ആറു യുവമിഥുനങ്ങള്‍ക്ക് വിവാഹസൗഭാഗ്യം നല്‍കി കടവത്ത് സുലൈമാന്‍ ഹാജിക്കിത് സ്വപ്‌നസാഫല്യം
കോങ്ങാട്: കടവത്ത് സുലൈമാനെന്ന ബാലന്റെ കുഞ്ഞുനാളിലേയുള്ള സ്വപ്നമായിരുന്നു വലുതാകുമ്പോള്‍ സമ്പത്തില്ലാതെ പ്രയാസപ്പെടുന്ന പെണ്‍കുട്ടികളെയും സ്ത്രീധനം വാങ്ങാതെ വിവാഹത്തിന് തയ്യാറാകുന്ന യുവാക്കളേയും സഹായിച്ച് സമൂഹ വിവാഹം നടത്തുകയെന്നത്. എന്നാല്‍ യുവാവായപ്പോള്‍ സ്വന്തം കല്യാണത്തിനോടൊപ്പം അത് യാഥാര്‍ഥ്യമാക്കാന്‍ സുലൈമാന് കഴിഞ്ഞില്ല. അന്ന് സാമ്പത്തിക നില തന്റെ സ്വപ്നങ്ങളെ യാഥാര്‍ഥ്യത്തിലേക്ക് അടുപ്പിക്കാന്‍ സുലൈമാന് കരുത്തുപോരായിരുന്നു. ആ മോഹം കെട്ടടങ്ങാതെ തന്റെ മകളുടെ വിവാഹം വരെ കാത്തു സൂക്ഷിച്ച സുലൈമാന്‍ ഹാജി മകളുടെ നിക്കാഹിനോടാപ്പം ആറ് നിര്‍ധന യുവതികളുടെ വിവാഹം നടത്തിയാണ് തന്റെ സ്വപ്നം സഫലീകരിച്ചത്. ദുബൈയില്‍ തന്റെ ബിസിനസ് സംരംഭങ്ങളോരോന്നായി പച്ചപിടിക്കുമ്പോഴൊക്കെ സുലൈമാന്‍ സ്വപ്നം കണ്ടത് മകളുടെ വിവാഹത്തോടൊപ്പം നടത്തേണ്ട സമൂഹ വിവാഹത്തെക്കുറിച്ചായിരുന്നു. ആ മോഹങ്ങളാണ് കോങ്ങാട് മഹാറാണി കല്യാണ മണ്ഡപത്തില്‍ മൂവായിരത്തിലധികം ആളുകളെ സാക്ഷിയാക്കി ഞായറാഴ്ച യാഥാര്‍ഥ്യമായത്.
ആറ് നിര്‍ധന യുവതികള്‍ക്ക് വിവാഹ ചെലവും അഞ്ച് പവനും സുലൈമാന്‍ ഹാജി നല്‍കി. കോണിക്കഴി അസൈനാരുടെ മകള്‍ നസീമയും കോങ്ങാട് ഇസ്ഹാഖിന്റെ മകന്‍ അസീസും, ഒമ്മല ഉമറിന്റെ മകള്‍ ഷെറീനയും മാങ്ങോട് ഗഫൂറിന്റെ മകന്‍ മന്‍സൂറും കോങ്ങാട് ഉസൈനാരുടെ മകള്‍ റജീനയും പാലക്കാട് അബ്ദുറഹ്മാന്റെ മകന്‍ ആഷിഖും കോങ്ങാട് സുലൈമാന്റെ മകള്‍ സഫിയയും ഉമ്മനകം പെട്ടി മുസ്തഫയുടെ മകന്‍ ഹിദായത്തുള്ളയും കല്ലൂര്‍ അബ്ദുഖാദറിന്റെ മകള്‍ സുഹറ ബീവിയും തോലന്നൂര്‍ ഉദ്മാന്റെ മകന്‍ മുസ്തഫയും കോങ്ങാട് സൈദ് മുഹമ്മദിന്റെ മകള്‍ മഹ്‌സിലയും അകലൂര്‍ ഹംസയുടെ മകന്‍ റംഷാദും തമ്മിലുള്ള വിവാഹമാണ് സുലൈമാന്‍ ഹാജിയുടെ കാരുണ്യത്തില്‍ നടന്നത്.
കടവത്ത് മുഹമ്മദ് എന്ന മോനുപ്പഹാജിയുടേയും നബീസയുടേയും മകനാണ് സുലൈമാന്‍ ഹാജി. വരോട് വെളുത്തേതൊടി സുഹ്‌റാബിയാണ് സുലൈമാന്റെ ഭാര്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."