കോടിയേരിക്ക് പിണറായിയുടെ പൊലിസിനെ വിശ്വാസമില്ല: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
കോടിയേരിക്ക് പിണറായിയുടെ പൊലിസിനെ
വിശ്വാസമില്ല: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
കോട്ടയം: അക്രമത്തെ അതേ നാണയത്തില്‍ നേരിടുമെന്ന സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന ആഭ്യന്തരവകുപ്പു കൈകാര്യം ചെയ്യുന്ന പിണറായി വിജയന്റെ പൊലിസിലുള്ള അവിശ്വാസ പ്രഖ്യാപനമാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ.
അന്യായമായി ഭാഗപത്ര രജിസ്‌ട്രേഷന്‍ നികുതി വര്‍ധിപ്പിച്ചത് എല്‍.ഡി.എഫ് സര്‍ക്കാര്‍ വോട്ട് ചെയ്ത ജനങ്ങളെ ശത്രുവായി കാണുന്നതിന്റെ വ്യക്തമായ തെളിവാണെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു.കോട്ടയത്ത് ഡി.സി.സിയുടെ ആഭിമുഖ്യത്തില്‍ ഭാഗപത്ര രജിസ്‌ട്രേഷന്‍ നികുതി ബജറ്റ് പ്രഖ്യാപനത്തിലൂടെ വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു നടത്തിയ കലക്ടറേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു തിരുവഞ്ചൂര്‍.
നിത്യോപയോഗസാധനങ്ങളുടെ നികുതി വര്‍ധിപ്പിച്ച് വിലക്കയറ്റം സൃഷ്ടിച്ച തോമസ് ഐസക്ക് ജനജീവിതം ദുസഹമാക്കിയിരിക്കുകയാണെന്ന് സമ്മേളനത്തില്‍ അധ്യക്ഷനായിരുന്ന ഡി.സി.സി പ്രസിഡന്റ് ടോമി കല്ലാനി പറഞ്ഞു.
എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ജനദ്രോഹനടപടികളെ ജനമുന്നേറ്റത്തിലൂടെ എതിര്‍ത്ത് തോല്‍്പിക്കാന്‍ കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നും ടോമി കല്ലാനി പറഞ്ഞു. സമ്മേളനത്തില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി ലതികാ സുഭാഷ്, സെക്രട്ടറിമാരായ ഫിലിപ്പ് ജോസഫ്, പി.എ. സലിം, നാട്ടകം സുരേഷ്, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ ജോസി സെബാസ്റ്റ്യന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഡോ. പി.ആര്‍. സോന എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."