ഭൂരേഖ കംപ്യൂട്ടര്‍ വല്‍ക്കരണം: 73 വില്ലേജുകളില്‍ ഇന്നു മുതല്‍ ഓണ്‍ലൈന്‍ പോക്കുവരവ്
കൊച്ചി: ജില്ലയില്‍ റീസര്‍വെ പൂര്‍ത്തിയായ 73 വില്ലേജുകളില്‍ ഇന്നു മുതല്‍ ഓണ്‍ലൈന്‍ പോക്കുവരവ് നിലവില്‍ വരും. കഴിഞ്ഞ ആറു മാസമായി നടക്കുന്ന ഭൂരേഖ ഡിജിറ്റല്‍ വല്‍ക്കരണം വിജയകരമായി പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ പോക്കുവരവ് സാധ്യമായിരിക്കുന്നതെന്ന് ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചു.
അടിസ്ഥാന നികുതി രജിസ്റ്റര്‍, തണ്ടപ്പേര് രജിസ്റ്റര്‍ തുടങ്ങി 22 ലക്ഷത്തോളം രേഖകളാണ് ഡിജിറ്റൈസ് ചെയ്തത്. റീസര്‍വെ പൂര്‍ത്തിയാകാത്ത ജില്ലയിലെ 54 വില്ലേജുകളിലെ ഭൂവിവരങ്ങള്‍ കൂടി മൂന്നു മാസത്തിനുള്ളില്‍ ഡിജിറ്റൈസ് ചെയ്യുമെന്നും കലക്ടര്‍ അറിയിച്ചു.
ഓണ്‍ലൈന്‍ പോക്കുവരവ് പ്രാബല്യത്തിലാക്കുന്നതിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ കലക്ടര്‍ അധ്യക്ഷത വഹിച്ചു. രജിസ്‌ട്രേഷന്‍, റവന്യൂ വകുപ്പുകളിലെയും അക്ഷയ പദ്ധതിയിലെയും ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. വില്‍ക്കാനുദ്ദേശിക്കുന്ന ഭൂമിയുടെ ഉടമസ്ഥര്‍ വില്ലേജ് ഓഫീസില്‍ നിന്നും തണ്ടപ്പേര് അക്കൗണ്ട് ലഭ്യമാക്കി അതിന്റെ അടിസ്ഥാനത്തിലാണ് ആധാരം തയാറാക്കി രജിസ്റ്റര്‍ ചെയ്യേണ്ടത്.
ആധാരങ്ങളില്‍ കൃത്യത ഉറപ്പാക്കുന്നതിനും ഭൂമി വാങ്ങുന്നയാള്‍ക്ക് ശരിയായ വിവരങ്ങള്‍ ലഭിക്കുന്നതിനും തര്‍ക്കങ്ങള്‍ ഒഴിവാക്കുന്നതിനും ഇത് സഹായകമാകും. ആധാരത്തിന്റെ രജിസ്‌ട്രേഷന്‍ കഴിഞ്ഞാല്‍ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ നിന്നും ഇവ സ്‌കാന്‍ ചെയ്ത് വില്ലേജ് ഓഫിസര്‍ക്ക് ലഭ്യമാക്കും.
ഇതോടെ പ്രത്യേക അപേക്ഷ സമര്‍പ്പിക്കാതെ തന്നെ പോക്കുവരവ് സാധ്യമാകുകയും വിവരം എസ്.എം.എസ് മുഖേന ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്യും. ഭൂമി പോക്കുവരവിനുള്ള സമയപരിധി ഒഴിവാക്കാനും സുതാര്യത ഉറപ്പാക്കാനും ഈ സംവിധാനം വഴിയൊരുക്കും. ഇതിനകം പോക്കുവരവ് ചെയ്യാത്ത പഴയ ആധാരങ്ങള്‍ക്കായി പ്രത്യേക സംവിധാനവും സോഫ്റ്റ് വെയറിലുണ്ട്. റവന്യൂ വകുപ്പിന്റെ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ പോക്കുവരവിന്റെ തല്‍സ്ഥിതി അറിയാനും അപേക്ഷകര്‍ക്ക് കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."