പ്രസവാനുകൂല്യ നിഷേധം; കേരളാ ആദിവാസി ഫോറം സമരത്തിലേക്ക്
കല്‍പ്പറ്റ: പ്രസവാനുകൂല്യ നിഷേധത്തിനെതിരേ കേരളാ ആദിവാസി ഫോറം സമരത്തിനൊരുങ്ങുന്നു. ആനൂകൂല്യ വിതരണം ഇനിയും വൈകിയാല്‍ കലക്ടറേറ്റ് ധര്‍ണ ഉള്‍പ്പെടെ സമരത്തിനു ഫോറം നേതൃത്വം നല്‍കുമെന്ന് നേതാക്കളായ പ്രീത രവി, മണി മാടക്കുന്ന്, ജ്യോതി മാടക്കുന്ന്, എം.എസ് ഉണ്ണി, എസ്. ശ്രീജിത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ആയിരത്തിലേറെ ആദിവാസി സ്ത്രീകളാണ് പ്രസവാനുകൂല്യ നിഷേധം നേരിടുന്നത്. പട്ടികവര്‍ഗ വികസന വകുപ്പ് മാതൃ-ശിശു സംരക്ഷണ പദ്ധതി പ്രകാരം അനുവദിക്കുന്നതാണ് ആനുകൂല്യം. മൂന്നു മാസം ഗര്‍ഭിണിയാകുന്ന ആദിവാസി സ്ത്രീ ആരോഗ്യകേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നതു മുതല്‍ ഒന്നര വര്‍ഷം ഓരോ മാസവും ആയിരം രൂപയാണ് ആനുകൂല്യമായി ലഭിക്കേണ്ടത്. എന്നാല്‍ 2014-15 മുതല്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ആനുകൂല്യം ലഭിക്കുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ കലക്ടര്‍ക്കും പട്ടികവര്‍ഗ വികസന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ല. മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് ഒഴിയുകയാണ് ഉദ്യോഗസ്ഥര്‍. പരാതിയുമായി നടന്നുമടുത്ത ആദിവാസി സ്ത്രീകള്‍ക്ക് പലപ്പോഴും അഭിമാനക്ഷതവും ഏല്‍ക്കേണ്ടിവരുന്നു. ഈ സാഹചര്യത്തിലാണ് സമരത്തിന് തീരുമാനം.
കാലവര്‍ഷക്കെടുതികള്‍ നേരിടേണ്ടിവന്ന ആദിവാസി കുടുംബങ്ങള്‍ക്ക് സഹായധനം അനുവദിക്കുന്നതിലും പുനരധിവാസത്തിലും വിവേചനം ഉണ്ടെന്ന് ഫോറം നേതാക്കള്‍ ആരോപിച്ചു. ദുരിതാശ്വാസ ക്യാംപില്‍ കഴിയാത്തവരടക്കം വിഷമതയനുഭവിക്കുന്ന മുഴുവന്‍ ആദിവാസി കുടുംബങ്ങള്‍ക്കും സഹായം ലഭ്യമാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഉപജീവനത്തിനു കൂലിപ്പണിയെ ആശ്രയിക്കുന്ന ആദിവാസി കുടുംബങ്ങള്‍ തൊഴില്‍ ഇല്ലാതായതോടെ കൊടിയ ദുരിതത്തിലാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."