'കേസെടുത്ത് അന്വേഷണം നടത്തണമെന്ന് മുസ്‌ലിംലീഗ്'
തിരൂര്‍: താഴെപ്പാലത്തെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് നശിപ്പിച്ച സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് മുനിസിപ്പല്‍ മുസ്‌ലിംലീഗ് നേതാക്കള്‍ വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സിന്തറ്റിക് ട്രാക്കിന്റെ ഒരു ഭാഗം കത്തികൊണ്ട് കീറി നശിപ്പിച്ചതാണെന്ന വിദഗ്ധരുടെ കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍ അന്വേഷണം നടത്തണമെന്നാണ് ആവശ്യം.
സ്‌റ്റേഡിയം നവീകരണം നല്ല നിലയില്‍ പൂര്‍ത്തിയാക്കിയതോടെ ജനങ്ങളുടെ മുന്നില്‍ മുഖം നഷ്ടപ്പെട്ടവരാണ് ഗൂഢാലോചന നടത്തി സ്വന്തം ആളുകളെ വിട്ട് സ്റ്റേഡിയം നശിപ്പിക്കാന്‍ ശ്രമിക്കുന്നത്. സി മമ്മുട്ടി എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 4.75 കോടി രൂപ ചെലവഴിച്ചാണ് നഗരവാസികളുടെ ചിരകാല അഭിലാഷമായ സ്‌റ്റേഡിയം നവീകരിച്ചത്. എന്നാല്‍ രാഷ്ട്രീയ വിരോധത്തിന്റെ പേരിലാണ് നഗരസഭ അധികൃതര്‍ സ്റ്റേഡിയം ഏറ്റെടുക്കാത്തത്.
നവീകരണ പ്രവൃത്തിയില്‍ പോരായ്മകളുണ്ടെങ്കില്‍ അതു കണ്ടെത്തി നഗരസഭക്ക് പരിഹരിക്കാവുന്നതേയുള്ളൂ. അഴിമതി ആരോപിച്ച് സ്റ്റേഡിയം ഏറ്റെടുക്കാതെ നശിപ്പിക്കുകയല്ല വേണ്ടത്. സര്‍ക്കാറില്‍ പരാതി നല്‍കി അന്വേഷണം നടത്തുകയും അതോടൊപ്പം സ്‌റ്റേഡിയം സംരക്ഷിക്കുകയുമാണ് നഗരസഭ ചെയ്യേണ്ടതെന്ന് മുനിസിപ്പല്‍ മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറി എ.കെ സൈതാലിക്കുട്ടി, എം.എം കുഞ്ഞി ബാവ, കണ്ടാത്ത് കുഞ്ഞിപ്പ, വി മന്‍സൂറലി, കെ അബൂബക്കര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."