പ്രവാചക കാർട്ടൂൺ: അപലപിച്ച് സഊദി അറേബ്യയും മുസ്‌ലിം വേൾഡ് ലീഗും രംഗത്ത്
റിയാദ്: പ്രവാചകൻ മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തി കാർട്ടൂൺ നിർമ്മിക്കുകയും ഭീകരവാദവുമായി ഇസ്‌ലാമിനെ ബന്ധപ്പെടുത്തുകയും ചെയ്യുന്ന ഭീകരമായ പ്രവണതയെ സഊദി അറേബ്യയും ഇസ്‌ലാമിക് വേൾഡ് ലീഗും അപലപിച്ചു. ഇത്തരം നീക്കങ്ങളെ സഊദി അറേബ്യ നിരാകരിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇസ്‌ലാമിനെ ഭീകരതയുമായി ബന്ധിപ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും പ്രവാചകന്റെ കാർട്ടൂൺ വരച്ച് ചിദ്രത വരുത്താനുള്ള ശ്രമങ്ങളെയും സഊദി അറേബ്യ ശക്തമായി അപലപിക്കുന്നതായും സഊദി വിദേശ കാര്യ മന്ത്രാലയം പുറത്ത് വിട്ട പ്രസ്‌താവനയിൽ വ്യക്തമാക്കി.
സംഭവത്തിൽ മുസ്‌ലിം വേൾഡ് ലീഗും രംഗത്തെത്തി. ഞങ്ങൾ നിയമാനുസൃതമായ സ്വാതന്ത്ര്യത്തിന് എതിരല്ല, മറിച്ച് ആ സ്വാതന്ത്ര്യങ്ങളെ ഭൗതിക നേട്ടത്തിനായി ഉപയോഗിക്കുന്നതിനും അവയുടെ മൂല്യത്തെ ദുർബലപ്പെടുത്തുന്നതിനും ഞങ്ങൾ എതിരാണ്. വിദ്വേഷത്തിന്റെയും വർഗ്ഗീയതയുടെയും അനന്തരഫലങ്ങൾ വ്യാപിപ്പിക്കുന്നതിനും ഞങ്ങൾ എതിരാണെന്നും മുസ്‌ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ മുഹമ്മദ് അൽ ഈസ വ്യക്തമാക്കി.
പ്രവാചകനെ അധിക്ഷേപിക്കുന്ന കാർട്ടൂണുകൾ ഉപേക്ഷിക്കാൻ തയാറാകാതിരിക്കുകയും മുസ്‌ലിംകളെ വിമർശിക്കുകയും ചെയ്ത ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിന്റെ പ്രസ്താവനയിൽ അറബ്, മുസ്‌ലിം ലോകത്ത് കനത്ത പ്രതിഷേധമാണ് ഉയരുന്നത്. ഫ്രഞ്ച് അധ്യാപകൻ സാമുവൽ പാറ്റിയെ നിഷ്ഠുരമായി വധിച്ച സംഭവത്തെ മുസ്‌ലിം ലോകം അതിശക്തമായി എതിർക്കുന്നതിനിടെ ഇക്കാര്യത്തിൽ ഫ്രാൻസ് പ്രസിഡസിന്റ് ഇമ്മാനുവേൽ മാക്രോൺ കൈകൊണ്ട നിലപാടിനെതിരെയാണ് മുസ്‌ലിം ലോകം രംഗത്തെത്തിയിരിക്കുന്നത്. ഇസ്‌ലാമിനെ വിമർശിക്കാനും മുസ് ലിംകൾക്കെതിരെ വിദ്വേഷ പ്രചാരണത്തിനുമാണ് ഫ്രഞ്ച് പ്രസിഡന്റ് അവസരം ഉപയോഗപ്പെടുത്തുന്നതെന്ന ആക്ഷേപമാണ് ഉയർന്നത്.
സംഭവത്തിൽ ഫ്രാൻസ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കണമെന്നതടകമുള്ള ആഹ്വാനങ്ങൾ അറബ് ലോകത്ത് ശക്തമാണ്. വിവിധ രാജ്യങ്ങൾ ഫ്രഞ്ച് ഉൽപ്പന്ന ബഹിഷ്‌കരണവുമായി രംഗത്തെത്തിയിട്ടുണ്ട്. പലയിടങ്ങളിലും ഫ്രഞ്ച് ഉൽപ്പന്നങ്ങൾ സ്ഥാപനങ്ങളിൽ നിന്നും നീക്കം ചെയ്‌ത ഫോട്ടോകളും വീഡിയോകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."