പ്രവാചക കാര്‍ട്ടൂണ്‍: മുസ്‌ലിങ്ങളുടെ ഞെട്ടല്‍ മനസ്സിലാക്കുന്നു എന്നാല്‍ അക്രമങ്ങള്‍ അംഗീകരിക്കാനാവില്ല- മാക്രോണ്‍
പാരിസ്: പ്രവാചക കാര്‍ട്ടൂണ്‍ മുസ്‌ലിങ്ങള്‍ക്കുണ്ടാക്കിയ ഞെട്ടല്‍ താന്‍ മനസ്സിലാക്കുന്നുവെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. എന്നാല്‍ അതിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങളെ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇസ്ലാമിന്റെ പേരില്‍ നടക്കുന്ന ആക്രമണങ്ങളെയാണ് അല്ലാതെ ഇസ്ലാം മതത്തെയല്ല
ഫ്രാന്‍സ് എതിര്‍ക്കുന്നതെന്നും അദ്ദേഹം അല്‍ ജസീറയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി. റാഡിക്കല്‍ ഇസ്‌ലാം എല്ലാവര്‍ക്കും ഭീഷണിയാണ് പ്രത്യേകിച്ച് മുസ്‌ലിങ്ങള്‍ക്ക്. അദ്ദേഹം പറഞ്ഞു.
'മതവികാരം ഞാന്‍ മനസിലാക്കുന്നു, അതിനെ ബഹുമാനിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇപ്പോള്‍ എന്റെ റോളിനെക്കുറിച്ച് നിങ്ങളും മനസിലാക്കേണ്ടതുണ്ട്. ഞാന്‍ ഇപ്പോള്‍ ചെയ്യേണ്ടത് സമാധാനം പ്രോത്സാഹിപ്പിക്കുക എന്നതാണ്. അതിനൊപ്പം തന്നെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ചുമതല കൂടി എനിക്കുണ്ട്.'', മാക്രോണ്‍ പറഞ്ഞു.
ഞാന്‍ എന്നും എന്റെ രാജ്യത്ത് സംസാരിക്കാനും എഴുതാനും ചിന്തിക്കാനും വരക്കാനുമൊക്കെയുള്ള സ്വാതന്ത്ര്യത്തെ സംരക്ഷിക്കുമന്നും അദ്ദേഹം വ്യക്തമാക്കി.
കാരിക്കേച്ചര്‍ ഫ്രഞ്ച് സര്‍ക്കാറിന്റെ സൃഷ്ടികളാണെന്ന ജനങ്ങള്‍ക്കിടയില്‍ ധാരണ ഉണ്ടാക്കുന്ന വിധം രാഷ്ട്രീയക്കാര്‍ കാര്യങ്ങള്‍ വളച്ചോടിക്കുകയാണെന്ന് മാക്രോണ്‍ കുറ്റപ്പെടുത്തി.
കാരിക്കേച്ചറുകള്‍ ഒരു സര്‍ക്കാര്‍ പദ്ധതിയല്ല, മറിച്ച് സര്‍ക്കാരുമായി ബന്ധമില്ലാത്ത സ്വതന്ത്രവും സ്വതന്ത്രവുമായ പത്രങ്ങളില്‍ നിന്നുള്ളതാണ്.
'ഞാന്‍ നിരവധി നുണകള്‍ കാണുന്നുണ്ട്. ഇതിലെല്ലാം വ്യക്തത വരുത്തേണ്ടത് ആവശ്യവുമാണ്. ഫ്രാന്‍സ് ഇപ്പോള്‍ ചെയ്യുന്നത് ഭീകരവാദത്തെ എതിര്‍ക്കുകയാണ്'- മാക്രോണ്‍ പറഞ്ഞു.
ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ 300ലധികം വരുന്ന പൗരന്മാരുടെ ജീവനെടുത്തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫ്രാന്‍സില്‍ ചരിത്രാധ്യാപകന്റെ കൊലപാതകത്തിന് പിന്നാലെ നടന്ന വിവാദങ്ങളിലും അക്രമ സംഭവങ്ങളിലും നിലപാട് വ്യക്തമാക്കുകയായിരുന്നു ഇമ്മാനുവല്‍ മാക്രോണ്‍. മാക്രോണിന്റേത് ഇസ്ലാമോഫോബിയ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണെന്ന് വിമര്‍ശനം പരക്കെ ഉയരുന്ന സാഹചര്യത്തിലും, ബോയ്കോട്ട് ഫ്രാന്‍സ് ക്യാംപയിന്‍ ശക്തമാകുന്നതിനിടയിലുമാണ് അല്‍ജസീറയ്ക്ക് ഇമ്മാനുവല്‍ മാക്രോണ്‍ പ്രത്യേക അഭിമുഖം അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."