ബീജാപൂരിലെ ശവകുടീരങ്ങള്‍
വളരെ അപ്രതീക്ഷമായാണ് ബീജാപൂര്‍ യാത്രക്ക് അവസരം ലഭിച്ചത്. ബീജാപൂരിലെ ഒരു കോളജിലേക്ക് സുഹൃത്തിന്റെ അഡ്മിഷനുമായി ബന്ധപ്പെട്ടാണ് ഈ യാത്രയെങ്കിലും എനിക്ക് ബീജാപൂര്‍ കാണാനും അറിയാനും കിട്ടിയ അവസരമായിരുന്നു. കോഴിക്കോട്ടുനിന്ന് ഏകദേശം 850 കിലോമീറ്റര്‍ ദൂരമുണ്ട് ബീജാപൂരിലേക്ക്. ഒരു ബുധനാഴ്ച വൈകിട്ട് യാത്ര തിരിച്ച ഞങ്ങള്‍ വ്യാഴാഴ്ച നന്നേ ഇരുട്ടിയിരുന്നു ബീജാപൂരിലെത്തുമ്പോള്‍.
ചരിത്രം
മധ്യകാല ഡെക്കാനിലെ ഇന്തോ-പേര്‍ഷ്യന്‍ നാഗരികതയുടെ ആഴവും പരപ്പും അറിയണമെങ്കില്‍ ബീജാപൂര്‍ കണ്ടാല്‍ മതി. കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തി പ്രദേശമാണ് ബീജാപൂര്‍. 1011ല്‍ ചാലൂക്യന്മാരുടെ കാലത്ത് വിജയനഗരം എന്ന പേരിലാണ് ഇങ്ങനെയൊരു നഗരമുണ്ടാവുന്നത്. ചാലൂക്യന്മാര്‍ക്കുശേഷം യാദവര്‍ക്കും പിന്നീട് ഡല്‍ഹി സുല്‍ത്താനേറ്റിനും കീഴിലായിരുന്നു ബിജാപൂര്‍. ഗുല്‍ബര്‍ഗയിലെ ബാഹ്മിനി സുല്‍ത്താന്മാരുടെ കൈയില്‍ ഈ നഗരം വന്നുപെട്ടപ്പോഴാണ് വിജയനഗരം ബീജാപൂരാവുന്നത്. പിന്നീട് വിജയപുരം എന്നും ഇന്നത് വിജയപൂര്‍ എന്നും ബീജാപൂരിനെ മാറ്റിയിട്ടുണ്ട്.
ആദ്യകാലം യാദവരും ഖില്‍ജിമാരും അടക്കിവാണ പ്രദേശമാണ് ബീജാപൂര്‍. ബാഹ്മിനി സുല്‍ത്താന്മാര്‍ ബീജാപൂര്‍ പിടിച്ചെടുത്തതോടു കൂടിയാണ് ബീജാപൂരിന് ഇന്നു കാണുന്ന മനോഹാരിത കൈവന്നത്. അത്രമേല്‍ മനോഹരമായാണ് 196 വര്‍ഷം കൊണ്ട് ഒന്‍പത് സുല്‍ത്താന്മാര്‍ നഗരവും ഇവിടത്തെ സവിശേഷമായ സംസ്‌കാരവും പടുത്തുയര്‍ത്തിയത്.
ഗോല്‍ ഗുമ്പസും ഇബ്രാഹീം റൗദയും
അതിരാവിലെ തന്നെ ബീജാപൂരിലെ പ്രശസ്തമായ ഗോല്‍ ഗുമ്പസ് കാണാനാണ് ഞങ്ങള്‍ പുറപ്പെട്ടത്. ഇന്ത്യയില്‍ ഇതുവരെ നിര്‍മിച്ചിട്ടുള്ളതില്‍ ഏറ്റവും വലിയ ശവകുടീരമുള്ള ഗോല്‍ ഗുമ്പസിലെ ഭീമന്‍ താഴികക്കുടം റോമിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്ക കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തേതായാണ് അറിയപ്പെടുന്നത്. മരണാനന്തരം സ്വന്തം ശരീരം ഖബറടക്കാന്‍ മുഹമ്മദ് ആദില്‍ ഷാ(16271656) നിര്‍മിച്ച ശവകുടീരമാണിത്.
