ചരിത്ര വക്രീകരണം നടത്തുന്നവരറിയാന്‍
ആദ്യമേ കേരളീയ ന്യൂനപക്ഷ ജനത സീതി സാഹിബിനോടുള്ള നന്ദിയും കടപ്പാടുമറിയിക്കട്ടെ. ആള്‍ ഇന്ത്യ മുസ്‌ലിം ലീഗ് സെക്രട്ടറിയും കേന്ദ്ര അസംബ്ലി പാര്‍ട്ടി ഉപനേതാവുമായിരുന്ന നവാബ് ലിയാഖത് അലിഖാന്‍ കോഴിക്കോട് ടൗണ്‍ മുസ്‌ലിം ലീഗ് ഓഫിസില്‍ ഒരു പ്രവര്‍ത്തക സമിതിയില്‍ സംബന്ധിച്ചു. അന്ന് എം.എസ്.എഫിന്റെ നേതാവായിരുന്ന സി.എച്ച് മുഹമ്മദ് കോയ കേരളീയ മുസല്‍മാന്റെ എല്ലാ മേഘലയിലുമുള്ള അവശതയെക്കുറിച്ച് പ്രസംഗിച്ചതിന്റെ രത്‌നച്ചുരുക്കം സത്താര്‍ സേട്ടു സാഹിബും കെ.എം സീതി സാഹിബും ലിയാഖത് അലിഖാനോട് വിശദീകരിച്ചു കൊടുത്തു. ഉടനെ അദ്ദേഹം സി.എച്ചിനെ വടക്കേ ഇന്ത്യയിലേക്ക് ക്ഷണിച്ചു. സീതി സാഹിബ് ലിയാഖത് അലിഖാന്റെ ക്ഷണം സി.എച്ചിന്റെ അനുമതിയോടെ വളരെ സ്‌നേഹത്തോടെ നിരസിച്ചു.
സി.എച്ച് അന്ന് ആ ക്ഷണം സ്വീകരിച്ച് പോയിരുന്നെങ്കില്‍ നാം ഇന്നും മറ്റുള്ളവന്റെ വിറകു വെട്ടികളും വെള്ളം കോരികളുമായി ഇന്നത്തെ വടക്കേ ഇന്ത്യന്‍ മുസല്‍മാന്റെ അവസ്ഥയുടെ തുടര്‍ പതിപ്പാവുമെന്നതില്‍ യാതൊരുവിധ സംശയവുമില്ല. അതുകൊണ്ടാണ് സീതി സാഹിബിനോട് ആദ്യമേ വലിയ കടപ്പാടും നന്ദിയും അറിയിച്ചത്. സീതി സാഹിബിന് സി.എച്ചിലെ നേതാവിനെ ദൂരേക്ക് കാണാന്‍ കഴിഞ്ഞിരുന്നു. അതുകൊണ്ടാണ് ലിയാഖത് അലിഖാന്റെ ക്ഷണം അദ്ദേഹം നിരസിച്ചത്.
സാമൂതിരി കോളജില്‍ സി.എച്ച് ഇന്റര്‍മീഡിയറ്റ് അവസാന വര്‍ഷ കെമിസ്ട്രിക്ക് പരാജയപ്പെട്ടപ്പോള്‍ വീണ്ടും എഴുതിയെടുത്തു പഠനം തുടരാന്‍ സയ്യിദു അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ നിര്‍ദേശിക്കുകയും സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തപ്പോള്‍ അതും വളരെ സ്‌നേഹത്തോടെനിരസിച്ചുകൊണ്ട് ജനസേവനത്തിന് ഇറങ്ങാന്‍ തീരുമാനിച്ചതായിരുന്നു കേരള മുസ്‌ലിം സമുദായത്തിന്റെ ഇന്നത്തെ വളര്‍ച്ചയുടെ വലിയ വഴിത്തിരിവായത്. അന്ന് അദ്ദേഹം സ്വന്തം പഠനകാര്യവുമായി മുന്നോട്ടു പോയിരുന്നെങ്കില്‍ ഒരുപക്ഷെ നമുക്ക് ഇങ്ങനെയൊരു നേതാവിനെ ലഭിക്കുമായിരുന്നില്ല .
