ന്യൂനപക്ഷങ്ങള്‍ ഇനിയെന്തു ചെയ്യണം
'അജ്ഞതയാണ് ദാരിദ്ര്യത്തിന്റെ മാതാവ്' എന്ന സര്‍സയ്യിദ് അഹമ്മദ്ഖാന്റെ ഒരു വചനമുണ്ട്. അജ്ഞതയില്‍നിന്ന് സമൂഹത്തെ മോചിപ്പിക്കാന്‍ സര്‍ സയ്യിദ് നടത്തിയ പരിശ്രമങ്ങളാണ് അലിഗഡ് പ്രസ്ഥാനമായും പിന്നീട് അലിഗഡ് യൂനിവേഴ്‌സിറ്റിയായും മാറിയത്. വേണമെങ്കില്‍ ഇതു തിരിച്ചും പറയാം. 1859ലാണ് സര്‍ സയ്യിദ് മൊറാദാബാദില്‍ ശാസ്ത്ര വിദ്യാഭ്യാസം കൂടി നല്‍കുന്ന ഒരു ആധുനിക മദ്രസ സ്ഥാപിക്കുന്നത്. ഇന്ത്യയില്‍ ഇത്തരത്തില്‍ സ്ഥാപിക്കപ്പെടുന്ന ആദ്യത്തെ മദ്രസയാണത്.
1864ല്‍ അലിഗഡിലെത്തിയ അദ്ദേഹം, സയന്റിഫിക് സൊസൈറ്റി ഓഫ് അലിഗഡ് എന്ന ഒരു സംഘടനയ്ക്കു രൂപം നല്‍കി. ലണ്ടനിലെ പ്രസിദ്ധമായ റോയല്‍ സൊസൈറ്റിയുടെയും റോയല്‍ ഏഷ്യാറ്റിക് സൊസൈറ്റിയുടെയും മാതൃകയിലായിരുന്നു ഇത്. 1869ല്‍ സര്‍ സയ്യിദ് അദ്ദേഹത്തിന്റെ മകന്‍ സയ്യിദ് മഹ്മൂദിനെയും കൂട്ടി ലണ്ടനിലേക്ക് ഒരു യാത്ര നടത്തി. കാംബ്രിഡ്ജ്, ഓക്‌സ്‌ഫോര്‍ഡ് യൂനിവേഴ്‌സിറ്റികളുടെ മാതൃകയില്‍ അലിഗഡില്‍ ഒരു യൂനിവേഴ്‌സിറ്റി സ്ഥാപിക്കുന്നതിനെക്കുറിച്ച് അവിടങ്ങള്‍ നേരിട്ടു സന്ദര്‍ശിച്ച് പഠനം നടത്താനായിരുന്നു ഇത്.
തുടര്‍ന്ന് ഇന്ത്യയില്‍ തിരിച്ചെത്തി കഠിന പരിശ്രമങ്ങള്‍ക്കൊടുവില്‍ 1875ല്‍ അലിഗഡില്‍ മുഹമ്മദന്‍ ആംഗ്ലോ ഓറിയന്റല്‍ കോളജ് സ്ഥാപിച്ചു. അതു പിന്നീട് അലിഗഡ് യൂനിവേഴ്‌സിറ്റിയായി മാറി. ഇതൊക്കെ കഴിഞ്ഞിട്ടിപ്പോള്‍ 144 കൊല്ലമായി. എന്തേ ഇത്രയും കാലത്തിനിടയില്‍ മറ്റൊരു സര്‍ സയ്യിദും വേറൊരു അലിഗഡ് പ്രസ്ഥാനവും രൂപപ്പെടാതിരുന്നത്? ഇന്ന് സംഘ്പരിവാര്‍ തേരോട്ടത്തില്‍ വിറങ്ങലിച്ചു നില്‍ക്കേണ്ടി വന്ന ഇന്ത്യയിലെ പ്രബല ന്യൂനപക്ഷത്തിന്റെ ഇപ്പോഴത്തെ ആശങ്കകളില്‍ ഇങ്ങനെ ചില ചോദ്യങ്ങള്‍ക്കും പ്രസക്തിയുണ്ട്. ഒരു സമൂഹം സ്വയം മാറാതെ ദൈവം അവരുടെ അവസ്ഥയ്ക്ക് മാറ്റം വരുത്തില്ല എന്ന ഖുര്‍ആനിലെ മുന്നറിയിപ്പ് ഇവിടെ പ്രസക്തമല്ലേ?
