വയോധികയുടെ കൊലപാതകം: സഹോദരന്‍ അറസ്റ്റില്‍
കൊല്ലം: ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധിക വീട്ടുമുറ്റത്തെ കിണറ്റില്‍ മരിച്ചനിലയില്‍ കാണപ്പെട്ട സംഭവത്തില്‍ സഹോദരനെ പൊലിസ് അറസ്റ്റു ചെയ്തു. ശാസ്താംകോട്ട മൈനാഗപ്പള്ളി കടപ്പ കുതിരപ്പന്നി പടിഞ്ഞാറ്റതില്‍ വീട്ടില്‍ സുമതികുട്ടിയമ്മ(67) കൊല്ലപ്പെട്ട കേസിലാണ് മൂത്ത സഹോദരന്‍ കുരീപ്പുഴ ഐക്കര തെക്കേതില്‍ വീട്ടില്‍ മണിയന്‍ എന്നു വിളിക്കുന്ന ശശിധരന്‍പിള്ള(70)യെ പൊലിസ് അറസ്റ്റ് ചെയ്തത്.
പ്രതി കുറ്റം സമ്മതിച്ചതായി റൂറല്‍ എസ്.പി എസ് സുരേന്ദ്രന്‍ അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് 6.30 ഓടെയാണ് സുമതികുട്ടിയമ്മയെ വീട്ടുമുറ്റത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടത്. ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ മൃതദേഹം പുറത്തെടുത്തപ്പോള്‍ തലയില്‍ ആഴത്തില്‍ ക്ഷതമേറ്റിരുന്നു. ഇവര്‍ ധരിച്ചിരുന്ന മൂന്നേമുക്കാല്‍ പവന്റെ സ്വര്‍ണാഭരണങ്ങളും നഷ്ടമായിരുന്നു. വീട്ടിലെ മുറിയില്‍ രക്തക്കറയും കണ്ടെത്തിയിരുന്നു.
വിധവയായ സുമതികുട്ടിയമ്മയുടെ രണ്ടു പെണ്‍മക്കള്‍ വിവാഹിതരായി മറ്റു സ്ഥലങ്ങളിലാണ് താമസം. റൂറല്‍ എസ്.പിയ്ക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്നാണ് ശശിധരന്‍പിള്ള സംഭവ ദിവസം രാത്രിയില്‍ ഇവിടെ എത്തിയിരുന്നതായി അറിഞ്ഞത്. തുടര്‍ന്ന് അന്വേഷണ സംഘം ശശിധരന്‍പിള്ളയെ ചോദ്യം ചെയ്‌തെങ്കിലും ഇയാള്‍ ഒഴിഞ്ഞുമാറുകയായിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യലിനെ തുടര്‍ന്നാണ് പ്രതി കുറ്റം സമ്മതിച്ചത്.
രാത്രി 9.30 ഓടെ വീട്ടിലെത്തിയ പ്രതി സഹോദരിക്കൊപ്പം ആഹാരം കഴിച്ചശേഷം ഉറങ്ങാന്‍ കിടന്നു. സുമതികുട്ടിയമ്മ ഉറങ്ങിക്കഴിഞ്ഞശേഷം മാല പൊട്ടിക്കാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ ഉണര്‍ന്നതിനെ തുടര്‍ന്ന് ശ്രമം പരാജയപ്പെട്ടു. നേരം വെളുക്കുമ്പോള്‍ കാണിച്ചുതരാമെന്ന് ഇവര്‍ ഭീഷണി പ്പെടുത്തുകയും ചെയ്തു. ഇതിനുശേഷം ഉറങ്ങിയ സഹോദരിയെ അമ്മിക്കല്ലിന്റെ കുഴവി ഉപയോഗിച്ച് തലയ്ക്ക് അടിച്ച് വീഴ്ത്തിയ ശേഷം ആഭരണങ്ങള്‍ ഊരിയെടുത്ത് കിണറ്റില്‍ തള്ളുകയായിരുന്നു.
കിണറില്‍ നിന്ന് വെള്ളം എടുക്കുന്നതിനിടയില്‍ വീണതാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ പൂജാ ആവശ്യത്തിനുപയോഗിക്കുന്ന കിണ്ടിയും കിണറ്റിനുസമീപം ഇയാള്‍ കൊണ്ടുവച്ചിരുന്നു. മരണം ഉറപ്പാക്കിയശേഷം പുലര്‍ച്ചെ മൂന്നോടെയാണ് ഇയാള്‍ സ്വന്തം വീട്ടിലേക്ക് പോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."