പ്രത്യാശ മരിക്കുന്നവരുടെ ടൈംസ്
ഇറാനിയന്‍- കുര്‍ദിഷ് എഴുത്തുകാരനായ, ബെഹുറസ് ബൂചാനി, എഴുതിയ 'No Friend, But The Mountains, Writing From Manus Prison'
എന്ന ഓര്‍മക്കുറിപ്പുകള്‍ എന്ന് വിളിക്കാവുന്ന പുസ്തകം, ഈയടുത്തിടെ ഒത്തിരി ശ്രദ്ധ നേടുകയും, അംഗീകാരങ്ങള്‍ക്ക് അര്‍ഹമാകുകയും ചെയ്തിരുന്നു. പ്രാണരക്ഷാര്‍ഥം ആസ്‌ട്രേലിയയിലെത്തിയ ബൂചാനിയെ, സര്‍ക്കാര്‍, അഭയാര്‍ഥികള്‍ക്കായുള്ള മാനസ് ദ്വീപിലേയ്ക്കയയ്ക്കുകയായിരുന്നു. തടവറയിലെന്ന പോലത്തെ, ആ ജീവിതത്തില്‍ നിന്നു കൊണ്ട് വാട്‌സാപ്പ് സന്ദേശങ്ങളായാണ് അവര്‍ പുസ്തകം എഴുതി തീര്‍ത്തത്. അഭയാര്‍ഥികള്‍, രാഷ്ട്രീയപരമായ അസ്ഥിരതകള്‍ കൊണ്ട് അവര്‍ ചെന്നെത്തുന്ന അരക്ഷിതാവസ്ഥകള്‍, സുരക്ഷാ ഭീഷണികള്‍, തുടങ്ങിയവയെല്ലാം, ഇന്ന് ലോകമെമ്പാടുമുള്ള ജനങ്ങള്‍ ആശങ്കകളോടെ വീക്ഷിക്കുന്നുണ്ട്.
കഥാസാരം
ബായുടെ പശ്ചാത്തലത്തില്‍, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കുടിയേറിത്താമസിക്കുന്നവരുടെ സംഘര്‍ഷങ്ങളും ജീവിതപ്പാച്ചലുകളും വിവരിക്കുന്ന ഒരു നോവലാണ് യാ ഇലാഹി ടൈംസ്.
അല്‍ത്തേബ് എന്ന സിറിയന്‍ പൗരനാണ് കേന്ദ്രകഥാപാത്രം. ആഭ്യന്തര പ്രശ്‌നങ്ങളുടെ പരിണിതഫലമായി, അയാളുടെകുടുംബത്തിന്, പല രാജ്യങ്ങളിലേയ്ക്കായി കുടിയേറിപ്പോകേണ്ടതായി വരുന്നു. ബാബ, മാമ, സഹോദരന്‍ അല്‍ത്തേസ്, അവരെല്ലാം വാട്‌സാപ്പ് സന്ദേശങ്ങളിലൂടെ അവരവരുടെ കഥകള്‍ പറയുന്നു.
സിറിയയില്‍ മെച്ചപ്പെട്ട ബിസിനസ് നടത്തിയിരുന്ന അല്‍ത്തേബിന്റെ ബാബ, ആഭ്യന്തര യുദ്ധം മുന്‍പേ കണ്ട്, തന്റെ സമ്പാദ്യങ്ങളെല്ലാം വിറ്റ്, ഡോളറായി സ്വരൂപിക്കുകയും കുടുംബത്തോടൊപ്പം നാട് വിടാന്‍ തീരുമാനിക്കുകയും ചെയ്യുന്നു. മുന്നോടിയായി അല്‍ത്തേബിനെ അയാള്‍ രാജ്യത്തിന് പുറത്തേയ്ക്ക് ജോലിയ്ക്കായി അയയ്ക്കുന്നു. അല്‍ത്തേസ് എന്ന മകന്‍, നാട്ടിലെ ചെറുപ്പക്കാരുടെ കൂടെ ചേര്‍ന്ന് സൈനിക മേധാവിയ്‌ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നതോടെ, രാജ്യത്തുള്ള ഓരോ ദിവസങ്ങളും ഭീതിജനകമാണെന്ന് കൂടി ബാബ തിരിച്ചറിയുന്നു. ഭീമമായ ഒരു തുക, അസുഖക്കാരിയായ മകള്‍, ഭാര്യ, മകന്‍ എന്നിവരെയും കൊണ്ട് സിറിയയുടെ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്ന അയാള്‍ നിരവധി പരീക്ഷണങ്ങളെ അതിജീവിച്ച് ലെബനോന്റെ അതിര്‍ത്തി കടക്കുന്നു.