1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിനു ശേഷം ബ്രിട്ടീഷ് സര്‍ക്കാര്‍ മുസ്‌ലിംകളെ വേട്ടയാടിക്കൊണ്ടിരുന്ന പ്രക്ഷുബ്ധമായ ഒരു കാലഘട്ടത്തിലാണ് സര്‍ സയ്യിദിന്റെ ഈ പ്രവര്‍ത്തനങ്ങളൊക്കെ നടന്നത്. സ്വാതന്ത്ര്യാനന്തരമുള്ള ഇക്കഴിഞ്ഞ 72 വര്‍ഷങ്ങളില്‍ 20 വര്‍ഷത്തില്‍ താഴെയാണ് കോണ്‍ഗ്രസിതര സര്‍ക്കാരുകള്‍ ഇന്ത്യ ഭരിച്ചത്. ബാക്കിയുള്ള അരനൂറ്റാണ്ടിലേറെക്കാലം കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഭരിച്ചിട്ടും ഉത്തരേന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ ജീവിത സാഹചര്യങ്ങളില്‍ കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ആ കണക്കുകളാണല്ലോ സച്ചാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലുള്ളത്. ഇക്കാലങ്ങളിലൊക്കെ വലിയ തോതിലുള്ള വര്‍ഗീയ കലാപങ്ങളുണ്ടായിട്ടുമുണ്ട്. ഇവയിലൊക്കെ ഇരകളാക്കപ്പെട്ടവരില്‍ ഏറെയും മുസ്‌ലിംകള്‍ തന്നെയായിരുന്നു. പക്ഷെ ബി.ജെ.പിയുടെ ഭരണകാലത്തെപ്പോലെ ഭരണകൂടത്തിന്റെ ഒത്താശയോടെ വംശീയ ഉന്‍മൂലനങ്ങളായിരുന്നില്ല അവയെന്ന വ്യത്യാസമുണ്ട്.
ഇനി ഇപ്പോള്‍ അധികാരത്തില്‍ വന്ന ബി.ജെ.പി സര്‍ക്കാരിന് പകരം ഒരു കോണ്‍ഗ്രസ് സര്‍ക്കാര്‍ വന്നിരുന്നെങ്കില്‍ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കാമോ? ഇതുവരെയുള്ള ചരിത്രമെടുത്ത് പരിശോധിച്ചാല്‍ അങ്ങനെയൊരു സാധ്യതയില്ല എന്ന് വ്യക്തമാകും. ഒരു സമൂഹത്തിന്റെയും എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ഒരു ഭരണകൂടത്തിനുമാവില്ല. അത് ആന്തരികമായ ശാക്തീകരണത്തിലൂടെ അവര്‍ നേടിയെടുക്കേണ്ടതാണ്.
