തദ്ദേശ തെരഞ്ഞെടുപ്പിന് വേണം 180 കോടി
തിരുവനന്തപുരം: ഡിസംബറില്‍ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് 180 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വി. ഭാസ്കരന്. ഇതില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കെത്തുന്ന രണ്ടു ലക്ഷത്തോളം ഉദ്യോഗസ്ഥര്‍ക്ക് മാത്രമായി മാസ്ക്, ഗ്ലൗസ് തുടങ്ങിയ സുരക്ഷാ സജ്ജീകരണങ്ങളും ബൂത്തുകളിലേക്കുള്ള സാനിറ്റൈസറുകളും മെഡിക്കല്‍ സര്‍വിസ് കോര്‍പറേഷനില്‍ നിന്ന് വാങ്ങാന്‍ വേണ്ടിവരുന്ന തുക 12 കോടിയോളമാണ്. കൊവിഡ് സുരക്ഷ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ചെലവ് ഇനിയും വര്‍ധിച്ചേക്കാം. കൊവിഡ് വ്യാപനം നിലനില്‍ക്കുന്നതിനാല്‍ ബൂത്തുകളുടെ എണ്ണം കൂട്ടേണ്ടിവരും. സാമൂഹ്യ അകലം പാലിച്ച് ഒരു ബൂത്തില്‍ ഒരേസമയം മൂന്നുപേര്‍ക്ക് മാത്രമേ വോട്ട് ചെയ്യാന്‍ പ്രവേശനമുണ്ടാകൂ. ഒരു വോട്ടര്‍ക്ക് മൂന്ന് വോട്ട് ചെയ്യേണ്ടതിനാല്‍ സമയം എടുക്കും. അതിനാലാണ് ബൂത്തുകളുടെ എണ്ണം കൂട്ടുന്നത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായുള്ള ഉദ്യോഗസ്ഥരുടെ പരിശീലനം ആരംഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നതിന് പൊലിസിനെ വിന്യസിക്കുന്നത് സംബന്ധിച്ച ചര്‍ച്ച തെരഞ്ഞെടുപ്പ് കമ്മിഷന് ഡി.ജി.പിയുമായി അടുത്തയാഴ്ച നടത്തും. ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടത്തുകയാണെങ്കില്‍ മതിയായ സുരക്ഷ ഉറപ്പാക്കാന്‍ പൊലിസിന് കഴിയുമോ എന്നതാണ് ചര്‍ച്ചയിലെ മുഖ്യ വിഷയം. ഒറ്റഘട്ടമായി നടത്തുന്നതില്‍ പൊലിസ് ബുദ്ധിമുട്ട് അറിയിക്കുകയാണെങ്കില്‍ രണ്ടുഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."