ലെബനോനില്‍ നിന്നും അവര്‍, ഷാര്‍ജയിലുള്ള അല്‍ത്തേബിന്റെ അടുത്ത് എത്തുകയും മുഴുവന്‍ സമ്പാദ്യവും അയാളെ ഏല്‍പ്പിക്കുകയും ചെയ്യുന്നു. വിസ പ്രശ്‌നങ്ങള്‍ കാരണം അവിടെ നിന്ന് അവര്‍ ഈജിപ്തിലേയ്ക്ക് പോകുന്നു. അഭയാര്‍ഥികളോടുള്ള ഈജിപ്ഷ്യന്‍ ഗവണ്മെന്റിന്റെ സമീപനങ്ങളോട് പൊരുത്തപ്പെടാനാകാതെ, പിന്നീട്, ഓരോരുത്തരും പല രാജ്യങ്ങളിലേയ്ക്കായി പോകേണ്ടി വരുന്നു. ആ രാജ്യങ്ങളില്‍ നിന്നു കൊണ്ട് അമല്‍ എന്ന ഫാമിലി വാട്‌സാപ്പ് ഗ്രൂപ്പിലേയ്ക്കയക്കുന്ന സന്ദേശങ്ങളിലൂടെ അല്‍ത്തേബ് കാര്യങ്ങള്‍ മനസിലാക്കുകയും 'യാ ഇലാഹി ടൈംസ്' എന്ന് പേരിട്ട് എഴുതി വയ്ക്കുകയും ചെയ്യുന്നു.
പിന്നീട് സംഭവിക്കുന്ന ദുരന്തങ്ങളുടെ വിവരണം, വായനക്കാരെ, ലോകത്തുടനീളം നടക്കുന്ന അഭയാര്‍ഥികളുടെ ദുരിതങ്ങളുടെ നേര്‍ക്കാഴ്ചയിലേക്കാണ് നയിക്കുന്നത്. ദുബായില്‍ ജീവിക്കുന്ന അല്‍ത്തേബിന്റെ ജീവിത പശ്ചാത്തലത്തിലാണ്, ഈ കഥകളൊക്കെയും പറയുന്നത്. ലീനിയര്‍ പാറ്റേണില്ല കഥ പറയുന്നത്. ഫ്‌ളാഷ് ബാക്കുകളും, തിരിച്ച് വര്‍ത്തമാനകാലത്തിലേയ്ക്കുള്ള സഡന്‍ ട്രാന്‍സിഷനുകളൊക്കെയായി, ചെറിയൊരു കണ്‍ഫ്യൂഷന്‍, വായനക്കാര്‍ക്ക് സംഭവിച്ചേക്കാമെന്ന് തോന്നിയെങ്കിലും, 'യാ ഇലാഹി ടൈംസ്' എന്ന പതിനഞ്ചാമധ്യായം, ഒരു തുറന്ന എഴുത്തിലൂടെ കഥാഗതിയെ ഉറപ്പിച്ച് നിര്‍ത്തുന്നുണ്ട്. ശ്രീലങ്കന്‍ വംശജനായ അതുരതരംഗ, പ്രണയിനിയായ തമിഴ് വംശജ നളിനകാന്തി, അല്‍ത്തേബിന്റെ, മാര്‍ഗരറ്റ് എന്ന ഫിലിപ്പീനി ഗേള്‍ഫ്രണ്ട്, പിന്നീട് അവളുടെ ചതിയിലൂടെ കുരുക്കിലായിപ്പോകുന്ന അല്‍ത്തേബിന്റെ ജീവിതം, കാനഡയില്‍ നിന്നുള്ള ഡോ. നിക്കോളസും ഭാര്യയും എല്ലാം നോവലിനെ, വലിയൊരു ഡൈമെന്‍ഷനുള്ളതാക്കി തീര്‍ത്തിരിക്കുന്നു.