'എന്നെ സംരക്ഷിക്കാന്‍ ബാഫഖി തങ്ങളെ പോലുള്ളവര്‍ ഉണ്ടായിരിക്കെ വരും തലമുറയിലെ മുസ്‌ലിം സമുദായത്തെ സഹായിക്കാന്‍ ആരുണ്ടാകും എന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന്റെ ഉത്തരമാണ് അദ്ദേഹം മരിച്ച് മുപ്പത്തി മൂന്നു വര്‍ഷം കഴിയുമ്പോള്‍ ഇന്ന് കേരള മുസല്‍മാന്‍ കൈവരിച്ച വിദ്യാഭ്യാസ മുന്നേറ്റവും പുരോഗതിയും. അതില്‍ ഒരു രാഷ്ട്രീയ എതിരാളിക്കും എതിരഭിപ്രായമുണ്ടാകില്ല. പക്ഷെ ഇന്ന് അങ്ങനെയൊരു നേതാവിന്റെ വിടവ് നികത്താന്‍ ഒരു പരിശ്രമവും ഇല്ലെന്നത് നമ്മുടെ കുറവ് മാത്രമാണ്. അത് നാം ഉള്‍ക്കൊള്ളേണ്ട യാഥാര്‍ഥ്യവുമാണ്.
എല്ലാ വര്‍ഷവും സെപ്റ്റംമ്പര്‍ മാസം ഇരുപത്തിയെട്ടു കഴിയുമ്പോള്‍ ഒരു നെടുവീര്‍പ്പോടെ 'എന്റെ സി. എച്ചിന്റെ കാലം' എന്ന് മാത്രം ഓര്‍ക്കാതെ ഒരു പുതിയ സി.എച്ചിനെ ഉള്‍ക്കൊള്ളാന്‍ നമ്മുടെ ഓരോരുത്തരുടെയും മനസിനെ പാകപ്പെടുത്തുക. അദ്ദേഹം കഠിനാധ്വാനം ചെയ്തു നമുക്ക് തന്ന വിദ്യാഭ്യാസത്തിന് നാം എന്ത് പകരം നല്‍കിയാലാണ് അദ്ദേഹത്തോടുള്ള കടപ്പാട് പൂര്‍ത്തിയാവുക. അദ്ദേഹം ശിലാസ്ഥാപനം നടത്തി പടുത്തുയര്‍ത്തിയ അതേ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടി സ്വന്തം ജീവിതം കരുപ്പിടിപ്പിക്കുമ്പോള്‍ എന്തെങ്കിലുമൊന്ന് താന്‍ നേടിയ അറിവുകൊണ്ട് സമുദായത്തിനും സമൂഹത്തിനും നല്‍കിയോ എന്നൊരു ആത്മ പരിശോധന നടത്തി സമുദായ സമൂഹ സേവനത്തിനുള്ള ഒരു ശ്രമമാകും സി.എച്ചിനോടുള്ള ഏറ്റവും വലിയ ആദരവ് എന്ന് തിരിച്ചറിയണം.
1967 ലെ ഇ.എം.എസ് മന്ത്രിസഭയില്‍ മുസ്‌ലിം ലീഗിന് ആദ്യമന്ത്രി സ്ഥാനം കിട്ടുമ്പോള്‍ മുസ്‌ലിം ലീഗിന് ചില വകുപ്പുകള്‍ കൊടുക്കാതിരിക്കാന്‍ ചില കോണുകളില്‍ കുതന്ത്രങ്ങള്‍ മെനയുമ്പോള്‍ മുസ്‌ലിം ലീഗ് ഏവരെയും ഞെട്ടിച്ച് ആവശ്യപ്പെട്ടത് വിദ്യാഭ്യാസവും പഞ്ചായത്ത് രാജുമായിരുന്നു. വിദ്യാഭ്യാസം ഏറ്റെടുത്തത് സി.എച്ചായിരുന്നു .
