ഓണ്‍ലൈന്‍ ബാങ്കിങ് തട്ടിപ്പുസംഘത്തിലെ മൂന്നുപേര്‍ പിടിയില്‍
പെരിന്തല്‍മണ്ണ: ഓണ്‍ലൈന്‍ ബാങ്കിങ് വഴി തട്ടിപ്പുനടത്തുന്ന സംഘത്തിലെ മൂന്നുപേര്‍ പെരിന്തല്‍മണ്ണയില്‍ പിടിയിലായി. പെരിന്തല്‍മണ്ണ സ്വദേശികളായ പട്ടാണി സക്കീര്‍ഹുസൈന്‍ (30), അത്തിക്കാട്ടില്‍ മുഹമ്മദ് തസ്‌ലീം (28), മണ്ണാര്‍മല സ്വദേശി അയിലക്കര അബ്ദുള്‍ ബാരിസ് (27) എന്നിവരാണ് പിടിയിലായത്. ഉത്തരേന്ത്യന്‍ തട്ടിപ്പുസംഘത്തിന്റെ കേരളത്തിലെ കണ്ണികളാണ് പിടിയിലായവര്‍.
ഇവരുടെ പക്കല്‍നിന്ന് പല പേരുകളിലുള്ള 60ഓളം പ്രമുഖ ബാങ്കുകളുടെ എ.ടി.എം കാര്‍ഡുകളും മൂന്നുലക്ഷത്തിലധികം രൂപയും ലഭിച്ചു. മലപ്പുറം ജില്ല പൊലിസ് മേധാവി പ്രതീഷ്‌കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം.പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം പ്രധാന ടൗണുകളിലെ എ.ടി.എം കൗണ്ടറുകളുടെ സമീപത്തും പരിസരത്തുമായി നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
മൊബൈല്‍ വഴി ബന്ധപ്പെട്ടാണ് ഇവര്‍ ഇരകളെ വലയിലാക്കുന്നത്. വമ്പന്‍ തുകയുള്ള ഓണ്‍ലൈന്‍ ലോട്ടറിയടിച്ചിട്ടുണ്ടെന്നും തുക ലഭിക്കണമെങ്കില്‍ ജി.എസ്.ടി, ടാക്‌സ് എന്നീ ഇനത്തില്‍ 25000 മുതല്‍ 50000 രൂപ വരെ തങ്ങളുടെ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്നും സംഘം ആവശ്യപ്പെടും. വിശ്വാസ്യത വരുത്തുന്നതിന് വ്യാജമായി നിര്‍മിച്ച രേഖകളും സംഘം അയച്ചുകൊടുക്കും. സംഘത്തിന്റെ മോഹനവാഗ്ദാനങ്ങളില്‍ വിശ്വസിച്ച് ആളുകള്‍ പണം ഇവര്‍ പറയുന്ന അക്കൗണ്ടില്‍ നിക്ഷേപിക്കും. പണം അക്കൗണ്ടിലെത്തിയ ഉടന്‍ എ.ടി.എം കൗണ്ടറിനടുത്ത് നിലയുറപ്പിച്ചിരിക്കുന്ന സംഘത്തിലുള്ളവരെ വിവരമറിയിക്കുകയും ഉടന്‍ തുക പിന്‍വലിക്കുകയും ചെയ്യും. പിന്നീട് ഉത്തരേന്ത്യക്കാരായ പ്രധാനസംഘത്തിന് പണം സംഘാംഗങ്ങള്‍ കൈമാറുകയും തങ്ങളുടെ വിഹിതം കൈപ്പറ്റുകയും ചെയ്യും.
മുന്‍പ് ഓണ്‍ലൈന്‍ തട്ടിപ്പുവഴി ലഭിക്കുന്ന പണം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തന്നെയുള്ള ഏതെങ്കിലും വ്യാജ അക്കൗണ്ടുകള്‍ വഴി ഓണ്‍ലൈന്‍ പര്‍ച്ചേസിനാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് മാറി പണമായിത്തന്നെ കൈക്കലാക്കാനുള്ള വഴിയും ഉത്തരേന്ത്യന്‍ തട്ടിപ്പുലോബികള്‍ കണ്ടെത്തിയിരിക്കുന്നു.
കേരളത്തിലെ മറ്റു ജില്ലകളിലെ കണ്ണികളെക്കുറിച്ച് വിവരം ലഭിച്ചതായും പ്രതികളുടെ കൈയില്‍നിന്ന് ലഭിച്ച എ.ടി.എം കാര്‍ഡുകളുപയോഗിച്ച് നടത്തിയ മുഴുവന്‍ ഇടപാടുകളും പരിശോധിക്കുമെന്നും പ്രത്യേക അന്വേഷണസംഘത്തലവന്‍ കൂടിയായ പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി മോഹനചന്ദ്രന്‍ അറിയിച്ചു. പെരിന്തല്‍മണ്ണ എസ്.ഐ മഞ്ജിത്ത് ലാല്‍, ഷാഡോ പൊലിസ് ടീമിലെ മുരളീധരന്‍, കൃഷ്ണകുമാര്‍, മനോജ്കുമാര്‍, അനീഷ്, ദിനേഷ്, ജയമണി, ഷാജി എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."