അല്‍ത്തേബ് വളര്‍ത്തുന്ന, അമല്‍ എന്ന പേരിട്ടിരിക്കുന്ന പൂച്ചയുടെ വര്‍ത്തമാനത്തോടെ നോവല്‍ ആരംഭിക്കുകയും അവസാനിക്കുകയും ചെയ്തിരിക്കുന്നു.
മലയാള സാഹിത്യത്തില്‍, പുതിയ ശ്രേണിയിലെ എഴുത്തുകാര്‍, കാണിക്കുന്ന ദിശാബോധത്തെ പൂര്‍ണ്ണമായും എടുത്തു കാണിക്കുന്ന ഒരു കൂട്ടം കൃതികളില്‍, എടുത്തു പറയേണ്ട ഒരു നോവലായിട്ടാണ് 'യാ ഇലാഹി ടൈംസ്' എന്ന് തോന്നിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലിക്കും മറ്റുമായി മലയാളികള്‍ നടത്തുന്ന കാലാകാലങ്ങളായുള്ള യാത്രകളുടെയും ജീവിതങ്ങളുടെയും പ്രതിഫലനം മലയാളത്തിലെ ചെറുകഥ, നോവല്‍ രംഗത്ത് ഏറ്റവും കൂടുതലായി കാണപ്പെടുന്ന വര്‍ഷങ്ങളിലൂടെയാണ് കടന്ന് പോകുന്നത്.
അനിലിന്റെ നോവല്‍, ഘടനകൊണ്ടും പ്രമേയ സ്വീകരണം കൊണ്ടും ലളിതമായ ഭാഷ കൊണ്ടും പുതിയ ഒരു വായനാനുഭവം നല്‍കുന്നുണ്ട്. അതിലുപരി, നോവലിലെ കഥാപാത്രങ്ങള്‍ അത്രമേല്‍ വൈകാരികതയോടെ വായനക്കാരെ പൂര്‍ണമായും കീഴടക്കുന്നുമുണ്ട്. കേരളത്തില്‍ ജീവിക്കുന്ന നമ്മള്‍, കേട്ടും വായിച്ചും മാത്രമറിഞ്ഞ ആഭ്യന്തര യുദ്ധങ്ങളുടെയും, സ്വന്തം നാടുപേക്ഷിച്ച്, ഓടിപ്പോകേണ്ടി വരുന്നവരുടെയും അവസ്ഥകള്‍, കണ്‍മുമ്പില്‍ കാണുന്നു എന്ന പോലെ അനുഭവിപ്പിക്കാനുള്ള ശ്രമം വിജയിച്ചിട്ടുണ്ടെന്ന് പറയാം.
ശുഭപര്യവസായി ആയ ഒരു നോവലല്ല ഇത്. യുദ്ധവും പീഡനങ്ങളും മരണങ്ങളും അരക്ഷിതാവസ്ഥകളും ചതിയുമെല്ലാം കൂടിക്കുഴഞ്ഞ് പ്രത്യാശയില്ലാതെയായിപ്പോകുന്ന ഒരു വിഭാഗം ജനങ്ങളുടെ ജീവിതമാണിത്.
നോവലിലേക്കുള്ള വാതില്‍ നാലു വര്‍ഷം നീണ്ട ദുബായ് ജീവിതം
അനില്‍ ദേവസ്സി/ ദിവ്യ ജോണ്‍ ജോസ്
Literary Critism ഒരു ഭാഷയെ സാഹിത്യത്തെ, വായനക്കാരനെപ്പോലെ തന്നെ, പരിപോഷിപ്പിക്കുന്ന ഒന്നാണ്. അഥവാ അത്തരം ഒന്നാകേണ്ട ഒരു ശാഖയാണ് നിരൂപണ സാഹിത്യം. തട്ടിക്കൂട്ട് കൃതികളെ, പരസ്യവാചകങ്ങള്‍ക്കും മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ക്കും മേലെ തിരിച്ചറിയാനും, നല്ല കൃതികളെ വായനക്കാര്‍ക്ക് പരിചയപ്പെടുത്താനും വിവരമുള്ള വല്ലവരും ഉണ്ടായിരുന്നെങ്കില്‍ എന്ന്, ഏത് വായനക്കാരനാണ് ആഗ്രഹിക്കാത്തത്? മലയാളത്തിലെ നിരൂപണ സാഹിത്യത്തെക്കുറിച്ച്, അനിലിന്റെ അഭിപ്രായങ്ങള്‍ എന്തൊക്കെയാണ്?
