ഇടയ പീഡനം: സമരം ഒരാഴ്ച പിന്നിട്ടു
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എറണാകുളം ഹൈക്കോടതി ജങ്ഷനില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ ഐക്യദാര്‍ഢ്യവുമായി യുവാക്കളും വിദ്യാര്‍ഥികളും.
ഇന്നലെ യുവാക്കള്‍ക്കായി മാറ്റിവച്ച ദിനമായിരുന്നിട്ടും സാമൂഹിക, സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ ഐക്യദാര്‍ഢ്യവുമായെത്തി. എന്തുകൊണ്ടാണ് ബിഷപ്പിനെ അറസ്റ്റു ചെയ്യാത്തതെന്ന് അറിയണമെന്ന് മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് ലതികാ സുഭാഷ് പറഞ്ഞു. പീഡകരെ സംരക്ഷിക്കുന്ന സര്‍ക്കാരിനെതിരേ സെക്രട്ടറിയേറ്റിന് മുന്നില്‍ 18ന് ധര്‍ണ നടത്തുമെന്നും അവര്‍ പറഞ്ഞു.
കന്യാസ്ത്രീകള്‍ക്ക് സഭയിലും ഭരണകൂടത്തിലും പൊലിസിലുമുള്ള വിശ്വാസം നഷ്ടമായിരിക്കുകയാണെന്ന് സാമൂഹിക പ്രവര്‍ത്തക വി.പി സുഹറ പറഞ്ഞു. നടനും സംവിധായകനുമായ മധുപാല്‍, നടന്‍ കുമരകം രഘുനാഥ്, കലാമണ്ഡലം മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. കെ.ജി പൗലോസ്, ഫാ. അഗസ്റ്റിന്‍ വട്ടോളി, ദലിത് ആക്ടിവിസ്റ്റ് ധന്യ രാമന്‍, ചിത്രകാരന്‍ സത്യപാല്‍, യുവജനവേദി, എം.സി.പി.ഐ യുനൈറ്റഡ്, ഹ്യുമന്‍ റൈറ്റ്‌സ് ഫെഡറേഷന്‍, ജീസസ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി, ആദിവാസി ദലിത് പ്രൊട്ടക്ഷന്‍ മൂവ്‌മെന്റ്, പുരോഗമന കലാ സാഹിത്യ സംഘം എന്നിവയുടെ പ്രതിനിധികള്‍ സമരപ്പന്തലിലെത്തി. വൈകിട്ട് അഞ്ചോടെ വഞ്ചി സ്‌ക്വയറിന് മുന്നില്‍ കന്യാസ്ത്രീയുടെ പ്രതീകാത്മക ചിത്രവും പിടിച്ച് അറസ്റ്റ് ഫ്രാങ്കോ, സേവ് ഔര്‍ സിസ്റ്റര്‍ എന്ന മുദ്രാവാക്യവുമായി സമരത്തിനെത്തിയവര്‍ റോഡിലിറങ്ങി.
സമരം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ച സമരപ്പന്തലില്‍ ആലോചനാ യോഗം നടത്തുമെന്ന് ഫാ. അഗസ്റ്റിന്‍ വട്ടോളി പറഞ്ഞു. ഇന്ന് എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരും കന്യസ്ത്രീകളും സമരത്തില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."