പച്ചത്തേങ്ങ സംഭരണം തുടങ്ങിയില്ല: കേര കര്‍ഷകര്‍ ദുരിതത്തില്‍
എം. അപര്‍ണ
കോഴിക്കോട്: കേരഫെഡ് പച്ചത്തേങ്ങ സംഭരണം തുടങ്ങാത്തതിനാല്‍ കേര കര്‍ഷകര്‍ ദുരിതത്തില്‍. നിലവില്‍ സ്വകാര്യ മാര്‍ക്കറ്റിലാണ് കര്‍ഷകര്‍ വിപണി കണ്ടെത്തുന്നത്. നല്ല വില ലഭിക്കാതായതോടെ കിട്ടുന്ന വിലയ്ക്ക് തേങ്ങ കൊടുത്ത് കൈയൊഴിയാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാവുകയാണ്.
കൃഷിഭവനുകള്‍ വഴി 2012ല്‍ ആരംഭിച്ച പച്ചത്തേങ്ങ സംഭരണം കര്‍ഷകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍, വന്‍തോതില്‍ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു. പിന്നീട് കേരഫെഡ് എം.ഡിയുടെ റിപ്പോര്‍ട്ടുപ്രകാരം പ്രാഥമിക സഹകരണ സംഘങ്ങളും വിപണന സംഘങ്ങളും വഴി സംഭരണം തുടങ്ങാന്‍ തീരുമാനിക്കുകയും 2017ഒക്ടോബര്‍ 26ന് കൃഷി വകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിറക്കുകയും ചെയ്തു.
വില നിശ്ചയിക്കുന്നതുള്‍പ്പെടെയുള്ള വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കാന്‍ കൃഷി ഡയരക്ടറെ ചുമതലപ്പെടുത്തിയെങ്കിലും തുടര്‍നടപടിയുണ്ടായില്ല. വില നിയന്ത്രിക്കാന്‍ വിദഗ്ധസമിതി രൂപീകരിക്കണമെന്ന ഉത്തരവും നടപ്പായില്ല. സര്‍ക്കാരില്‍ നിന്ന് ആവശ്യമായ ഫണ്ട് ലഭിക്കാത്തതാണ് സംഭരണം തുടങ്ങാന്‍ വൈകുന്നതെന്ന് കേരഫെഡ് കോഴിക്കോട് റീജ്യണല്‍ മാനേജര്‍ വി.വി ഹംസ പറയുന്നു.
അതിവര്‍ഷവും അതിഉഷ്ണവും കാരണം കേരളത്തില്‍ നാളികേരത്തിന്റെ ഉല്‍പാദനം ഈ വര്‍ഷം കുറഞ്ഞിരിക്കുകയാണ്. അതിനൊപ്പം വര്‍ധിച്ചുവരുന്ന കൃഷി ഉല്‍പാദന ചെലവും കര്‍ഷരുടെ നടുവൊടിക്കുന്നതാണ്. പച്ചപിടിച്ചുവരികയായിരുന്ന നാളികേര കൃഷിമേഖല ഇതോടെ വീണ്ടും പ്രതിസന്ധിയിലായി.
മുന്‍പ് പൊതുവിപണിയില്‍ ഒരു കിലോ നാളികേരത്തിന് 45 രൂപ വരെ ഉണ്ടായിരുന്നു. എന്നാലിന്ന് ഒരു കിലോ നാളികേരത്തിന് 25 രൂപയാണ് വില.
കര്‍ഷകരെ രക്ഷിക്കാന്‍ കിലോയ്ക്ക് 40 രൂപ നിരക്കില്‍ പച്ചത്തേങ്ങ നേരിട്ട് സംഭരിക്കാന്‍ സംസ്ഥാന സര്‍ക്കാരും കേരഫെഡും മുന്നോട്ടുവരണമെന്ന് കേര കര്‍ഷക സംഘം ജനറല്‍ സെക്രട്ടറി ചന്ദ്രന്‍ തിരുവലത്ത് പറഞ്ഞു. പ്രശ്‌നത്തില്‍ സര്‍ക്കാര്‍ എത്രയുംപെട്ടെന്ന് ഇടപെടണമെന്നാവശ്യപ്പെട്ട് 22ന് മുഖ്യമന്ത്രിക്കും കേരഫെഡ് ഡയരക്ടര്‍ക്കും നിവേദനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."