ദുരിതാശ്വാസ നിധിസമാഹരണം: ആവേശകരമായ പ്രതികരണത്തിന് നന്ദി പറഞ്ഞ് മന്ത്രിമാര്‍
ആലപ്പുഴ: വളരെ ആവേശത്തോടെയാണ് മാവേലിക്കര, കായംകുളം മണ്ഡലങ്ങളിലെ ജനങ്ങള്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച ധനസമാഹരണ പരിപാടിയെ സ്വീകരിച്ചതെന്ന് ധനസമാഹരണത്തിന് നേതൃത്വം നല്‍കുന്ന ജില്ലയിലെ മന്ത്രിമാരായ ജി.സുധാകരനും പി.തിലോത്തമനും പറഞ്ഞു.
പലരും വീണ്ടും ആവശ്യമെങ്കില്‍ തുക നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് മടങ്ങിയത്. ഇനിയും സംഭാവന നല്‍കാന്‍ തയ്യാറുള്ളരുണ്ടെങ്കില്‍ ഒരു തവണകൂടി മണ്ഡലത്തില്‍ ധനസമാഹരണത്തിന് എത്തുമെന്ന് മന്ത്രിമാര്‍ പറഞ്ഞു.
പലയിടത്തും മുസ്‌ലിം ദേവാലയങ്ങളില്‍ നിന്ന് ഇമാമുമാരുടെ നേതൃത്വത്തില്‍ സംഭാവനകളുടെ പ്രവാഹമാണ് കണ്ടതെന്ന് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. ചില ക്ഷേത്ര ഭാരവഹികളും അവേശത്തോടെ പങ്കെടുത്തു. തൊഴിലാളികള്‍ ഉള്‍പ്പടെയുള്ള സമൂഹത്തിന്റെ എല്ലാ വിഭാഗവും ജാതി മത വ്യത്യാസമില്ലാതെ ധനസമാഹരണത്തില്‍ പങ്കെടുത്തു.
വെള്ളപ്പൊക്കം ബാധിച്ച ഒരാളില്‍നിന്നും പിരിവ് നടത്തരുത്. വീട് വീടാന്തരം കേറിയുള്ള പിരിവ് ഇല്ലെന്നും മന്ത്രി സുധാകരന്‍ പറഞ്ഞു. മനസും സാമ്പത്തിക ശേഷിയുമുള്ള ഉദാരമതികളില്‍ നിന്നാണ് ധനശേഖരണം മന്ത്രിസഭ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന് അകത്തും പുറത്തുമുള്ള സ്ഥലങ്ങളില്‍ നിന്ന് പണം ദുരിതാശ്വാസ നിധിയിലേക്ക് എത്തുന്നുണ്ടെന്ന് മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു. പല ഘട്ടങ്ങളായി പല തവണ ജനങ്ങള്‍ പണം നല്‍കാന്‍ സന്നദ്ധരായി വരുന്നുവെന്നത് പ്രത്യേകതയാണ് കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."