ഒരു ഭാഷയെ, സാഹിത്യത്തെ, പരിപോഷിക്കേണ്ട ഒന്നാണ് നിരൂപണസാഹിത്യം. അത്, അതിന്റെ കര്‍ത്തവ്യം കൃത്യമായി നിര്‍വഹിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ആദ്യം കവിതയെഴുതി നോക്കി പിന്നെ കഥയും നോവലും കടന്ന് ലേഖനമെഴുത്തായി. അതും ഏല്‍ക്കുന്നില്ലെന്ന് കണ്ടപ്പോള്‍ നേരെ നിരൂപണത്തിലേക്ക് കടക്കുന്ന ഒരുപാട് പേരെ ഇപ്പോള്‍ കാണാനാകുന്നുണ്ട്. അവര്‍ തീര്‍ച്ചയായിട്ടും ഭാഷയെ, സാഹിത്യത്തെ വളര്‍ത്താനുതകുന്ന ഒന്നും തന്നെ ചെയ്യുമെന്ന് തോന്നുന്നില്ല. പ്രത്യേക താല്‍പര്യങ്ങളെ അല്ലെങ്കില്‍ വ്യക്തികളെ മാത്രം കേന്ദ്രീകരിച്ച് മുന്നേറുന്ന ഒരുപാട് നിരൂപകരെ നമുക്ക് കാണാന്‍ സാധിക്കും. എന്തൊക്കെ തന്നെയാണെങ്കിലും വായന മരിച്ചിട്ടൊന്നുമില്ല. അതാണല്ലോ പ്രധാനം. പുസ്തകങ്ങളായും ഇലക്ട്രോണിക് രൂപങ്ങളായും വായന ഇപ്പോഴും നടക്കുന്നുണ്ട്.
ഞാന്‍ നല്ലതെന്ന് പറയുന്ന ഒരു പുസ്തകം മറ്റൊരു വായനക്കാരെ തൃപ്തിപ്പെടുത്തണമെന്നില്ല. മറ്റൊരാള്‍ മികച്ചതെന്ന് അഭിപ്രായപ്പെടുന്ന പുസ്തകം എന്റെ മനസിനെ തൊടണമെന്നുമില്ല. വായന തികച്ചും അവനവന്റെ ആനന്ദം മാത്രമാണ്. നിരൂപണങ്ങളും പഠനങ്ങളും നോക്കി പുസ്തകം വാങ്ങാന്‍ പോകുന്ന എത്രശതമാനം ആളുകളുണ്ടാകും? അവനവന്റെ അഭിരുചികള്‍ക്ക് ഇണങ്ങുന്ന പുസ്തകങ്ങളെ തേടിപ്പിടിക്കാന്‍ ഒരു വായനക്കാരന്‍ കാലക്രമേണ പരിശീലനം നേടിയെടുക്കുമെന്നാണ് എനിക്ക് തോന്നിയിട്ടുളളത്. അതിലേക്ക് വഴിതെളിക്കുന്ന അനേകം കാര്യങ്ങളെ വായനക്കാര്‍ സ്വയം കണ്ടെത്തുക തന്നെചെയ്യും.
