ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവർ മട്ടന്നൂർ സ്വദേശികൾ
ദോഹ: മലയാളികള്‍ ഉള്‍പ്പെട്ട ഖത്തറിലെ പ്രമാദമായ യമനി കൊലപാതക കേസിലെ പ്രതികള്‍ക്ക് ഖത്തര്‍ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചു. കേസില്‍ നാലു മലയാളികള്‍ക്ക് വധശിക്ഷയാണ് വിധിച്ചത്. ഏതാനും പ്രതികളെ കോടതി വെറുതെവിട്ടു. ഒന്നാം പ്രതി കെ. അഷ്ഫീര്‍, രണ്ടാം പ്രതി അനീസ്, മൂന്നാം പ്രതി റാഷിദ് കുനിയില്‍, നാലാം പ്രതി ടി.ശമ്മാസ് എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചത്. ഇവർ മട്ടന്നൂർ സ്വദേശികളാണെന്നറിയുന്നു.
പ്രതിപട്ടികയിലുള്ള 27 പേരും മലയാളികളാണ്.
കേസില്‍ നാലു പേര്‍ക്ക് വധശിക്ഷയും ഏതാനും പ്രതികളെ വെറുതെ വിടുകയും മറ്റ് പ്രതികള്‍ക്ക് അഞ്ചു വര്‍ഷം, രണ്ടു വര്‍ഷം, ആറ് മാസം എന്നിങ്ങനെയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നതെന്ന് ലീഗല്‍ കണ്‍സള്‍ട്ടന്റ് ആയ നിസാര്‍ കോച്ചേരി വ്യക്തമാക്കി. വിധി ആശ്വാസകരമാണെന്നും നിസാര്‍ കോച്ചേരി പ്രതികരിച്ചു. വിധി പ്രഖ്യാപനത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. 27 പേരില്‍ പ്രധാന പ്രതികളായ മൂന്നു പേര്‍ നേരത്തെ പൊലീസ് പിടിയില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു.
പ്രതി ചേര്‍ക്കപ്പെട്ടവരില്‍ 12 പേര്‍ക്ക് ഇന്ത്യന്‍ എംബസി, നോര്‍ക്ക നിയമ സഹായ സെല്‍ എന്നിവയുമായി ചേര്‍ന്ന് നിസാര്‍ കോച്ചേരിയാണ് സൗജന്യ നിയമസഹായം നല്‍കിയത്. കൊലപാതക വിവരം മറച്ചുവയ്ക്കല്‍, കളവ് മുതല്‍ കൈവശം വയ്ക്കല്‍, നാട്ടിലേക്ക് പണം അയയ്ക്കാന്‍ ഐഡി കാര്‍ഡ് നല്‍കി സഹായിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് 12 പേര്‍ക്കെതിരെ ചുമത്തിയിരുന്നത്.
2019 ജൂണിലാണ് കേസിനാസ്പദമായ സംഭവം. വിശുദ്ധ റംസാന്‍ മാസത്തിന്റെ ഏറ്റവും പ്രാധാന്യമേറിയ 27-ാം ദിവസമാണ് പ്രതികള്‍ കൊലപാതകം നടത്തിയത്. മുറിയില്‍ ഉറങ്ങി കിടക്കുകയായിരുന്ന യമനി സ്വദേശിയെ ഒന്നാം പ്രതി അഷ്ഫീറും കൂട്ടാളികളും ചേര്‍ന്നാണ് ക്രൂരമായി കൊലപ്പെടുത്തിയത്. കൃത്യത്തിന് ശേഷം മുറിയിലുണ്ടായിരുന്ന സ്വര്‍ണവും പണവും അപഹരിക്കുകയും മോഷ്ടിച്ച പണം പ്രതികള്‍ വിവിധ മാര്‍ഗങ്ങളിലൂടെ നാട്ടിലേയ്ക്ക് അയയ്ക്കുകയും ചെയ്തു. പ്രതികള്‍ ഉപയോഗിച്ചിരുന്ന വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."