ദാബൂളിലെ യാക്കൂത്ത് എന്ന ശില്‍പിയാണ് ഇതു രൂപകല്‍പന ചെയ്തത്. പനിനീര്‍ ഖുബ്ബയെന്നാണ് ഇതിനെ വിളിക്കുക. 51 മീറ്റര്‍ ഉയരമുണ്ട് ഗോല്‍ ഗുമ്പസിന്. നാലു മൂലകളിലും ഏഴുനിലകളുള്ള മിനാരങ്ങള്‍. ശബ്ദത്തിന്റെ ക്രമീകരണമാണ് ഈ വാസ്തുശില്‍പത്തിന്റെ സവിശേഷത. ഖുബ്ബയുടെ ചുറ്റുമായി വൃത്താകൃതിയിലൊരു നടപ്പാതയുണ്ട്. ഇവിടെനിന്നു നാം ഉണ്ടാക്കുന്ന നേര്‍ത്ത ശബ്ദം പോലും ഏഴുതവണ പ്രതിധ്വനിക്കും. ഗോല്‍ ഗുമ്പസിന്റെ മുകളിലെ നിലയില്‍നിന്ന് പുറത്തേക്കു നോക്കിയാല്‍ ബീജാപൂര്‍ നഗരം മുഴുവനായി കാണാം.
കണ്ടു കൊതിതീരാത്തത്രയും ചെറുതും വലുതുമായ അനേകം പള്ളികളുണ്ട് ബീജാപൂരില്‍. അതില്‍ ജാമി മസ്ജിദാണ് ബീജാപൂരിലെ ഏറ്റവും പഴക്കം ചെന്ന പള്ളി. വിജയനഗര സാമ്രാജ്യത്തിന്മേലുള്ള വിജയത്തിന്റെ സ്മാരകമായി അലി ആദില്‍ ഷാ ഒന്നാമനാണ് ഈ പള്ളി 1565ല്‍ പണികഴിപ്പിച്ചത്. ഡല്‍ഹിയും ഭോപ്പാലും കഴിഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ (മൂന്നാമത്തെ) ജുമാ മസ്ജിദാണ് 2,200 പേര്‍ക്ക് ഒരേസമയം നിസ്‌കരിക്കാന്‍ സൗകര്യമുള്ള ജാമി മസ്ജിദ്. ഖുര്‍ആന്‍ വചനങ്ങള്‍ സ്വര്‍ണത്താല്‍ ആലേഖനം ചെയ്തുവച്ചിട്ടുണ്ട് ജാമി മസ്ജിദിന്റെ മിഹ്‌റാബില്‍. സുല്‍ത്താന്‍ ആദില്‍ ഷായുടെ നേതൃത്വത്തില്‍ ആണ് ഇതു ചെയ്തത്. വെള്ള പൂശിയ അകത്തളങ്ങളും വലിയ ആര്‍ച്ചുകളും ജാമിഅയ്ക്കു പറഞ്ഞറിയിക്കാനാകാത്ത പ്രൗഢിയാണു നല്‍കുന്നത്.
മെഹ്ത്താര്‍ മഹല്‍, ഇസ്മാഈല്‍ ആദില്‍ ഷായുടെ കാലത്തെ ചംബ മഹല്‍, ഇബ്രാഹീം പൂര്‍ പള്ളി, ഗാലിബ് മസ്ജിദ്, ഗഗന്‍ മഹല്‍ എന്നിവയൊക്കെ ബീജാപൂരിലെ പ്രധാന നിര്‍മിതികളാണ്. ഇതില്‍ ഗഗന്‍ മഹല്‍ ആദില്‍ ഷാഹിയുടെ ഭരണക്കാലത്ത് ദര്‍ബാര്‍ കൂടാനായിരുന്നു ഉപയോഗിച്ചിരുന്നത്. ഇന്നിതു നഗരത്തിന്റെ നടുവില്‍ ഒരു കൊച്ച് പാര്‍ക്കോടു കൂടി തല ഉയര്‍ത്തിനില്‍ക്കുന്നു. യുനെസ്‌കോയുടെ പൈതൃകപട്ടികയില്‍ ഉള്ളതുകൊണ്ടാവാം ഇന്നുമിതു നല്ല രീതിയില്‍ സംരക്ഷിച്ചുപോരുന്നത്.
