കാക്കനാട്: കൊല്ലം സ്വദേശി ദിവകരൻ നായരെ (64) കാക്കനാട് ഇൻഫൊപർക്ക് ബ്രഹ്മപുരം മെമ്പർപടിക്ക് സമീപം റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദിവാകരൻ നായരുടെ ബന്ധുവടക്കം മൂന്നു പേർ പൊലീസ് കസ്റ്റഡിയിൽ. 27 സെൻ്റ് വസ്തുവിൻ്റെ പേരിൽ ബന്ധുവുമായിട്ടുണ്ടായ തർക്കമാണ് മരണത്തിന് കാരണമെന്ന് സംശയിക്കുന്നത്. ദിവാകരൻ നായരുടെ മൃതദേഹം കണ്ടെത്തിയതിൻ്റെ തലേന്നാൾ ഈ സംഘം കാക്കനാട് എത്തിയിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു.ഇവർ യാത്ര ചെയ്തിരുന്ന ഇന്നോവകാർ കോട്ടയം പൊൻക്കുന്നത്ത് പെട്രോൾ പമ്പിൽ ഉപേക്ഷിച്ച നിലയിൽ പൊലിസ് കണ്ടെത്തി.വാഹനം പൊലീസ് കസ്റ്റഡിയിൽ എടുത്തു. തുടർന്ന് വാഹന ഉടമയെ കണ്ടെത്തിയ ശേഷം അദ്ദേഹത്തിൽ നിന്നും കിട്ടിയ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ദിവാകരൻ നായരുടെ ബന്ധുവും ക്വട്ടേഷൻ സംഘവും അടക്കം മൂന്ന് പേർ പിടിയിലായത്. ഇന്ന് രാത്രിയോടെ കസ്റ്റഡിയിൽ എടുത്ത മൂന്ന് പേരേയും ഇന്നോവ കാറും അന്വേഷണ സംഘം ഇൻഫൊ പാർക്ക് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ആസൂത്രിത കൊലപാതകമാണെന്ന നിഗമനത്തിൽ തന്നെയാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇൻഫൊപാർക്ക് പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ രണ്ടു സ്ക്വാഡുകൾ കൊല്ലം, കോട്ടയം മേഖലകൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. റിയൽ എസ്റ്റേറ്റ് ബിസിനസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾക്കായാണ് ദിവാകരൻ നായർ ശനിയാഴ്ച കൊച്ചിയിലെത്തിയതെന്ന് അദ്ദേഹത്തിൻ്റെ കുടുംബം മൊഴി നൽകിയിരുന്നു.മൃതദേഹം കണ്ടെത്തിയ ദിവസം തൃക്കാക്കര കർദ്ദിനാൾ സ്കൂൾ റോഡിൽ നിന്നും ചെരുപ്പും, ബുധനാഴ്ച കരിമുകൾ റോഡിലെ കുറ്റിക്കാട്ടിൽ നിന്നും ഇയാളുടെ തിരിച്ചറിയൽ കാർഡും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
സ്ത്രീയടക്കം കൂടുതൽ പേർ കുടുങ്ങിയേക്കും.
ഒരു സ്ത്രീയടക്കം കൂടുതൽ പേർ ഇനിയും കുടുങ്ങാനാണ് സാധ്യത. ദിവകാരൻ നായരുടെ ഫോൺ കോളുകൾ പരിശോധിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണം കൂടുതൽ പേരിലേക്ക് നീങ്ങുന്നത്. ആസൂത്രിത കൊലപാതകമെന്ന സൂചന മുറുകുന്നതിൻ്റെ കാരണം ഫോൺ കോൾ പരിശോധിച്ചപ്പോൾ ദിവാകരൻ നായർ മരണപ്പെടുന്നതിന് മുമ്പുള്ള ദിവസങ്ങളിൽ നിരവധി തവണ ഒരു സ്ത്രീയുടെ സാന്നിധ്യമുള്ള കോളുകൾ ദിവാകരൻ നായർക്കും തുടർന്ന് അദ്ദേഹത്തിൻ്റെ ബന്ധുവിനും പോയിട്ടുണ്ട്. ആക്രമിക്കുന്നതിനായി ബന്ധുവിൻ്റെ നിർദ്ദേശത്തോടെ സ്ത്രീ ദിവാകരൻ നായരെ വിളിച്ചു വരുത്തിയതാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് പൊലിസ് വിളിച്ചു വരുത്തി ചോദ്യം ചെയ്ത സി.പി.എം കളമശ്ശേരി ഏരിയകമ്മിറ്റിയംഗത്തെ മൊഴി രേഖപ്പെടുത്തിയ ശേഷം ബുധനാഴ്ച്ച രാത്രിയോടെ പോലീസ് വിട്ടയച്ചു. മരണദിവസം ദിവാകരൻനായരും സി.പി.എം നേതാവുമായി ഫോണിൽ പലവട്ടം സംസാരിച്ചതായി കണ്ടെത്തിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് നേതാവിനെ മണിക്കൂറുകളോളം ചോദ്യം ചെയ്തത്. ഇവർ ഒരുമിച്ച് റിയൽ എസ്‌റ്റേറ്റ് ഇടപാടുകൾ നടത്തിയിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അതേസമയം ദിവാകരൻ നായരുടെ മരണവുമായി ബന്ധപ്പെട്ട് സി.പി.എം നേതാവിനെതിരെ മറ്റു തെളിവുകളൊന്നും കണ്ടെത്താൻ അന്വേഷണ സഘത്തിന് കഴിഞ്ഞിട്ടില്ല.
ഓട്ടോ ഡ്രൈവറുടെ മൊഴി വഴിത്തിരിവായി.
മരണപ്പെട്ട ദിവാകരൻ നായർ സഞ്ചരിച്ച ഓട്ടോയുടെ ഡ്രൈവർ നൽകിയ മൊഴിയാണ് കേസന്വേഷണത്തിന് വഴിത്തിരിവായത്. ദിവാകരൻ നായർ ശനിയാഴ്ച സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയെ ഒരു ഇന്നോവകാർ പിന്തുടരുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നതായി ഓട്ടോ ഡ്രൈവർ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. ഓട്ടോ നിർത്തുന്ന സ്ഥലങ്ങളിൽ ഇന്നോവയും നിർത്തിയിട്ടതായും ഓട്ടോ ഡ്രൈവർ മൊഴി നൽകിയിരുന്നു.. ദിവാകരൻ നായരുടെ നീക്കങ്ങൾ കൃത്യമായി നിരീക്ഷിച്ച ശേഷമാണ് കൃത്യം നടത്തിയിട്ടുള്ളതെന്ന അനുമാനത്തിൽ തൃക്കാക്കര തിരുവോണം മെയിൻ, പൈപ്പ് ലൈൻ, ഇടപ്പള്ളി, കാക്കനാട്, കളമശ്ശേരി എന്നിവിടങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ ഓട്ടോയെ പിന്തുടർന്ന ഇന്നോവയുടെ ദൃശ്യങ്ങളുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിച്ചു. തുടർന്ന് ദിവാകരൻ യാത്ര ചെയ്ത മേഖലകളിൽ ഇന്നോവ കാറിൻ്റെ സാന്നിധ്യം ഉണ്ടന്ന് പൊലീസ് കണ്ടെത്തി.തുടർന്നാണ് ഇന്നോവയെ കേന്ദ്രീകരിച്ച് അന്വേഷണം കോട്ടയത്തേക്ക് നീണ്ടത്.