കെജ്‌രിവാളിനെതിരേ പുതിയ ആരോപണവുമായി കപില്‍ മിശ്ര
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും പാര്‍ട്ടി നേതൃത്വത്തിനുമെതിരേ പുതിയ ആരോപണങ്ങളുമായി മുന്‍ മന്ത്രി കപില്‍ മിശ്ര. ആം ആദ്മി പാര്‍ട്ടിക്കും കെജ്‌രിവാളിനുമെതിരേ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ് മിശ്ര ഉന്നയിച്ചത്.
കഴിഞ്ഞ ദിവസം സ്വന്തം വസതിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് മിശ്ര പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയത്. അതിനിടെ വാര്‍ത്താ സമ്മേളനത്തിനിടെ ബോധരഹിതനായ മിശ്രയെ ഡല്‍ഹി രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എ.എ.പിക്കെതിരേ അഴിമതി ആരോപണത്തിന്റെ ഭാഗമായി മിശ്ര സ്വന്തം വസതിയില്‍ നടത്തിവന്ന നിരാഹാര സമരം ഇന്നലെ അഞ്ചാം ദിവസത്തിലേക്ക് പ്രവേശിച്ചിരുന്നു. അദ്ദേഹത്തെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചത്. മിശ്ര സാധാരണ നിലയിലേക്ക് മടങ്ങിവരുന്നതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിന്‍ മന്ത്രിസ്ഥാനത്തിനായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയിലെത്തി രണ്ട് കോടി രൂപ നല്‍കിയതായാണ് പുതിയ വെളിപ്പെടുത്തല്‍. മറ്റൊരു എ.എ.പി നേതാവിന്റെ കുടുംബാംഗത്തിന് 50 കോടി രൂപയുടെ കരാര്‍ തരപ്പെടുത്തി നല്‍കിയെന്നും ജെയിനിനെതിരേ ആരോപണമുണ്ട്. പാര്‍ട്ടിയിലെ മറ്റു സാമ്പത്തിക ക്രമക്കേടുകളും പുതിയ വെളിപ്പെടുത്തലില്‍ മിശ്ര ഉന്നയിച്ചിട്ടുണ്ട്.
മോശം പ്രകടനം ആരോപിച്ച് കഴിഞ്ഞ ആഴ്ചയാണ് കപില്‍ മിശ്രയെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കിയത്. ഡല്‍ഹി മുനിസിപ്പില്‍ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ ഉടലെടുത്ത ഭിന്നതയുടെ ഭാഗമായാണ് ശര്‍മയും പാര്‍ട്ടിയില്‍നിന്ന് പുറത്തായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."