ഇല്ലാക്കഥ പ്രചരിപ്പിച്ചു തളര്‍ത്താമെന്നാണെങ്കില്‍ വ്യാമോഹം മാത്രം: ആന്റണിക്കെതിരായ ആരോപണത്തിന് മകന്റെ മറുപടി
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ തിരിച്ചടിക്ക് പ്രധാന ഉത്തരവാദി എ.കെ.ആന്റണിയാണെന്ന ആരോപണത്തിന് മറുപടിയുമായി അദ്ദേഹത്തിന്റെ മകന്‍ അജിത് പോള്‍ ആന്റണി.
ഇല്ലാ കഥകളാണ് പ്രചരിപ്പിക്കുന്നത്. ആക്ഷേപിക്കുക മാത്രമാണ് ലക്ഷ്യം. അത്തരക്കാരോട് ഒന്നേ പറയാനുള്ളൂ, തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല. ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ചു തളര്‍ത്താമെന്നു ആരെങ്കിലും വ്യാമോഹിക്കുന്നുവെങ്കില്‍ അതെല്ലാം വെറും വ്യാമോഹം മാത്രമായിരിക്കുമെന്നും അജിത് പോള്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.പിയിലടക്കം പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന്റെ സഖ്യങ്ങള്‍ ഇല്ലാതാക്കിയത് എ.കെ.ആന്റണിയാണെന്ന ആരോപണമാണ് പ്രധാനമായും ഉയര്‍ന്നിരുന്നത്.
എഫ്.ബി പോസ്റ്റ്....
നമസ്കാരം സുഹൃത്തുക്കളേ,
അടുത്തിടയായി അടിസ്ഥാനമില്ലാത്ത കുറെ വാർത്തകൾ പ്രചരിപ്പിക്കുന്നുണ്ട്. സത്യവുമായി പുലബന്ധം പോലുമില്ലാത്ത കാര്യങ്ങൾ ആണ് പ്രചരിപ്പിക്കുന്നത്. ഒന്നാമത്തെ ആരോപണം - യുപിയിലെ സഖ്യം യാഥാർഥ്യം ആകാത്തതിന്റെ കാരണം എന്റെ അച്ഛൻ ആണെന്ന്. സത്യത്തിൽ കോൺഗ്രസ് സഖ്യത്തിന് തയ്യാറായിരുന്നു പക്ഷെ മായാവതി രണ്ടു സീറ്റിൽ കൂടുതൽ കോൺഗ്രസിന് തരില്ല എന്ന് വാശി പിടിച്ചു. അതുകൊണ്ട് തന്നെ ഒറ്റയ്ക്കു മത്സരിക്കാൻ കോൺഗ്രസ് തീരുമാനിച്ചു. മറ്റൊന്ന്. ഡൽഹിയിൽ സഖ്യത്തിന് കോൺഗ്രസ് തയ്യാറായിരുന്നു.
പക്ഷെ ഒരു സീറ്റ് അല്ലെങ്കിൽ രണ്ടെണ്ണം മാത്രം കോൺഗ്രസിന്. ഒരു ഘട്ടത്തിൽ കോൺഗ്രസ് അത് സമ്മതിച്ചുമാണ്. അപ്പോഴാണ് ആപ് ഡിമാൻഡ് മാറ്റി പഞ്ചാബിലും ഹരിയാനയിലും സീറ്റ് ആവശ്യപ്പെട്ടത്.പിന്നൊന്ന് ആന്ധ്രയെ സംബന്ധിച്ചാണ്. ആന്ധ്രയിൽ ജഗൻ മോഹൻ റെഡ്‌ഡി കോൺഗ്രസിന് 10 സീറ്റ് കൊടുക്കാൻ തയ്യാറായി എന്ന്.
ജഗൻമോഹൻ റെഡ്ഢി അത്തരമൊരു സമ്മതം നടത്തിയതായി ഒരറിവും ഇല്ല. അപ്പോൾ പിന്നെ ഈ ഇല്ലാക്കഥകൾ പ്രചരിപ്പിക്കുന്നതെന്തിന്? വെറുതെ ആക്ഷേപിക്കുക. അത്രതന്നെ. അത്തരക്കാരോട് ഒന്നേ പറയാനുള്ളൂ... തീയിൽ കുരുത്തത് വെയിലത്ത് വാടില്ല. ഇല്ലാക്കഥകൾ പ്രചരിപ്പിച്ചു തളർത്താമെന്നു ആരെങ്കിലും വ്യാമോഹിക്കുന്നുവെങ്കിൽ ഒരുകാര്യം മനസിലാക്കിക്കോളൂ.... അതെല്ലാം വെറും വ്യാമോഹം മാത്രമായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."