എന്നാല്‍ രാഷ്ട്രീയമായി പോലും സംഘടിക്കാന്‍ ഉത്തരേന്ത്യയിലെ മുസ്‌ലിംകള്‍ക്കായില്ല. ഇക്കാര്യത്തില്‍ വേറിട്ട ചില മാതൃകകളുണ്ടായത് ദക്ഷിണേന്ത്യയില്‍ നിന്നാണ്. 1948ല്‍ ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ് രൂപം നല്‍കിയ ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ്, ബഹുസ്വര സമൂഹത്തില്‍ പങ്കാളിത്ത ജനാധിപത്യത്തിലൂടെ എങ്ങനെ ന്യൂനപക്ഷ ശാക്തീകരണം സാധ്യമാക്കാമെന്നാണ് തെളിയിച്ചത്. മദ്രസാ പ്രസ്ഥാനം വ്യവസ്ഥാപിതമാക്കിയതിലൂടെ കേരളത്തില്‍ സാര്‍വത്രികമായ മതവിദ്യാഭ്യാസം നേടുന്നതിനുള്ള സാഹചര്യമൊരുക്കുന്നതില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും വലിയ പങ്കുവഹിച്ചു. പ്രാഥമിക മത വിദ്യാഭ്യാസം നല്‍കുന്നതിന് ലോകത്തെവിടെയെങ്കിലും ഇത്ര ശാസ്ത്രീയമായ ഒരു സംവിധാനമുണ്ടോ എന്ന കാര്യം സംശയമാണ്. ഉത്തരേന്ത്യയിലെവിടെയും മതപഠനരംഗത്തോ രാഷ്ട്രീയ മേഖലയിലോ ഇങ്ങനെയൊരു മാതൃകയും ഉണ്ടായില്ല. അവിടത്തെ മദ്രസകളുടെ പ്രവര്‍ത്തനം വളരെ പരിമിതവും തികച്ചും വ്യത്യസ്തവുമാണ്. മുസ്‌ലിംലീഗിന്റെയും സമസ്തയുടെയും പ്രവര്‍ത്തനം ഉത്തരേന്ത്യയിലേക്കു കൂടി വ്യാപിപ്പിക്കുക എന്നത് ഏറെ പ്രസക്തമാകുന്നത് ഈ സാഹചര്യത്തിലാണ്. ദാറുല്‍ഹുദ യൂനിവേഴ്‌സിറ്റിയുടെ കാംപസുകള്‍ പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും പ്രവര്‍ത്തനമാരംഭിച്ചത് നല്ലൊരു തുടക്കമാണ്.
ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയാണ് ഹൈദരാബാദ് കേന്ദ്രീകരിച്ച് അസദുദ്ദീന്‍ ഉവൈസിയുടെ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എം.ഐ.എം) പ്രവര്‍ത്തിക്കുന്നത്.. ഹൈദരാബാദില്‍നിന്ന് തുടങ്ങി, പിന്നീട് മഹാരാഷ്ട്രയിലും ഈ തെരഞ്ഞെടുപ്പോടെ ബംഗാളിലും സാന്നിധ്യമറിയിച്ചിരിക്കുകയാണ് ഉവൈസിയുടെ പാര്‍ട്ടി. ബിഹാറിലെ കിഷന്‍ഗഞ്ചില്‍ മികച്ച മത്സരം കാഴ്ച്ചവച്ച എം.ഐ.എമ്മിന്റെ സ്ഥാനാര്‍ഥി അക്തറുല്‍ അമീന്‍ മൂന്നു ലക്ഷം വോട്ട് നേടി. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ ഏക മുസ്‌ലിം എം.പിയെ (ഇംതിയാസ് ജലീല്‍) 15 ശതമാനം മാത്രം മുസ്‌ലിംകളുള്ള ഔറംഗാബാദ് മണ്ഡലത്തില്‍ നിന്ന് വിജയിപ്പിച്ച ഉവൈസി ഉയര്‍ത്തിയ മുന്നേറ്റം അവിടത്തെ ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയ സ്വാധീനം ചെറുതല്ല. ഡോ. ബി.ആര്‍ അംബേദ്കറുടെ പേരമകന്‍ പ്രകാശ് അംബേദ്കറുടെ നേതൃത്വത്തില്‍ 2018ല്‍ രൂപീകൃതമായ വഞ്ചിത് ബഹുജന്‍ അഗാഡി എന്ന ദളിത് പാര്‍ട്ടിയുമായി ചേര്‍ന്ന് ദലിത്- മുസ്‌ലിം വോട്ട്ബാങ്ക് എന്ന സങ്കല്‍പം യാഥാര്‍ഥ്യമാക്കിയ ഉവൈസിയുടെ പ്രവര്‍ത്തനത്തില്‍ ചില മാതൃകകളുണ്ട്.
