സ്ത്രീധന പീഡനം: ഉടന്‍ അറസ്റ്റ് പാടില്ലെന്ന ഉത്തരവ് സുപ്രിംകോടതി ഭേദഗതിചെയ്തു
ന്യൂഡല്‍ഹി: സ്ത്രീധന പീഡന പരാതികളില്‍ ഭര്‍ത്താവിനെയും അദ്ദേഹത്തിന്റെ വീട്ടുകാരെയും ഉടന്‍ അറസ്റ്റ്‌ചെയ്യരുതെന്ന മുന്‍ ഉത്തരവ് സുപ്രിംകോടതി ഭേദഗതി വരുത്തി. പരാതി ലഭിച്ചാലുടന്‍ അത് അന്വേഷിക്കുന്നതിന് ജില്ലാതലത്തില്‍ കുടുംബ ക്ഷേമ സമിതികള്‍ രൂപീകരിക്കണമെന്ന നിര്‍ദേശം റദ്ദാക്കിയാണ് മുന്‍ ഉത്തരവില്‍ മാറ്റംവരുത്തിയത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ(ഐ.പി.സി) 498എ വകുപ്പില്‍ 2017ലെ ഉത്തരവിലൂടെ സുപ്രിംകോടതി കൊണ്ടുവന്ന മാര്‍ഗരേഖ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഭേദഗതി ചെയ്തത്.
സ്ത്രീധന പീഡന കേസുകളില്‍ നിയമം ദുരുപയോഗം ചെയപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ജഡ്ജിമാരായ എ.കെ ഗോയലും യു.യു ലളിതും അടങ്ങുന്ന രണ്ടംഗ ബെഞ്ച് കൊണ്ടുവന്ന മാര്‍ഗരേഖയാണ് സുപ്രിംകോടതി ഇന്നലെ ഭാഗികമായി ഭേദഗതി ചെയ്തത്. ഇത്തരം കേസുകളില്‍ അന്വേഷണ ഉദ്യോഗസ്ഥരും കോടതികളും സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ചുള്ള മറ്റു മാര്‍ഗനിര്‍ദേശങ്ങളും കോടതി നിലനിര്‍ത്തി.
ഉത്തരവിലെ ഖണ്ഡിക 19(1) അടക്കം പ്രധാനപ്പെട്ട എല്ലാ മാര്‍ഗ നിര്‍ദേശങ്ങളും ബെഞ്ച് റദ്ദാക്കിയിട്ടുണ്ട്. 498എ വകുപ്പ് പ്രകാരമുള്ള സ്ത്രീധന പീഡന പരാതികള്‍ പരിശോധിക്കാന്‍ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും കുടുംബ ക്ഷേമ സമിതികള്‍ രൂപീകരിക്കണമെന്നായിരുന്നു 19(1)ല്‍ പറഞ്ഞിരുന്നത്. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് പൊലിസിന് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാനാകില്ല. നിയമപരമായാണ് പോലീസ് ഇക്കാര്യങ്ങളില്‍ തീരുമാനം എടുക്കേണ്ടതെന്നും ഇന്നലത്തെ ഉത്തരവില്‍ സുപ്രിംകോടതി വിശദീകരിച്ചു.
എന്നാല്‍, പരാതി ലഭിച്ചാല്‍ ഉടന്‍ ഭര്‍ത്താവിനെയോ, കുടുംബാംഗങ്ങളെയോ അറസ്റ്റ് ചെയ്യണമെന്ന് കോടതി ഇന്നലെ പറഞ്ഞതുമില്ല. വ്യാജ കേസുകള്‍ സാമൂഹ്യ അരക്ഷിതാവസ്ഥയിലേക്ക് നയിക്കാമെന്നതിനാല്‍ അറസ്റ്റ് വേണമോ വേണ്ടയോ എന്ന് പൊലിസിന് തീരുമാനിക്കാം. ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കും മുന്‍കൂര്‍ ജാമ്യത്തിനുളള വ്യവസ്ഥ ഉപയോഗിക്കാം.
ജാമ്യാപേക്ഷ വേഗത്തില്‍ പരിഗണിക്കണം. പരാതികള്‍ കൈകാര്യം ചെയ്യാന്‍ പൊലിസുകാര്‍ക്ക് പരിശീലനം നല്‍കണമെന്നും നിര്‍ദേശിച്ച കോടതി, നിയമത്തില്‍ അപര്യാപ്തതകള്‍ ഉണ്ടെങ്കില്‍ അതിനു പരിഹാരം കാണേണ്ടത്‌നിയമനിര്‍മാണ സഭകളാണെന്നും കോടതി അല്ലെന്നും ഓര്‍മിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."