Writing Is An Act Of Theivery ഖാലിദ് ഹൊസൈനി പറഞ്ഞിട്ടുള്ളതാണിത്. എഴുത്ത് ഒരു തരം മോഷണമാണെന്ന്. അദ്ദേഹത്തിന്റെ പുസ്തകത്തിലെ കഥയും കഥാപാത്രങ്ങളും, തന്റെ ജീവിത പരിസരങ്ങളില്‍ നിന്ന് തന്നെ കണ്ടെടുത്തതായിരിക്കണം, ഒരു പരിധി വരെ, ഈ പ്രസ്താവനയ്ക് കാരണം. സല്‍മാല്‍ റുഷ്ദി മിഡ്‌നൈറ്റ് ചില്‍ഡ്രന്‍ എന്ന നോവലില്‍ തന്റെ പിതാവിനോട് സാദൃശ്യമുള്ള ഒരു കഥാപാത്രത്തെ ഉള്‍പ്പെടുത്തിയതും അത് വായിച്ച പിതാവ് ക്ഷോഭിച്ചതുമെല്ലാം വായിച്ച് കേട്ടിട്ടുണ്ട്. നോര്‍വീജിയന്‍ എഴുത്തുകാരനായ, നോസ്ഗാഡ്, ഏതൊരു അഭിമുഖത്തിലും നേരിടുന്ന ചോദ്യമാണ്, അദ്ദേഹത്തിന്റെ നോവലെന്നോ ഓര്‍മക്കുറിപ്പെന്നോ വിശേഷിപ്പിക്കുന്ന 'മൈ സ്ട്രഗിള്‍സ്' എന്ന പേരില്‍ ആറോളം പുസ്തകങ്ങളായി ഇറങ്ങിയ സീരീസിനെക്കുറിച്ച്, അതിലെ കഥാപാത്രങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍. സഹോദരങ്ങളും ബന്ധുക്കളൊക്കെത്തന്നെയാണ് കഥാപാത്രങ്ങള്‍ എന്നതാണ് അതിന്റെ പ്രത്യേകത. എഴുത്തുകാരന്‍, അവന്റെ ചുറ്റിലുമുള്ള പരിസരങ്ങളെയും ആളുകളെയും അവരുടെ അനുഭവങ്ങളെയും ഫിക്ഷന്റെ സാധ്യതകളുപയോഗിച്ച് പുസ്തമാക്കുന്നു എന്നത് സാധാരണമാണ്. 'യാ ഇലാഹി ടൈംസിലെ' കഥാപാത്രങ്ങളെ അനില്‍ എവിടെ നിന്നാണ് കണ്ടെടുത്തത്? പ്രത്യേകിച്ച് പാലായനവും ക്യാംപുകളും അവിടെ നടക്കുന്ന മരവിപ്പിക്കുന്ന ചില കാഴ്ചകളൊക്കെ യാഥാര്‍ഥ്യമെന്നോളം വായനക്കാരെ അസ്വസ്ഥമാക്കുന്നുണ്ട്. ഇതിനെപ്പറ്റി?
നാലുവര്‍ഷം നീണ്ട ദുബായ് ജീവിതം തന്ന കാഴ്ചകളും ചിന്തകളുമാണ് യാ ഇലാഹി ടൈംസ് എന്ന നോവലിലെ കഥാപാത്രങ്ങള്‍. നാട്ടിലെ ചുറ്റുപാടില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ലോകത്തിലേക്കായിരുന്നു ഞാന്‍ എത്തിപ്പെട്ടത്. വിവിധ രാജ്യങ്ങളില്‍ നിന്നുളള മനുഷ്യര്‍. പലതരം ജീവിതരീതികള്‍. വ്യത്യസ്തമായ ഭാഷകള്‍ രുചികള്‍.
എനിക്കൊപ്പം പലരാജ്യങ്ങളില്‍ നിന്നുമുളള ആളുകള്‍ ജോലിചെയ്യുന്നുണ്ടായിരുന്നു. അവരുമായിട്ടുളള സംസാരങ്ങളില്‍ നിന്നുമാണ് പല രാജ്യങ്ങളിലേയും നിലവിലെ അവസ്ഥകളെ പറ്റി അറിയാന്‍ കഴിഞ്ഞത്. സിറിയയില്‍ നിന്നുമുളള എന്റെ സഹപ്രവര്‍ത്തകനിലൂടെയാണ് സിറിയയെക്കുറിച്ച് ഞാന്‍ കൂടുതല്‍ അറിയുന്നത്. അതിനിടയിലെപ്പോഴോ അത്തരം കാഴ്ചകളെ, ജീവിതങ്ങളെ, അടയാളപ്പെടുത്താനുളള ശ്രമങ്ങള്‍ എന്റെ മനസില്‍ നടക്കുന്നുണ്ടായിരുന്നു. അതങ്ങനെ പല കാലങ്ങളിലൂടെ രൂപങ്ങളിലൂടെ വെട്ടിയും തിരുത്തിയും യാ ഇലാഹി ടൈംസ് എന്ന നോവലിലേക്ക് എത്തിച്ചേര്‍ന്നു.
