മുണ്ടൂര്‍ മേഖലയില്‍ തെരുവുനായ്ക്കളുടെ വിളയാട്ടം
മുണ്ടൂര്‍: മുണ്ടൂര്‍ മുതല്‍ മുട്ടിക്കുളങ്ങര വരെയുള്ള ഭാഗങ്ങളില്‍ തെരുവുനായ ശല്യം രൂക്ഷമായതോടെ ജനങ്ങള്‍ ഭീതിയില്‍. വള്ളിക്കോടും പരിസര പ്രദേശങ്ങളിലുമാണ് രാത്രിയും പകലും ഒരുപോലെ തെരുവുപട്ടികള്‍ പൊതിനിരത്ത് കൈയടക്കുന്നത്. കഴിഞ്ഞ ദിവസം സ്‌കൂളിലേക്ക് പോകുമ്പോള്‍ തെരുവ് നായയുടെ കടിയേറ്റ് കണ്ണിനും നെറ്റിക്കും സാരമായി പരിക്കേറ്റ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സ്‌കൂളിലേക്ക് പോകുന്നവഴി ചുഴിയാംപാറയില്‍വെച്ചാണ് ചെമ്പത്ത് ഖദീജയുടെ മകള്‍ റിന്‍സിയക്ക് കടിയേറ്റത്. കുത്തിവെപ്പിന് വിധേയയാവുന്ന ഈ കുട്ടിക്ക് പ്ലാസ്റ്റിക് സര്‍ജറി വേണ്ടിവരുമെന്ന് ഡോക്ടര്‍ പറഞ്ഞതായി ഖദീജയുടെ സഹോദരന്‍ മുഹമ്മദ് പറഞ്ഞു. ഇതിന് മറ്റു ആശുപത്രികളെ ആശ്രയിക്കേണ്ടിവരും.
വര്‍ഷങ്ങളായി കൂലിപ്പണിയെടുത്താണ് ഖദീജ മകളെ പോറ്റുന്നത്. അതിരാവിലെ ഇരു ചക്രവാഹനങ്ങളില്‍ പാലും പത്രവും വിതരണം ചെയ്യുവാനെത്തുന്നവരും കാല്‍നടയായി വിദ്യാലയങ്ങളിലേക്ക് പോകുന്ന വിദ്യാര്‍ഥികളും ജോലി സ്ഥലങ്ങളിലേക്ക് പോകുന്നവരും തെരുവ് പട്ടികളുടെ പരാക്രമണങ്ങള്‍ക്ക് ഇരയാവുന്നു. ഇതിനു പുറമെയാണ് വാഹനങ്ങളുടെ കുറുകെ ചാടുന്ന നായകള്‍ ഉണ്ടാക്കുന്ന വിനകള്‍.
വള്ളിക്കോടിനടുത്ത് പള്ളിപ്പറക്കാട് സര്‍ക്കാര്‍ വനമേഖലയോട് ചേര്‍ന്ന് കുറ്റിക്കാട് നിറഞ്ഞ സ്ഥലത്ത് മാലിന്യവും മാംസാവശിഷ്ടങ്ങളും തള്ളുന്നത് കാരണം ഇവിടെ തെരുവ് പട്ടികളുടെ വിഹാരകേന്ദ്രമാണ്. തെരുവുനായ്ക്കളുടെ ശല്യം അസഹ്യമായ സാഹചര്യത്തില്‍ ഇത് നിയന്ത്രിക്കാന്‍ തക്ക നടപടി ത്വരിതപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."