'ചാടല്ലേ ചാടല്ലേ ആറ്റിലേക്ക് ചാടല്ലേ' എന്ന് പലരും സി.എച്ചിനെ ഉപദേശിച്ചെങ്കിലും സി.എച്ച് ആറ്റിലേക്ക് ധൈര്യപൂര്‍വം എടുത്ത് ചാടുക തന്നെ ചെയ്തു . കാരണം അന്നുവരെ വിദ്യാഭ്യാസ വകുപ്പ് കുത്തഴിഞ്ഞ പുസ്തകം പോലെ കുഴഞ്ഞു മറിഞ്ഞു കിടക്കുകയായിരുന്നു. സി.എച്ച് ഏറ്റെടുത്തത് മുതല്‍ വിദ്യാഭ്യാസ വകുപ്പിന് ഒരു അടുക്കും ചിട്ടയും വന്നു. എന്റെ സമുദായത്തെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ വിദ്യയെന്ന വലിയ ആയുധംകൊണ്ട് മാത്രമേ സാധിക്കുകയുള്ളൂ എന്നദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. അല്ലെങ്കില്‍ അവരെന്നും ചൂഷിതരായി പോകുന്ന സമുദായം മാത്രമായിരിക്കുമെന്ന് അറിഞ്ഞാണ് അദ്ദേഹം വിദ്യാഭ്യാസ വകുപ്പ് തന്നെ തെരഞെടുക്കാനുള്ള കാരണം.
സ്ത്രീ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് ആദ്യമായി സ്‌കോളര്‍ഷിപ് നടപ്പിലാക്കി. കേരള നിയമസഭയില്‍ കൊണ്ടുവന്ന ഒരു അടിയന്തിര പ്രമേയം അദ്ദേഹത്തിന്റെ ദീര്‍ഘ വീക്ഷണത്തെ തെളിയിക്കുന്നതായിരുന്നു. മദിരാശി ഗവണ്‍മെന്റ് 1952 ല്‍ നടപ്പിലാക്കിയ ആരാധനാലയങ്ങളുടെ നവീകരണത്തിന് കലക്ടര്‍മാരുടെ അനുവാദം വാങ്ങണമെന്ന നിയമം പിന്‍വലിക്കണമെന്നായിരുന്നു അടിയന്തിര പ്രമേയം . അല്ലെങ്കില്‍ വളര്‍ന്നു വരുന്ന സമൂഹത്തില്‍ ഒരു പള്ളി പുതുക്കി പണിയുന്നതിനുവരെ ഈ നിയമം തടസമാകും. ഇതിന്റെ മറ്റൊരു വശം സി.എച്ച് കണ്ടത് ഇങ്ങനെയാണ്. ഇത്തരം ഒരു നിയമം സമുദായങ്ങള്‍ക്കിടയില്‍ അകല്‍ച്ച കൂട്ടാന്‍ സാധ്യതയുണ്ട് എന്നതായിരുന്നത്. അത്തരം അകല്‍ച്ചകള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ഈ നിയമം എടുത്തു കളയുന്നതോടെ ഇല്ലാതാകുമെന്ന് സി. എച്ച് ഉറപ്പിച്ചു പറയുന്നു. അദ്ദേഹം അന്ന് കണ്ട ദീര്‍ഘ വീക്ഷണം ഇന്ന് നാം സുന്ദരമായി അനുഭവിക്കുന്നു എന്ന് തിരിച്ചറിയുക. ഇവിടെയാണ് നാം ഓരോരുത്തരും സി.എച്ചിനെ ഒന്നുകൂടി ആഴത്തില്‍ ഉള്‍ക്കൊളേളണ്ടത്.
സമൂഹത്തിന്റെയും ന്യൂനപക്ഷ സമുദായത്തിന്റെയും സര്‍വ മേഖലയിലുമുള്ള പുരോഗതിക്കും സി. എച്ച് തന്റെ നാവും പേനയും ഒരുപോലെ ചലിപ്പിച്ചു. രാഷ്ട്രീയമായും സാമൂഹികമായും പലരും അദ്ദേഹത്തിന്റെ മാര്‍ഗ്ഗത്തില്‍ തടസ്സം നിന്നപ്പോള്‍ ഉരുളക്കുപ്പേരിയെന്നോണം മറുപടിയും നല്‍കിയിട്ടുണ്ട്. സി.എച്ചിന്റെ പ്രസംഗ പാടവം വളരെയധികം ശ്രദ്ധേയമാണ് . അതിലുപരി അദ്ദേഹത്തിന്റെ എഴുത്തും സമുദായത്തിന് ഏറെ സഹായം ചെയ്തു എന്നത് ഒരു സമുദായവും ഒരിക്കലും വിസ്മരിക്കില്ല. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിനു പോലും സി.എച്ച് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ഒരിക്കല്‍ മറുപടി നല്‍കിയിട്ടുണ്ട്.
