കണക്കിലെ മിടുക്ക് റാങ്കിലും; താരമായി കാഞ്ഞങ്ങാട്ടെ ഇരട്ടകള്‍
കാഞ്ഞങ്ങാട്: സംസ്ഥാന എന്‍ജിനീയറിങ് പ്രവേശന പരീക്ഷയില്‍ കാഞ്ഞങ്ങാട്ടെ ഇരട്ടകളായ രണ്ടു വിദ്യാര്‍ഥികള്‍ക്ക് നാലും എട്ടും റാങ്ക്. മാവുങ്കാല്‍ സൗപര്‍ണികയിലെ സഞ്ജയ് സുകുമാരനും സൗരവ് സുകുമാരനുമാണ് മികച്ച നേട്ടം കൊയ്തത്.
ബിസിനസുകാരനായ സി. സുകുമാരന്‍, രാജപുരം പൊലിസ് സ്റ്റേഷനിലെ സീനിയര്‍ പൊലിസ് ഓഫിസറായ സി. സുജാത എന്നിവരുടെ മക്കളാണ് ഇരുവരും.
സഞ്ജയ്ക്ക് 960ല്‍ 875 മാര്‍ക്കും സൗരവിന് 830 മാര്‍ക്കുമുണ്ട്. 10 ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതാന്‍ സമയം ലഭിക്കാഞ്ഞതാണ് സൗരവിന്റെ മാര്‍ക്ക് കുറയാന്‍ കാരണമെന്ന് പിതാവ് സുകുമാരന്‍ പറഞ്ഞു. ചെറുപ്പം മുതലേ കണക്കിലും സയന്‍സിലും മിടുക്കരായിരുന്നു രണ്ടുപേരും.
കണക്കിലെ കളികളിലും ക്വിസ് മത്സരത്തിലുമായിരുന്നു കുഞ്ഞുനാള് തൊട്ടേ ഇവര്‍ക്ക് താല്പര്യം. അതിനാല്‍ കുട്ടികളുടെ ഇഷ്ടം കണ്ടറിഞ്ഞ് തന്നെ വളര്‍ത്തുകയായിരുന്നു മാതാപിതാക്കള്‍.
കാഞ്ഞിരപ്പള്ളി ആനക്കല്ലിലുള്ള സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിലാണ് രണ്ടുപേരും പ്ലസ്ടു പൂര്‍ത്തിയാക്കിയത്. അവിടെ തന്നെ ബ്രില്യന്റ്സിന്റെ ക്യാംപ് ഓഫിസ് ഉണ്ടായിരുന്നതിനാല്‍ അവിടെ കോച്ചിങ്ങിന് ചേര്‍ന്നത് എന്‍ജിനീയറിങ് പ്രവേശന പരീക്ഷയെഴുതാന്‍ എളുപ്പമായെന്ന് മാതാപിതാക്കള്‍ പറഞ്ഞു.
ഇപ്പോഴും രണ്ടുപേരും കാഞ്ഞങ്ങാട് മാവുങ്കാലിലെ വീട്ടില്‍ ഐ.ഐ.ടി പ്രവേശന പരീക്ഷയുടെ ഫലം കാത്തിരിക്കുകയാണ്.
ജൂണ്‍ പതിനാലിനാണ് ഐ.ഐ.ടിയുടെ ഫലം വരുന്നത്. ജയിക്കുമെന്ന പ്രതീക്ഷ രണ്ടുപേര്‍ക്കുമുണ്ട്.
എന്നാല്‍ റാങ്ക് കിട്ടുമോ എന്നറിയില്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ചെന്നൈയിലെ ഐ.ഐ.ടിയില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങിന് ചേര്‍ന്ന് പഠിക്കാനാണ് രണ്ടുപേര്‍ക്കും ഒരേ പോലെ ആഗ്രഹം.
ഇവരുടെ മൂത്ത സഹോദരി സ്നേഹ സുകുമാരന്‍ ചെന്നൈ കേന്ദ്ര സര്‍വകലാശാലയില്‍ ഇന്റഗ്രേറ്റഡ് എം.എസ്.സി ഫിസിക്സ്് വിദ്യാര്‍ഥിനിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."