എഴുത്ത് ഭാവന മാത്രമല്ല, ബൗദ്ധികപരമായിട്ടുള്ള ശ്രമങ്ങള്‍ കൂടി ആവശ്യമുള്ള ഒരു പ്രോസസ്സ് ആണെന്ന് പറഞ്ഞാല്‍ നിഷേധിക്കുമോ? എഴുത്തിനെ കറയറ്റതാക്കി മാറ്റാന്‍ വായനയും ചിട്ടയായ എഴുത്തുരീതികളും വായനക്കാരുടെ അഭിരുചികള്‍ മുന്നേ അറിഞ്ഞു കൊണ്ട് ഉണ്ടാക്കിയെടുക്കുന്ന ക്രാഫ്റ്റുമെല്ലാം ഒരു പുസ്തകത്തിന്റെ വിജയത്തിന് അനിവാര്യമായ ഫോര്‍മുലകളാണെന്ന് പറയുന്നതിനോട് യോജിക്കുന്നുണ്ടോ?
തീര്‍ച്ചയായും. എഴുത്ത് ബൗദ്ധികപരമായിട്ടുളള ശ്രമങ്ങള്‍ കൂടി ആവശ്യമുളള ഒരു പ്രോസസ്സ് തന്നെയാണ്. ഈയിടെ നമ്മളെ വിട്ടുപോയ പ്രശസ്ത എഴുത്തുകാരന്‍ എം. സുകുമാരന്‍ സാറിന്റെ അഭിമുഖത്തില്‍ അദ്ദേഹം ഇങ്ങനെ പറയുന്നു.
'വളരെ ക്ലേശകരമായ ഒരു പ്രവൃത്തിയാണ് എനിക്ക് എഴുത്ത്. മനസില്‍ നിറഞ്ഞു നില്‍ക്കുന്നത് മുഴുവനും കഥകളാണ്. പക്ഷെ, എഴുതുക എളുപ്പമല്ല. ആത്മസംഘര്‍ഷങ്ങള്‍, ഒരുപാട് ഉത്കണ്ഠകള്‍, വായനക്കാര്‍ എങ്ങനെ പ്രതികരിക്കുമെന്ന സന്ദേഹങ്ങള്‍, അത്രയ്ക്ക് ബുദ്ധിമുട്ടാണ്. വല്ല റോഡുപണിക്കാരനും ആയാല്‍ മതിയെന്ന് തോന്നിപ്പോകും. എഴുതും. വീണ്ടും മാറ്റിയെഴുതും. തൃപ്തി തോന്നുന്നതുവരെ തിരുത്തും. വായനക്കാരെ ഭയമാണ്. ആദ്യവായനക്കാരന്‍ നമ്മള്‍ തന്നെയാണ്. വലിയ പ്രയാസമാണ്. ഒരു പക്ഷേ എഴുത്ത് നിര്‍ത്തിയതിന്റെ പ്രധാനകാരണം തന്നെ ഇതാണ്. ഇതൊന്നും ആര്‍ക്കും പറഞ്ഞാല്‍ മനസിലാവില്ല; സ്വന്തം ഭാര്യയ്ക്കുപോലും.'