1961 ല്‍ കോണ്‍ഗ്രസുകാര്‍ മുസ്‌ലിം ലീഗ് വിരോധം വളരെയധികം പ്രകടിപ്പിച്ച സാഹചര്യത്തിലായിരുന്നത്. നെഹ്രുവിന്റെ കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി സി.എച്ച് ചന്ദ്രികയില്‍ അദ്ദേഹത്തിനുള്ള ഒരു വരവേല്‍പ്പും കൂട്ടത്തില്‍ അല്‍പ്പം വിമര്‍ശിച്ചും ഒരു മുഖ പ്രസംഗം എഴുതുകയുണ്ടായി. ചില കോണ്‍ഗ്രസുകാരത് പണ്ഡിറ്റ്ജിക്ക് തര്‍ജ്ജമ ചെയ്തു കൊടുത്തത് അല്‍പ സ്വല്‍പം മായം ചേര്‍ത്ത പരുവത്തിലായിരുന്നു.
അത് വിശ്വസിച്ച നെഹ്‌റു സ്റ്റേജില്‍ മുസ്‌ലിം ലീഗിനെതിരെ ആഞ്ഞടിച്ചു .
'മുസ്‌ലിം ലീഗ് ചത്ത കുതിരയാണെന്നും വര്‍ഗ്ഗീയ പാര്‍ട്ടിയാണെന്നും 'പരിഹസിച്ചു.ഇതിന് മറുപടിയായാണ് സി.എച്ച് പിറ്റേന്നു മുതല്‍ മൂന്നു ദിവസം തുടര്‍ച്ചയായിചന്ദ്രികയില്‍ മുഖപ്രസംഗമെഴുതിയത്.
മുസ്‌ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്നും മതേതര ജനാധിപത്യ പാര്‍ട്ടിയാണെന്നും സി. എച്ച് യുക്തിഭദ്രമായി അവതരിപ്പിച്ചു. മാത്രമല്ല അതിന്റെ ഒരു ഇംഗ്ലീഷ് തര്‍ജ്ജമ നെഹ്‌റുവിന് സി.എച്ച് അയച്ചുകൊടുക്കുകയും ചെയ്തു .പിന്നീട് പൊന്നാനി കടപ്പുറത്തുവച്ച് ആരുമന്ന് എതിര്‍ത്ത് പറയാത്ത രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിക്ക് ചുട്ട മറുപടിയും നല്‍കി.
'മുസ്‌ലിം ലീഗ് ഒരു ചത്ത കുതിരയല്ലെന്നും,
ഉറങ്ങിക്കിടക്കുന്ന സിംഹമാണെന്നുമായിരുന്നു' മറുപടി. നെഹ്‌റുപോലും ഇത് തീരെ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.
മാത്രമല്ല കോണ്‍ഗ്രസുമായി സ്വരചേര്‍ച്ച ഇല്ലാതായപ്പോള്‍ മുസ്‌ലിം ലീഗ് കോണ്‍ഗ്രസുമായുള്ള ബന്ധം ഒഴിവാക്കുകയും ചെയ്തു. സി.എച്ച് തന്റെ സ്പീക്കര്‍ പദവി നല്ല അനുസരണയുള്ള അനുയായി മാറി വലിച്ചെറിഞ്ഞു പോന്നു. എന്നും സി.എച്ച് അങ്ങനെയായിരുന്നു. ഒരു സിംഹത്തിന്റെ ശൗര്യം അദ്ദേഹത്തിന്റെ എല്ലാ പ്രവര്‍ത്തിയിലും സമീപനങ്ങളിലും പ്രകടിപ്പിക്കുമായിയുന്നു. ലീഗ് എതിരാളികള്‍ക്ക് എന്നും ഗര്‍ജ്ജിക്കുന്ന സിംഹം തന്നെയായിരുന്നു അദ്ദേഹം. മുസ്‌ലിം ലീഗിന്റെ ഉയര്‍ച്ച ഇന്നത്തെ രാഷ്ട്രീയ സാഹചര്യം നോക്കിയാലും മനസിലാകും .