2005ല്‍ മൗലാന ബദ്‌റുദ്ദീന്‍ അജ്മലിന്റെ നേതൃത്വത്തില്‍ അസമില്‍ രൂപീകൃതമായ അസം യുനൈറ്റഡ് ഡമോക്രാറ്റിക് ഫ്രണ്ട് അസമിലെ പ്രധാനപ്പെട്ട ഒരു മുസ്‌ലിം പാര്‍ട്ടിയാണ്. അഖിലേന്ത്യാ തലത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2009ല്‍ ഈ പാര്‍ട്ടിയുടെ പേര് ഓള്‍ ഇന്ത്യ യുനൈറ്റഡ് ഡമോക്രാറ്റിക് ഫ്രണ്ട് എന്നാക്കി. 2009ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ വിജയിച്ചു. 2014ലെ തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് മൂന്ന് എം.പിമാരുണ്ടായി. ഈ തെരഞ്ഞെടുപ്പില്‍ ഒരു എം.പിയെയാണ് അവര്‍ക്ക് വിജയിപ്പിക്കാനായത്. 2011ല്‍ അസം നിയമസഭാ തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് 18 എം.എല്‍.എ മാരുണ്ടായിരുന്നു. 2016ലെ തെരഞ്ഞെടുപ്പില്‍ അത് 13 ആയി കുറഞ്ഞു.
ദക്ഷിണേന്ത്യയില്‍ മുസ്‌ലിംലീഗും തെലങ്കാന, മഹാരാഷ്ട്ര മേഖലയില്‍ എം.ഐ.എമ്മും അസമില്‍ ഓള്‍ ഇന്ത്യ യുനൈറ്റഡ് ഫ്രണ്ടും ചില മാതൃകകളാണ്. പക്ഷെ ഏറെ മുസ്‌ലിംകളുള്ള ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നൊന്നും ഇങ്ങനെയൊരു കൂട്ടായ്മയും ഉദയം കൊള്ളുന്നില്ല.2011ലെ സെന്‍സസ് വിവരങ്ങളനുസരിച്ച് ഇന്ത്യയില്‍ ആകെയുള്ള 121 കോടി ജനങ്ങളില്‍ 14.23 ശതമാനമാണ് മുസ്‌ലിംകളുള്ളത്. അതായത് 17.22 കോടി. 2011നു ശേഷമുള്ള ജനസംഖ്യാ വര്‍ധനവ് കൂടി പരിഗണിച്ചാല്‍ രാജ്യത്ത് ഇപ്പോള്‍ 20 കോടിയോളം മുസ്‌ലിംകളുണ്ടാകും. ജനസംഖ്യാനുപാതികമായി നോക്കിയാല്‍ ലോക്‌സഭയില്‍ 77 മുസ്‌ലിം എം.പിമാരെങ്കിലുമുണ്ടാകണം. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലോക്‌സഭയിലേക്ക് എല്ലാ പാര്‍ട്ടികളില്‍ നിന്നുമായി തെരഞ്ഞെടുക്കപ്പെട്ടത് ആകെ 27 മുസ്‌ലിംകളാണ്. 1984ലാണ് ലോക്‌സഭയില്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിം എം.പിമാരുണ്ടായത്. 42 പേര്‍. 2004ല്‍ ഇത് 30 ആയിരുന്നു. കഴിഞ്ഞ ലോക്‌സഭയില്‍ ഇത് 23 ആയിരുന്നു. ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഒരു ഘട്ടത്തിലുമുണ്ടായിട്ടില്ല എന്നാണ് ഈ കണക്കുകള്‍ കാണിക്കുന്നത്. ഇത്തവണ ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍നിന്ന് ആറു വീതവും കേരളം, ജമ്മു കശ്മിര്‍ എന്നിവിടങ്ങളില്‍ നിന്ന് മൂന്നു പേര്‍ വീതവും ബിഹാര്‍, അസം എന്നിവിടങ്ങളില്‍നിന്ന് രണ്ടു പേര്‍ വീതവും പഞ്ചാബ്, മഹാരാഷ്ട്ര, തെലങ്കാന, തമിഴ്‌നാട്, ലക്ഷദ്വീപ്, എന്നിവിടങ്ങളില്‍നിന്ന് ഓരോരുത്തര്‍ വീതവുമാണ് തെരഞ്ഞെടുക്കപ്പെട്ട ആകെയുള്ള 27 മുസ്‌ലിം എം.പിമാര്‍. ഇതില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നാണ് എറ്റവും കൂടുതല്‍. അഞ്ചു പേര്‍. കോണ്‍ഗ്രസില്‍നിന്ന് നാല്, മുസ്‌ലിം ലീഗ്, എസ്.പി, ബി.എസ്.പി, നാഷനല്‍ കോണ്‍ഫറന്‍സ് എന്നീ പാര്‍ട്ടികള്‍ക്ക് മൂന്നു വീതം, ഉവൈസിയുടെ എം.ഐ.എം 2, എന്‍.സി.പി, സി.പി.എം, രാംവിലാസ് പസ്വാന്റെ എല്‍.ജെ.പി, അസമില്‍ നിന്നുള്ള ബദ്‌റുദ്ദീന്‍ അജ്മല്‍ നേതൃത്വം കൊടുക്കുന്ന എ.ഐ. യു.ഡി.എഫ് എന്നിവര്‍ക്ക് ഓരോന്ന് വീതം എന്നിങ്ങനെയാണ് പാര്‍ട്ടി തിരിച്ചുള്ള മുസ്‌ലിം എം.പിമാരുടെ കണക്ക്.
എം.പിമാരുടെ എണ്ണം മാത്രമല്ല ഇനിയുള്ള കാലം പ്രധാനമാകുന്നത്. ന്യൂനപക്ഷ പ്രശ്‌നങ്ങളില്‍ ഇവര്‍ക്ക് ഒരുമിച്ച് നില്‍ക്കാനുള്ള സാഹചര്യമൊരുങ്ങണം. ന്യൂനപക്ഷ പ്രശ്‌നങ്ങളില്‍ അനുഭാവപൂര്‍ണമായ നിലപാട് സ്വീകരിക്കുന്ന കോണ്‍ഗ്രസ്, സമാജ് വാദി, ബഹുജന്‍ സമാജ് വാദി പാര്‍ട്ടികള്‍, തൃണമൂല്‍ കോണ്‍ഗ്രസ്, എം.ഐ.എം, എ.ഐ.യു.ഡി.എഫ് തുടങ്ങിയ കക്ഷികള്‍ക്കിടയില്‍ ഏകോപനമുണ്ടാക്കാന്‍ കഴിയണം.
ഇതോടൊപ്പം ന്യൂനപക്ഷങ്ങളോടും അവരുടെ പ്രശ്‌നങ്ങളോടും ക്രിയാത്മകമായി പ്രതികരിക്കുന്ന എഴുത്തുകാര്‍, മാധ്യമപ്രവര്‍ത്തകര്‍, വിദ്യാഭ്യാസ വിചക്ഷണര്‍, ബുദ്ധിജീവികള്‍, നിയമജ്ഞര്‍ എന്നിവരുടെയൊക്കെ കൂട്ടായ്മകള്‍ രാജ്യത്തുടനീളം സംഘടിപ്പിക്കപ്പെടണം. പഠനങ്ങളിലൂടെയും ചര്‍ച്ചകളിലൂടെയും കര്‍മപരിപാടികളിലൂടെയും മുന്നേറാന്‍ കഴിയണം. ഭാവി ഒരിക്കലും ഇരുളടഞ്ഞതല്ല. ഇതിനെക്കാള്‍ വലിയ പരീക്ഷണ ഘട്ടങ്ങളെ രാജ്യത്തെ ന്യൂനപക്ഷ ജനത അതിജീവിച്ചിട്ടുണ്ട്. തീര്‍ച്ചയായും ഇനിയും അതിജീവിക്കുക തന്നെ ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."