'കൂടെ വന്നു, കൂട്ടു നിന്നു, ഓങ്ങിയ വാളുകള്‍ക്കു മുമ്പില്‍ അവള്‍ പരിചയായി'- സംഘ് ഭീകരര്‍ക്കു മുന്നില്‍ രക്ഷകയായ ഹിന്ദു യുവതിയെ ഓര്‍ത്തെടുത്ത് മുസ്‌ലിം കുടുംബം
അലിഗഢ്: വര്‍ഗീയതയുടേയും വംശീയതയുടേയും പേരിലുള്ള അക്രമങ്ങളും കൊലപാതകങ്ങളും ഏറി വരുന്നിടത്ത് പ്രതീക്ഷയുടെ ചില നാളങ്ങള്‍. യു.പി അലിഗഢിലെ രണ്ട് വയസ്സുകാരിയുടെ കൊലപാതകത്തിന് വര്‍ഗീയതയുടെ നിറം പകര്‍ന്ന് വര്‍ഗീയ സംഘര്‍ഷം അഴിച്ചു വിടുന്ന സംഘപരിവാര്‍ ഭീകരര്‍ക്കിടയില്‍ നിന്ന് മുസ്‌ലിം കുടുംബത്തെ രക്ഷിച്ചത് 24കാരിയായ ഹിന്ദു യുവതി. യാദ്ൃശ്ചികമായി സംഘത്തിനു മുന്നില്‍ ചാടിവീണ് അവരെ രക്ഷിക്കുകയായിരുന്നില്ല അവര്‍. അവരോടൊപ്പം നിന്ന് അവര്‍ക്കു കൂട്ടുപോയി അവരുടെ സുരക്ഷ ഉറപ്പു വരുത്തുകയായിരുന്നു.
ഉത്തര്‍പ്രദേശിലെ ജട്ടാരിയില്‍ ഞായറാഴ്ചയാണ് സംഭവം. ഹരിയാന ബാലഭ്ഗറിലെ ഷാഫി മുഹമ്മദ് അബ്ബാസും കുടുംബവും ഒരു വിവാഹ നിശ്ചയത്തില്‍ പങ്കെടുക്കാനായി പോവുകയായിരുന്നു. സംഘര്‍ഷാവസ്ഥയെ കുറിച്ച് അറിയുന്നതു കൊണ്ട് അവരുടെ അയല്‍ക്കാരിയും കുടുംബസുഹൃത്തുമായ പൂജ ചൗഹാനും ഒപ്പം കൂടി. തലയില്‍ തട്ടമണിഞ്ഞ സ്ത്രീകളെ വാഹനത്തില്‍ കണ്ടതോടെ കാവിയണിഞ്ഞ അക്രമികള്‍ ഇവര്‍ക്കു നേരെ ചാടി വീണു. ഇരുമ്പുവടികള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. ഉടന്‍ പൂജ വാഹനത്തില്‍ നിന്നും ഇറങ്ങി അക്രമികള്‍ക്കും തങ്ങള്‍ക്കുമിടയില്‍ മറയായി നിന്നു- ഷാഫി ഓര്‍ക്കുന്നു.
' നിങ്ങളെന്തിനാണ് നിരപരാധികളുടെ ജീവനു പിന്നാലെ കൂടിയിരിക്കുന്നത്. രണ്ടുവയസ്സുകാരിയുടെ മരണത്തില്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും വിഷമമുണ്ട്. ആ സംഭവം ഞങ്ങള്‍ക്കു ഒരു ഞെട്ടലാണ്'- അക്രമികള്‍ക്കു മുന്നില്‍ പൂജ തീജ്വാലയായി. അവളുടെ വീര്യത്തിനു മുന്നില്‍ അക്രമികള്‍ക്കു കീഴടങ്ങേണ്ടു വന്നു. നിറകണ്ണുകളോടെ ഷാഫി പറയുന്നു. 'അവളെന്റെ മകളെപ്പോലെയാണ്. അവളില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ കൊല്ലപ്പെട്ടേനെ'- ഷാഫി വീണ്ടും വികാരാധീനനായി.
അക്രമികളിലൊരാള്‍ തങ്ങള്‍ക്കു താക്കോല്‍ തിരികെനല്‍കി പെട്ടെന്ന് ഓടിപ്പൊയ്‌ക്കോളാന്‍ പറയുകയായിരുന്നുവെന്ന് ഷാഫി പറയുന്നു. തുടര്‍ന്ന് അവിടെനിന്ന് ഓടിയ അവര്‍ എങ്ങനെയോ അലിഗഢില്‍ എത്തിച്ചേരുകയായിരുന്നു. അക്രമത്തില്‍ ഡ്രൈവറുടെ കൈകള്‍ക്കു കാര്യമായ പരിക്കേറ്റിട്ടുണ്ട്.
രാജ്യത്തെ ഓരോ പൗരനും മാതൃകയാണ് പൂജയെന്ന് അലിഗഢ് എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ ഹാജി സമീറുള്ള ഖാന്‍ പറഞ്ഞു. മനുഷ്യത്വം കാണാന്‍ സാധിക്കാത്ത ഈ സമയത്ത് അവര്‍ അതിനൊപ്പം ധൈര്യപൂര്‍വം നിന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. രണ്ടരവയസ്സുകാരിയുടെ മരണത്തെ മുതലെടുത്ത് സമൂഹത്തെ ധ്രുവീകരിക്കാനുള്ള ശ്രമം എതിര്‍ക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തേ അലിഗഢില്‍ രണ്ടരവയസ്സുകാരി കൊല്ലപ്പെട്ട സംഭവം ഏറെ വിവാദമായിരുന്നു. സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായിരുന്നു. സാഹിദ്, അസ്‌ലം എന്നിവരാണ് അറസ്റ്റിലായത്. ജൂണ്‍ രണ്ടിനായിരുന്നു പെണ്‍കുട്ടി കൊല്ലപ്പെട്ടത്.
പെണ്‍കുട്ടിയുടെ കുടുംബവുമായുള്ള സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. എന്നാല്‍ സംഭവത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ വ്യാപകശ്രമം നടന്നിരുന്നു. ഹിന്ദു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന് സംഘപരിവാര്‍ പ്രചരണം നടത്തി. കുട്ടിയുടെ ശരീരഭാഗങ്ങള്‍ മുറിച്ചുമാറ്റിയെന്നും കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുകയും ശരീരത്തില്‍ ആസിഡ് ഒഴിക്കുകയും ചെയ്‌തെന്നും പ്രചരണമുണ്ടായിരുന്നു.
പിന്നീട് ഇതിലെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ പ്രചാരണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞു. പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്നായിരുന്നു റിപ്പോര്‍ട്ട്. അലിഗഢ് പൊലിസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലും ഇക്കാര്യം വിശദീകരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."