അദ്ദേഹം പറഞ്ഞതു തന്നെയായിരിക്കും ഒരുപക്ഷേ എല്ലാ എഴുത്തുക്കാരനും പറയാനുണ്ടാകുക. എന്നിട്ടും എഴുതുന്നു. മനസില്‍ കെട്ടികിടക്കുന്ന കഥകളേയും കഥാപാത്രങ്ങളേയും പുറത്തേക്കിറക്കിവിട്ട് അല്‍പം സ്വസ്ഥതയ്ക്കുവേണ്ടി എഴുതി പൂര്‍ത്തിയാക്കുന്നു. വായനകൊണ്ടും ചിട്ടയായ എഴുത്ത് രീതികള്‍ കൊണ്ടും സ്വയം രാകിമിനുക്കാന്‍ കഴിയും. എന്നുവച്ച് അതുകൊണ്ട് മാത്രം ഒരു മികച്ച സൃഷ്ടിയുണ്ടാകണമെന്നില്ല. വായനക്കാരന്റെ അഭിരുചികളെ മുന്‍കൂട്ടികണ്ട് അതിനുതകുന്ന കഥയുണ്ടാക്കി അതിനെ കൃത്രിമമായ ഒരു ക്രാഫ്റ്റിലേക്ക് ഒഴുക്കി ഒരു പുസ്തകമുണ്ടാക്കിയെടുത്താല്‍ അതു വിജയിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ഇതെല്ലാം സ്വാഭാവികമായി സംഭവിക്കേണ്ട കാര്യങ്ങളാണ് എന്നാണ് എന്റെയൊരു തോന്നല്‍. തീര്‍ച്ചയായിട്ടും ഒരു എഴുത്തുക്കാരന്‍ ബോധപൂര്‍വ്വം തിരഞ്ഞെടുക്കുന്ന ചില തീരുമാനങ്ങളുണ്ട്. പക്ഷെ ഒരു വിത്ത് പൊട്ടിമുളയ്ക്കുക തന്നെ വേണം.
എഴുത്തുകാരുടെ പൊളിറ്റിക്കല്‍ കറക്ട്‌നെസിനെപ്പറ്റി പലപ്പോഴും വാദങ്ങളും വിവാദങ്ങളും നടക്കുന്നുണ്ട്. എഴുത്തുകാര്‍ വധിക്കപ്പെടുകയും പുസ്തകങ്ങള്‍ നിരോധിക്കപ്പെടുകയും ചെയ്യുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. എഴുത്തുകാരുടെ സോഷ്യല്‍ സ്‌പേസിനെക്കുറിച്ച്, അവരുടെ എഴുത്തുകളുടെ രാഷ്ട്രീയമാനങ്ങളെക്കുറിച്ച് അനിലിന്റെ നിരീക്ഷണങ്ങള്‍ പങ്കുവയ്ക്കാമോ?
എഴുത്തുക്കാരന്‍ വധിക്കപ്പെടുകയും പുസ്തകങ്ങള്‍ നിരോധിക്കപ്പെടുകയും ചെയ്യുന്ന ഒരു സമൂഹത്തില്‍ ഓരോ എഴുത്തുകാരനും അവന്റെ രചനകളിലൂടെ കൃത്യമായ രാഷ്ട്രീയ ഇടപെടല്‍ തന്നെയാണ് നടത്തിവരുന്നത്. വ്യക്തികള്‍ എന്ന നിലയിലുളള രാഷ്ട്രീയ ചായ്‌വുകളോ നിലപാടുകളോ മാറ്റിനിര്‍ത്തിയാന്‍ ഓരോ എഴുത്തുകാരനും തീര്‍ച്ചയായും മനുഷ്യപക്ഷത്തു തന്നെ നിലകൊളളുന്നവനായിരിക്കണം. ജാതി മത ദേശ ഭാഷ വ്യത്യാസമില്ലാതെ ലോകത്തെമ്പാടുമുളള നീതിനിഷേധിക്കപ്പെട്ട മനുഷ്യര്‍ക്കൊപ്പം നില്‍ക്കുക, അവനുവേണ്ടി ശബ്ദിക്കുക എന്നതുതന്നെയാണ് എഴുത്തിന്റെ രാഷ്ട്രീയമാനം. എഴുത്തുകാര്‍ എന്ന ലേബല്‍ മാറ്റിവച്ചാല്‍ ഓരോ വ്യക്തികളും അത്തരമൊരു ചിന്തയിലേക്കാണ് വളരേണ്ടത്.
പുതിയ എഴുത്തുകള്‍?
കഥകളും കുറേ കഥാപാത്രങ്ങളും അവരുടെ ചിന്തകളുമൊക്കെ മനസിലങ്ങനെ കിടപ്പുണ്ട്. സമയമില്ലെന്ന പതിവ് പല്ലവികള്‍. മടി, ഉറക്കം, ദുബായ് ജീവിതത്തിലെ ഓട്ടങ്ങള്‍, കുടുംബം, എന്നൊക്കെ പറഞ്ഞ് തല്‍ക്കാലം മുങ്ങുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."