ശിവശങ്കര്‍ രോഗലക്ഷണം മാത്രമാണ്, രോഗം പിണറായി വിജയനാണ്: മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് ചെന്നിത്തല
തിരുവനന്തപുരം: എം. ശിവശങ്കറിന്റെ അറസ്റ്റിനു പിന്നാലെ സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉപ്പുതിന്നവന്‍ വെള്ളം കുടിക്കും, മടിയില്‍ കനമുള്ളവനേ വഴിയില്‍ പേടിക്കേണ്ടതുള്ളൂ തുടങ്ങിയ മുഖ്യമന്ത്രിയുടെ വാചകങ്ങള്‍ എല്‍.ഡി.എഫ് സര്‍ക്കാരിനെ തിരിഞ്ഞുകൊത്തുകയാണെന്ന് ചെന്നിത്തല പറഞ്ഞു.
മാഫിയകളാണ് മുഖ്യമന്ത്രിയുടെ ഓഫിസ് ഭരിച്ചിരുന്നത്. മറ്റുവകുപ്പുകളിലേക്ക് വരെ കൈകടത്തി മുഖ്യമന്ത്രിയുടെ ഓഫിസ് നടത്തിയത് തീവെട്ടിക്കൊള്ളയാണ്. ശിവശങ്കരന് ഇതിലെ ഒരു കണ്ണി മാത്രമാണ്.
കൊവിഡ് കാലം പോലും മോഷണത്തിന്റെ സുവര്‍ണാവസരമാക്കി മാറ്റിയ ഈ സംഘത്തില്‍ പ്രതികള്‍ ഇനിയുമുണ്ടാകും. ശിവശങ്കര്‍ രോഗലക്ഷണം മാത്രമാണ്, രോഗം പിണറായി വിജയനാണ്. ഈ കൊള്ളകളിലെ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും ചെന്നിത്തല പറഞ്ഞു.
കേന്ദ്ര ഏജന്‍സികള്‍ കസ്റ്റഡിയിലെടുക്കുന്ന കേരളത്തിലെ ആദ്യത്തെ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് ശിവശങ്കര്‍. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുക്കുന്നതും ഇതാദ്യം. കേരളത്തെ നാണംകെടുത്തുന്ന മുഖ്യമന്ത്രിക്ക് ആ സ്ഥാനത്ത് തുടരാന്‍ അവകാശമില്ലെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."