ബോയിങ് 737 മാക്‌സ് വിമാനങ്ങളില്‍ കൂടുതല്‍ സുരക്ഷാപ്രശ്‌നങ്ങള്‍ കണ്ടെത്തി
വാഷിങ്ടണ്‍: ബോയിങ് 737 മാക്‌സ് വിമാനങ്ങളിലും അതിന്റെ മുന്‍തലമുറയില്‍പെട്ട വിമാനങ്ങളിലും അമേരിക്ക കൂടുതല്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ കണ്ടെത്തി.
മുന്നൂറോളം 737 മാക്‌സ് വിമാനങ്ങള്‍ പരിശോധിക്കാന്‍ വിമാന കമ്പനികളോട് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ നിര്‍ദേശിച്ചിരുന്നു. തുടരെ അപകടങ്ങള്‍ ഉണ്ടായതോടെ ബോയിങ് 737 മാക്‌സ് വിമാനങ്ങള്‍ മാര്‍ച്ചില്‍ സര്‍വിസ് അവസാനിപ്പിച്ചിരുന്നു. എത്യോപ്യന്‍ എയര്‍ലൈന്‍സ്, ലയണ്‍ എയര്‍ അപകടങ്ങളില്‍ മാത്രം ഈ വര്‍ഷം 346 പേരാണ് മരണപ്പെട്ടത്. 2 ദുരന്തങ്ങളും 737 മാക്‌സ് വിമാനങ്ങളിലെ നിയന്ത്രണ സോഫ്റ്റ്‌വെയറിന്റെയും സെന്‍സറുകളുടെയും തകരാര്‍ മൂലമാണെന്ന് വിമാനനിര്‍മാണ കമ്പനി അംഗീകരിച്ചിരുന്നു. എന്നാല്‍ വിമാനത്തിന്റെ ചിറകുകളടക്കം പല ഭാഗങ്ങളും ശരിയായ രീതിയിലല്ല നിര്‍മിച്ചിരിക്കുന്നതെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ഇരുപത് 737 മാക്‌സ് വിമാനങ്ങളില്‍ മാത്രമാണ് പ്രശ്‌നങ്ങള്‍ ഉള്ളതെന്ന് ബോയിങ് വിശദീകരിക്കുന്നു. 159 വിമാനങ്ങള്‍ കൂടി പരിശോധിക്കും. കൂടാതെ, മുന്‍കാല മോഡലായ 737 എന്‍.ജി വിമാനങ്ങളില്‍ 133 എണ്ണവും പരിശോധിക്കുമെന്നും കമ്പനി പറയുന്നു.
737 മാക്‌സ് 8 മോഡല്‍ വിമാനങ്ങള്‍ക്ക് എല്ലാ രാജ്യങ്ങളും പറക്കല്‍ അനുമതി നിഷേധിച്ചിരിക്കുകയാണിപ്പോള്‍. മാര്‍ച്ചില്‍ ഒറ്റ ഓര്‍ഡര്‍ പോലും 737 മാക്‌സിന് ലഭിച്ചിട്ടില്ലെന്ന് ബോയിങ്ങിന്റെ വില്‍പനക്കണക്കുകള്‍ വ്യക്തമാക്കുന്നു. 737 ശ്രേണിയിലെ മറ്റു മോഡലുകളുടെ കച്ചവടവും കുത്തനെ ഇടിയുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."