'ജനാധിപത്യത്തിന്' ഏറ്റവും കൂടുതല്‍ പണമൊഴുക്കി ഇന്ത്യ
ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ തെരഞ്ഞെടുപ്പ് ചെലവിലും മുന്നില്‍. കോടിക്കണക്കിനു രൂപ രാജ്യം ഈ തെരഞ്ഞെടുപ്പില്‍ ചെലവഴിച്ചുവെന്നാണ് ഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസ് നടത്തിയ പഠനത്തിലെ കണ്ടെത്തല്‍.
ഇത്തവണ തെരഞ്ഞെടുപ്പിന്റെ ആകെ ചെലവ് 60,000 കോടിയിലേക്ക് എത്തിയിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആകെ ചെലവ് 30,000 കോടിയായിരുന്നു. ഇത്തവണ ഇത് ഇരട്ടിച്ചുവെന്നത് ശ്രദ്ധേയമാണ്.
രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലും നടത്തിയ സാംപിള്‍ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനം. വിവിധ സംസ്ഥാനങ്ങളിലെ നിയോജക മണ്ഡലങ്ങളില്‍ നിന്നുള്ള വിവരശേഖരണ കണക്കുകള്‍ സൂചിപ്പിക്കുന്നത് ഒരു വോട്ടര്‍ക്ക് 700 രൂപ എന്ന നിലയില്‍ ഒരു മണ്ഡലത്തില്‍ ശരാശരി 100 കോടി രൂപ വരെ ചെലവഴിച്ചിട്ടുണ്ടെന്നാണ് രേഖകള്‍ പറയുന്നത്.
ജമൈക്കയിലെ മൊത്തം ജനസംഖ്യയേക്കാള്‍ കൂടുതല്‍ വോട്ടര്‍മാരുള്ള മണ്ഡലങ്ങള്‍ ഇന്ത്യയിലുണ്ട്. ശരാശരി മൂന്ന് കോടി വോട്ടര്‍മാര്‍ വരെയാണ് ഇത്തരം മണ്ഡലങ്ങളിലുള്ളത്. പ്രചാരണം, യാത്രസൗകര്യങ്ങള്‍, മറ്റു ചെലവുകള്‍ എന്നിവയ്ക്കു പുറമേ വോട്ടര്‍മാര്‍ക്ക് കോഴ നല്‍കാനും സ്ഥാനാര്‍ഥി പണം ചെലവാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇങ്ങനെപോയാല്‍ 2024 ലെ തെരഞ്ഞെടുപ്പ് ചെലവ് മൂന്ന് ലക്ഷം കോടി കടന്നേക്കുമെന്നു സി.എം.എസ് ചെയര്‍മാന്‍ എന്‍. ഭാസ്‌കര റാവു പറഞ്ഞു.
'രാജ്യത്തെ എല്ലാ അഴിമതികളുടെയും മാതൃത്വം തെരഞ്ഞെടുപ്പ് ചെലവുകളാണ്. അതിനെ കൃത്യമായി അഭിമുഖീകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നമ്മുടെ രാജ്യത്തുള്ള അഴിമതിയെ ഒരിക്കലും തുടച്ചുനീക്കാനാകില്ല'- റാവു പറഞ്ഞു.
2016 ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ചെലവായത് ഏകദേശം 6.5 ബില്യന്‍ ഡോളര്‍ (45,000 കോടി രൂപ) ആണ്. അമേരിക്കയുടെ രാഷ്ട്രീയ കണക്കുകള്‍ രേഖപ്പെടുത്തുന്ന ഓപ്പണ്‍സീക്രട്‌സ് എന്ന സൈറ്റാണ് ഇത് പുറത്തുവിട്ടത്. തെരഞ്ഞെടുപ്പ് ചെലവില്‍ അമേരിക്കയേയും ഇന്ത്യ മറികടന്നുവെന്നാണ് ഈ കണക്ക് സൂചിപ്പിക്കുന്നത്.
ബി.ജെ.പി ചെലവിട്ടത് 27,000 കോടി
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പണാധിപത്യത്തിനും വലിയ പങ്ക്. പണത്തിന്റെ കുത്തൊഴുക്കിലൂടെ അധികാരം പിടിക്കുകയാണെന്ന പ്രതിപക്ഷ ആരോപണത്തെ ശരിവയ്ക്കുന്നതാണ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ചെലവഴിച്ച പണത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഇത്തവണ മൊത്തം ചെലവിന്റെ 45 ശതമാനവും ചെലവഴിച്ചത് ബി.ജെ.പിയാണ്.
അവര്‍ 27,000 കോടിക്കടുത്താണ് ചെലവഴിച്ചതെന്നാണ് സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസ് പറയുന്നത്.
1998ല്‍ ബി.ജെ.പി തെരഞ്ഞെടുപ്പിനായി ചെലവഴിച്ചത് 20 ശതമാനം തുകയായിരുന്നു. 2019 ആയപ്പോഴേക്കും ഇത് 45 ശതമാനമായി ഉയര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."