മുന്നാക്ക സംവരണം: ചിലര്‍ തെറ്റിദ്ധാരണ പരത്തുന്നു; നടക്കുന്നത് ജാതി, മത കലാപത്തിലേക്ക് തള്ളിവിടാനുള്ള ഹീന നീക്കം- കോടിയേരി
മുന്നാക്ക സംവരണം ഏര്‍പ്പെടുത്തിയതിന്റെ പേരില്‍ ചിലര്‍ തെറ്റിധാരണ പരത്തുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്‍.ഡി.എഫ് വിരുദ്ധത കൊണ്ടാണ് ചിലര്‍ ഇതിനെ എതിര്‍ക്കുന്നതെന്നും സംവരണത്തിലെ പാര്‍ട്ടിനയം എന്ന തലക്കെട്ടില്‍ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ കോടിയേരി കുറ്റപ്പെടുത്തുന്നു.
'വിയോജിപ്പ് പ്രകടിപ്പിക്കുന്ന സംഘടനകളും കക്ഷികളും വ്യക്തികളുമെല്ലാം ഒരേ മനോഭാവമുള്ളവരല്ല. ഇവരില്‍ ഒരു കൂട്ടര്‍ മുറുകെ പിടിക്കുന്നത് എല്‍.ഡി.എഫ് വിരുദ്ധതയാണ്. പിന്നോക്ക സംഘടനകളെ തെറ്റിദ്ധരിപ്പിച്ച് എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെ സംവരണ സംരക്ഷണപ്രക്ഷോഭത്തിന് യു.ഡി.എഫിലെ മുഖ്യകക്ഷിയായ മുസ്‌ലിം ലീഗ് ഇറങ്ങിയിരിക്കുകയാണ്' -ലേഖനത്തില്‍ പറയുന്നു.
വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സ്രഷ്ടാവായ ജമാഅത്തെ ഇസ്ലാമിയാണ് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് ചുക്കാന്‍ പിടിക്കുന്നതെന്നും കോടിയേരി ആരോപിക്കുന്നു. ജാതി, മത കലാപത്തിലേക്ക് തള്ളിവിടാനുള്ള ഹീന നീക്കമാണ് നടക്കുന്നത്. 2011 ല്‍ മുന്നാക്ക സംവരണത്തെ അനുകൂലിച്ച ലീഗ് ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമിക്ക് വേണ്ടിയാണ് ഇതിനെ എതിര്‍ക്കുന്നതെന്നും കോടിയേരി ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.
നിയമ വിരുദ്ധമായി ഒന്നും കേരള സര്‍ക്കാര്‍ ചെയ്തിട്ടില്ല. എല്‍.ഡി.എഫിന്റേത് ആരെയും പ്രീണിപ്പിക്കാനുള്ള രാഷ്ട്രീയ കൗശലമല്ല. സാമൂഹ്യ നീതി ഉറപ്പാക്കാനുളള നീക്കമാണെന്നും കോടിയേരി ന്യായീകരിക്കുന്നു. അപാകതകള്‍ ഏതെങ്കിലും വിഭാഗം നേരിടുന്നുവെങ്കില്‍ പരിഹരിക്കാന്‍ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."