കടലുണ്ടിയില്‍ ചുവരെഴുത്തിനെ ചൊല്ലി സി.പി.എം- ബി.ജെ.പി സംഘര്‍ഷം
ഫറോക്ക്: കടലുണ്ടിയില്‍ ചുവരെഴുത്തിനെ ചൊല്ലി സി.പി.എം-ബി.ജെ.പി സംഘര്‍ഷം. ഇടച്ചിറ ഭജനമഠം റോഡില്‍ കലുങ്കിന്റെ ഭിത്തിയില്‍ എഴുതുന്നതിനെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. സി.പി.എം ബുക്ക് ചെയ്ത സ്ഥലത്ത് ബി.ജെ.പിക്കാര്‍ എഴുതുവാനെത്തിയതാണ് സംഘര്‍ഷത്തിനിടയാക്കിയത്.
കഴിഞ്ഞദിവസം രാത്രി ഇരു പാര്‍ട്ടിക്കാരും തമ്മില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്നു പൊലിസെത്തി ചുവരെഴുതുന്നത് നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതു വകവെക്കാതെ സി.പി.എം പ്രവര്‍ത്തകര്‍ ഇന്നലെ ചുവരെഴുതാന്‍ ശ്രമിച്ചതോടെയാണ് വീണ്ടും സംഘര്‍ഷമുണ്ടായത്. സി.പി.എം പ്രവര്‍ത്തകര്‍ ചുവരെഴുതുന്നത് കണ്ടു ബി.ജെ.പി പ്രവര്‍ത്തകര്‍ സംഘടിച്ചെത്തുകയും ഇരു കൂട്ടരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. വിവരം അറിഞ്ഞു ഫറോക്ക് എസ്.ഐ കെ. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ പൊലിസെത്തി ഇരു വിഭാഗത്തിനോടും പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രവര്‍ത്തകര്‍ പിരിഞ്ഞു പോകാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്നു കൂടുതല്‍ പൊലിസെത്തി പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചു. സൗത്ത് അസിസ്റ്റന്റ് കമ്മിഷണര്‍ കെ.പി അബ്ദുല്‍ റസാഖ് ഇരുകൂട്ടരെയും വിളിച്ചു വരുത്തി ചുവരെഴുതുന്നത് സംബന്ധിച്ചു ഇരു കൂട്ടരോടും ധാരണയിലെത്താനും ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാക്കരുതെന്നും നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."