നിപാ: പ്രതിരോധത്തിന് കൂടുതല്‍ ഗവേഷണം വേണമെന്ന് മുഖ്യമന്ത്രി
കാക്കനാട്: നിപാ വൈറസ് പരത്തുന്ന വവ്വാലുകളെ കേന്ദ്രീകരിച്ച് കൂടുതല്‍ ഗവേഷണം നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിപാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷം കോഴിക്കോട്ടുണ്ടായ നിപാ സംബന്ധിച്ച് നടത്തിയ പരിശോധനയില്‍ പഴംതീനി വവ്വാലുകളും പന്നികളുമാണ് വൈറസ് പരത്തുന്നതെന്നാണ് കണ്ടെത്തിയത്. ഇവ ഏതു ഘട്ടത്തിലാണ് നിപാ വൈറസ് പരത്തുന്നതെന്ന് കണ്ടെത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രജനന ഘട്ടത്തിലാണ് ഇവ വൈറസ് വാഹകരാകുന്നതെന്ന് സംശയമുണ്ടെങ്കിലും വ്യക്തമായി കണ്ടെത്താനായിട്ടില്ല. ഇതിനായി മൃഗസംരക്ഷണ, വനം, കൃഷി വകുപ്പുകള്‍ സംയുക്തമായ ശ്രമങ്ങള്‍ നടത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. എത്രകാലം ഈ വൈറസ് ജീവികളില്‍ അവശേഷിക്കുന്നു എന്നത് ഉള്‍പ്പെടെ നിരവധി ഘടകങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കണം. വൈറസിന്റെ ആയുസിനെ കുറിച്ചും പഠനങ്ങള്‍ നടക്കണം. അതുവഴി ആവശ്യമായ പ്രതിരോധ നടപടികളും ജാഗ്രതയും മുന്‍കൂര്‍ നടപടികളും സ്വീകരിക്കാന്‍ ആരോഗ്യവകുപ്പിന് കഴിയും. കഴിഞ്ഞ വര്‍ഷം കോഴിക്കോട്ട് നിപായുണ്ടായപ്പോള്‍ സ്വീകരിച്ച ജാഗ്രതയാണ് ഇത്തവണ തുടക്കത്തിലേ രോഗം നിയന്ത്രിക്കാന്‍ സാധിച്ചത്.
ജില്ലയില്‍ നിപാ രോഗ സംശയത്തില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന ആറു പേരുടെയും രക്ത സാംപിളുകളുടെ പരിശോധനാ ഫലം നെഗറ്റീവായത് നമുക്ക് ആശ്വാസകരമാണ്. എന്നാല്‍ പൂര്‍ണ ആശ്വാസത്തിലേക്ക് എത്തിയിട്ടില്ല. ഇക്കാര്യത്തില്‍ അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ എല്ലാവരും അനുസരിക്കണം.നിപാ വൈറസ് പൂര്‍ണമായി നിര്‍മാര്‍ജനം ചെയ്യുകയാണ് ലക്ഷ്യം. ജില്ലയില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു. വലിയ ആശങ്ക ഒഴിഞ്ഞെങ്കിലും ഇതുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും തുടരും. ആവശ്യമായ എല്ലാ സഹായങ്ങളും കേന്ദ്ര സര്‍ക്കാരും നല്‍കിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വിവിധ വകുപ്പുകളുടെയും പൊതുജനങ്ങളുടെയും കൂട്ടായ പ്രവര്‍ത്തനമാണ് നിപായെ നിയന്ത്രിക്കാന്‍ കഴിഞ്ഞതെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ പറഞ്ഞു. ഒരു വര്‍ഷം മുന്‍പ് നിപാ റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ പുലര്‍ത്തിയ ജാഗ്രതയാണ് ഇപ്പോള്‍ രോഗം നിയന്ത്രിക്കാന്‍ സഹായകരമായത്. ആവശ്യമായ എല്ലാ സഹായങ്ങളും കേന്ദ്ര സര്‍ക്കാരും നല്‍കിയെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
ജില്ലയില്‍ നിപാ റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ സ്വീകരിച്ച നടപടികളെ കുറിച്ച് ആരോഗ്യ വകുപ്പ് അഡി. സെക്രട്ടറി ഡോ. രാജന്‍ കോബ്രഗ്‌ഡെ, ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ. സഫീറുല്ല എന്നിവര്‍ വിശദീകരിച്ചു. തൃക്കാക്കര നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അവലോകന യോഗത്തില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, ഹൈബി ഈഡന്‍ എം.പി, എം.എല്‍മാരായ എസ്. ശര്‍മ, പി.ടി തോമസ്, കെ.ജെ മാക്‌സി, വി.കെ ഇബ്രാഹിം കുഞ്ഞ്, അന്‍വര്‍ സാദത്ത്, റോജി എം. ജോണ്‍, ആന്റണി ജോണ്‍, എല്‍ദോ എബ്രഹാം, എല്‍ദോസ് കുന്നപ്പിള്ളി, എം. സ്വരാജ്, അനൂപ് ജേക്കബ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."