വീട്ടിലിരുന്ന് ഡോക്ടറെ കാണാം; മരുന്നുകളും ലാബ് പരിശോധനകളും സൗജന്യം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഇ-സഞ്ജീവനി ടെലിമെഡിസിന്‍ പദ്ധതി ആരോഗ്യവകുപ്പ് വിപുലീകരിച്ചു. വീട്ടിലിരുന്ന് ഡോക്ടറെ കാണുന്നതിന് ഒപ്പം മരുന്നുകളും ലാബ് പരിശോധനകളും സൗജന്യമാക്കിയതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. സഞ്ജീവനി ടെലിമെഡിസിന്‍ പ്ലാറ്റ്‌ഫോം വഴി കിട്ടുന്ന കുറിപ്പടിയിലെ മരുന്നുകള്‍ തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് സൗജന്യമായി ലഭിക്കും. ഇതോടൊപ്പം ഇ-സഞ്ജീവനി കുറിപ്പടി പ്രകാരം ആശുപത്രിയില്‍ ലഭ്യമായ ലാബ് പരിശോധനകളും നടത്താവുന്നതാണ്. ഇ-സഞ്ജീവനി കുറിപ്പടികള്‍ക്ക് 24 മണിക്കൂര്‍ മാത്രമേ സാധുതയുള്ളൂ.
അതിനാല്‍ അന്നുതന്നെ ആശുപത്രി സേവനം ഉപയോഗിക്കേണ്ടതാണ്. എല്ലാ ദിവസവും രാവിലെ 8 മുതല്‍ രാത്രി 8 വരെയാണ് ജനറല്‍ മെഡിസിന്‍ ഒ.പിയുള്ളത്. ശിശു, നവജാത ശിശു വിഭാഗം ഒ.പി തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും സൈക്യാട്രി വിഭാഗം ഒ.പി തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും പ്രവര്‍ത്തിക്കും.
കൂടുതല്‍ ജനങ്ങള്‍ സേവനം തേടിയതോടെ പതിവായുള്ള ജനറല്‍ ഒ.പി സേവനങ്ങള്‍ക്കുപുറമെ സ്‌പെഷ്യാലിറ്റി സേവനങ്ങളും ലഭ്യമാക്കി ഇ-സഞ്ജീവനി സേവനം വിപുലീകരിച്ചിട്ടുണ്ട്. കേരളത്തിലെ പൊതുമേഖല ആരോഗ്യരംഗത്തെ പ്രശസ്തമായ 30 സ്ഥാപനങ്ങള്‍ ഇ-സഞ്ജീവനി വഴി സൗജന്യ സവനങ്ങള്‍ നല്‍കാന്‍ തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബെറ്റിക്‌സ്, കോഴിക്കോട്ടെ ഇംഹാന്‍സ്, തിരുവനന്തപുരത്തെ ആര്‍.സി.സി, കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍, മലബാര്‍ കാന്‍സര്‍ സെന്റര്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ ഒ.പി സേവനങ്ങള്‍ ഇ-സഞ്ജീവനി വഴി ലഭ്യമാണ്. കൂടാതെ സര്‍ക്കാര്‍ മേഖലയിലെ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കുന്ന ഒ.പികളും കൗണ്‍സിലിങ് സേവനങ്ങളും ഇ-സഞ്ജീവനി വഴി ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."