എസ്.ബി.ഐയുടെ പകല്‍കൊള്ളയ്ക്കെതിരെ സി.പി.ഐ മാര്‍ച്ച് നടത്തി
ആലപ്പുഴ: എസ്.ബി.ഐയുടെ പകല്‍കൊള്ളയ്ക്കെതിരെ സി.പി.ഐ പ്രവര്‍ത്തകര്‍ മുല്ലക്കല്‍ ശാഖയിലേക്ക് മാര്‍ച്ച് നടത്തി. തുടര്‍ന്ന് നടന്ന ധര്‍ണ്ണ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ടി പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു.
എസ്.ബി.ടിയെ എസ്.ബി.ഐയില്‍ ലയിപ്പിച്ചത് കുത്തകകളുടെ താല്‍പ്പര്യം സംരക്ഷിക്കാനാണെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ ബാങ്കിനെ കോര്‍പ്പറേറ്റ് മേധാവികള്‍ക്ക് അടിയറവെക്കുവനുള്ള നീക്കമാണ് പുതിയ പരിഷ്‌ക്കാരങ്ങള്‍ക്ക് പിന്നില്‍. പണം നിക്ഷേപിച്ചാലും പിന്‍വലിച്ചാലും സര്‍വീസ് ചാര്‍ജ് ഈടാക്കുവനാണ് തീരുമാനം.
സീറോ ബാലന്‍സ് അക്കൗണ്ട് എടുക്കുവാന്‍ വന്‍തോതില്‍ പ്രചരണം നടത്തിയ സര്‍ക്കാര്‍ ഇപ്പോള്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പിഴ ചുമത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. സബ്‌സിഡി, ക്ഷേമപെന്‍ഷനുകള്‍ തുടങ്ങിയ ചെറിയ ആനുകൂല്യങ്ങള്‍ വാങ്ങാന്‍ അക്കൗണ്ട് ആരംഭിച്ചവര്‍ക്ക് നല്‍കുന്ന ചെക്ക് ബുക്കിനുള്ള ഓരോ പേജിനും തുക ഈടാക്കുകയാണ്.
വന്‍തുക വയ്പ്പയെടുത്തശേഷം രാജ്യംവിട്ട ശതകോടീശ്വരന്‍മാരുടെ പേരില്‍ നടപടിയെടുക്കാതെ സാധാരണക്കാരെ ദ്രോഹിക്കുന്ന നടപടികള്‍ക്കെതിരെ ജനങ്ങളെ അണിനിരത്തുമെന്ന് അദ്ദേഹം പറഞ്ഞു. സാധാരണക്കാരുടെ വായ്പയ്ക്കുമേല്‍ ജപ്തി ഭീഷണി പുറപ്പെടുവിക്കുന്ന അധികൃതരാണ് കോടീശ്വരന്‍മാരുടെ കടങ്ങള്‍ എഴുതിതള്ളുന്നത്. മറവിരോഗം ബാധിച്ച പ്രധാനമന്ത്രിയാണ് നരേന്ദ്രമോഡി. വിദേശ രാജ്യങ്ങളിലെ നിക്ഷേപം പിടിച്ചെടുക്കുമെന്ന് വീമ്പെളെക്കിയെങ്കിലും അധികാരത്തില്‍ ഏറിയശേഷം എല്ലാം മറന്നു. വാഗ്ദാനങ്ങള്‍ നിറവേറ്റാതിരിക്കാന്‍ അദ്ദേഹം മുടന്തന്‍ ന്യായങ്ങള്‍ പറയുകയാണ്. ജനങ്ങളെ വലച്ച നോട്ട് നിരോധനം കള്ളപ്പണക്കാരെ പിടിക്കാനുള്ള മാര്‍ഗമായാണ് കേന്ദ്രം പ്രഖ്യാപിച്ചത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും എത്ര കള്ളപ്പണക്കാരെ പിടികൂടിയെന്ന ചോദ്യത്തിന് പാര്‍ലമന്റില്‍പോലും മറുപടി പറയുവാന്‍ മോദിക്കായില്ലെന്നും ടി പുരുഷോത്തമന്‍ പറഞ്ഞു. സംസ്ഥാന കൗണ്‍സില്‍ അംഗം പി ജ്യോതിസ് അധ്യക്ഷനായിരുന്നു.
ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ്, അസിസ്റ്റന്റ് സെക്രട്ടറി പി വി സത്യനേശന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം അഡ്വ. ജി കൃഷ്ണപ്രസാദ്, മണ്ഡലം സെക്രട്ടറിമാരായ വി.എം ഹരിഹരന്‍, ഡി ഹര്‍ഷകുമാര്‍, വി.സി മധു എന്നിവര്‍ സംസാരിച്ചു. ആര്‍ സുരേഷ്, പി.എസ് ഹരിദാസ്, വി.ജെ ആന്റണി, പി.എസ്.എം ഹുസൈന്‍, കമാല്‍ എം മാക്കിയില്‍, ബി നസീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."