വെറും ഇരുപത്തിനാലു സീറ്റില്‍ മത്സരിച്ച ലീഗിന് നഷ്ടപ്പെട്ടത് ആറ് സീറ്റു മാത്രം . മറിച്ച് കോണ്‍ഗ്രസിന്റെ സീറ്റുകള്‍ പരിശോധിച്ചാല്‍ അവരുടെ ഇന്നത്തെ ദുര്‍ബലാവസ്ഥ കൂടുതല്‍ വ്യക്തമാകും. അന്യായങ്ങളോടുള്ള സി.എച്ചിന്റെ പ്രതികരണം സ്‌കൂള്‍തലം തൊട്ടേ ഉള്ളതാണ് .
സീതി സാഹിബിന്റെ മരണശേഷം സ്പീക്കര്‍ സ്ഥാനം ഏറ്റെടുത്ത് നിയമസഭ സാമാജികനായ സി.എച്ച് പിന്നീടങ്ങോട്ട് മരണംവരെ സഭാ സാമാജികനായിരുന്നു. ഇതില്‍ പത്തു വര്‍ഷം ലോക്‌സഭാ സാമാജികനുമായിരുന്നു. മരിക്കുമ്പോള്‍ ഉപമുഖ്യമന്ത്രിയായിരുന്നു.സി.കെ (ചെറിയാറം കണ്ടി) മുഹമ്മദ് കോയ എന്ന് എഴുതിയതിനു പകരം 'സി.എച്ച് മുഹമ്മദ് കോയ ' എന്ന് പിശക് പറ്റിയ ഈസക്കുട്ടി മാസ്റ്റര്‍ക്ക് ലോകം എന്നും ഓര്‍ക്കുന്ന ഒരു നേതാവിനെ സമ്മാനിച്ചത് ദൈവ നിശ്ചയം. ആദ്യ മന്ത്രിപദം ഏറ്റെടുത്തു നടപ്പാക്കിയത് സ്‌കൂളുകളിലും കോളജുകളിലും അറബി ഭാഷയുടെ പഠനവും, അറബി അധ്യാപകരുടെ ക്ഷേമവുമായിരുന്നു. 'എന്റെ സമുദായത്തിന്റെ അവകാശത്തിലെ ഒരുതരി പോലും വിട്ടു തരില്ലെന്നും മറിച്ച് മറ്റുള്ളവരുടെ അവകാശം നേടിക്കൊടുക്കുമെന്നും 'പ്രഖ്യാപിച്ച സി.എച്ച് എല്ലാവരാലും സ്വീകാര്യനായിരുന്നു.
ഇ.കെ നായനാരും സി അച്യുതമേനോനും അദ്ദേഹത്തെ പ്രശംസിച്ചത് ഈ സ്വീകാര്യതകൊണ്ട് മാത്രമാണ്. ഒരെഴുത്തുകാരനെന്ന നിലയില്‍ എം.ടിയുമായും, വൈക്കം മുഹമ്മദ് ബഷീറുമായുമൊക്കെ നല്ല ബന്ധമായിരുന്നു സി.എച്ചിന് ഉണ്ടായിരുന്നത്. മതേതരത്വം വളരെ നന്നായി കൊണ്ടുപോകാനും സാധിച്ചുവെന്നതാണ് സി.എച്ചിനെ മറ്റുള്ളവരില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്ന പ്രധാന ഘടകം. ലീഗ് രാഷ്ട്രീയ സമുദായ വഴിയില്‍ ഒരുപാടു പ്രഗല്‍ഭരെ പിന്നീട് കണ്ടെങ്കിലും സി.എച്ചിനോളം ഉന്നതിയിലേക്കുയര്‍ന്നവര്‍ ഇല്ലെന്നതാണ് യാഥാര്‍ഥ്യം. അതിലേക്കെത്താനുള്ള യാത്രയാവട്ടെ നമ്മുടെ ജീവിതമെന്നാശംസിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."