ഉച്ചയ്ക്കു ഭക്ഷണം കഴിച്ച് അല്‍പ്പം വിശ്രമിച്ച ശേഷം ബീജാപൂരിലെ താജ്മഹലായ ഇബ്രാഹീം റൗദ കാണാന്‍ പുറപ്പെട്ടു. ചരിത്രത്തില്‍ താജ്മഹലിനെക്കാള്‍ പഴക്കമുള്ള ബീജാപൂരിലെ മനോഹരമായ മറ്റൊരു വാസ്തുനിര്‍മിതിയാണ് ഇബ്രാഹീം ആദില്‍ ഷാ രണ്ടാമന്റെ കാലത്ത് നിര്‍മിച്ച ഇബ്രാഹീം റൗദ. താജ്മഹലിനെ പോലൊന്ന് തനിക്കും ഭാര്യക്കും ശവകുടീരമായി ഈ മണ്ണില്‍ വേണമെന്ന ആദില്‍ ഷായുടെ ആഗ്രഹത്തിന്റെ പൂര്‍ത്തീകരണമാണ് ഇന്നു നാം കാണുന്ന ഇബ്രാഹീം റൗദ. പേര്‍ഷ്യന്‍ വാസ്തുശില്‍പിയായ മാലിക് സന്‍ഡല്‍ ആണ് ഈ മന്ദിരം രൂപകല്‍പന ചെയ്തത്. ഇബ്രാഹീം റൗദയുടെ മധ്യഭാഗത്തുള്ള കെട്ടിടം ഹൈദരാബാദിലെ ചാര്‍മിനാറിനെ ഓര്‍മിപ്പിക്കുന്നവയാണ്. ഇബ്രാഹീം റൗദ നിറനിലാവില്‍ കാണുക എന്നത് അപൂര്‍വ അനുഭവമാണ്. ഇതിനു മാത്രമായി സഞ്ചാരികള്‍ ഇവിടെയെത്താറുണ്ടത്രെ.
പ്രധാനപ്പെട്ട ഒന്നുരണ്ടു കേന്ദ്രങ്ങള്‍ കൂടി കണ്ടുതീര്‍ത്തു മടങ്ങുകയായിരുന്നു ഞങ്ങള്‍. ഉപ്ലി ബുര്‍ജും മാലിക് മൈതാനിയും കൂടി പോയിക്കണ്ടു. സുല്‍ത്താനേറ്റ് കാലഘട്ടത്തിലെ പീരങ്കികളുടെ വലിയ ശേഖരങ്ങളാണ് 1584ല്‍ പണികഴിപ്പിച്ച മാലിക് മൈതാനിയില്‍ ഞങ്ങളെ കാത്തിരുന്നത്. ബീജാപൂര്‍ നഗരത്തിനുള്ളില്‍ കോട്ടയോട് ചേര്‍ന്ന് ഉയര്‍ത്തിക്കെട്ടിയ ഒരു ഭാഗത്താണ് ലോഹം കൊണ്ടുണ്ടാക്കിയ ഈ ഭീമാകാരന്‍ പീരങ്കിയുള്ളത്. പുരാതന അവശിഷ്ടങ്ങളുടെ സൂക്ഷിപ്പുകേന്ദ്രമാണ് ഉപ്ലി ബുര്‍ജും മനോഹരമായ പുല്‍ത്തകിടിക്കു നടുവില്‍ സ്ഥിതി ചെയ്യുന്ന കൊട്ടാരവും.
ആഴ്ചയോളം സഞ്ചരിച്ചാലേ ബീജാപൂരിലെ കാഴ്ചകള്‍ മുഴുവനായും കണ്ടു തീര്‍ക്കാനാവൂ. തെക്കേ ഇന്ത്യയില്‍ ഇത്രയധികം ചരിത്രസ്മാരകങ്ങള്‍ ഉയര്‍ന്നുനില്‍ക്കുന്ന മറ്റൊരു നഗരവുമില്ല എന്നു തന്നെ പറയാം. മുസ്‌ലിം നാഗരികതയുടെയും ആത്മീയതയുടെയും വലിയ പാഠശാല തന്നെയായിരുന്നു ഒരുകാലത്ത് ബീജാപൂര്‍. അതുപോലെ ഡെക്കാനി ചിത്രകലയുടെയും കേന്ദ്രമായിരുന്നു. ഇതില്‍ പ്രശസ്തമാണ് ചാന്ദ് ബീവിയുടെ ചിത്രം. തീര്‍ത്തും വ്യത്യസ്തമായ കാഴ്ചാവിസ്മയങ്ങള്‍ സമ്മാനിച്ച ബീജാപൂരിനോട് ഒടുവില്‍ വേദനയോടെ ഞങ്ങള്‍ വിടചൊല്ലി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."