേദമാക്കാവുന്നതേയുള്ളൂവെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നുണ്ട്. ശ്വാസകോശത്തില്‍ ബാധിക്കുന്നത് പോലുള്ള അപകടമല്ല തലച്ചോറിലെ വൈറസ് ബാധ. പകരാനുള്ള സാധ്യത തുലോം വിരളമാണ്. കൊച്ചിയിലെ വിദ്യാര്‍ഥിക്ക് തലച്ചോറിലാണ് രോഗം ബാധിച്ചത്.
ഈ രോഗം ബാധിച്ച് ലോകത്ത് ആകെ മരിച്ചത് 600 പേര്‍ മാത്രമാണ്. അതിനാല്‍ അനാവശ്യമായ ഭയാശങ്കകള്‍ ഒഴിവാക്കി ശുചിത്വം പാലിക്കുക എന്നതു തന്നെയാണ് കരണീയം. കോഴിക്കോട്ട് കഴിഞ്ഞ വര്‍ഷമുണ്ടായ സാഹചര്യമല്ല ഇപ്പോഴുള്ളത്. ഈ രോഗത്തെ എങ്ങനെ അതിജീവിക്കാമെന്നും എങ്ങനെ പ്രതിരോധിക്കാമെന്നും ആരോഗ്യവകുപ്പിനു തികഞ്ഞബോധ്യമുണ്ട്. ആ ബോധ്യത്തെ മാനിക്കുക. ഇത്തവണയും നിപായെ നമ്മള്‍ അതിജീവിക്കുക തന്നെ ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."