യു.എന്‍.എ സാമ്പത്തിക തട്ടിപ്പ്: നാലു പേര്‍ക്കെതിരേ ക്രൈംബ്രാഞ്ച് കേസെടുത്തു
തിരുവനന്തപുരം: യുനൈറ്റഡ് നഴ്‌സസ് അസോസിയേഷനിലെ (യു.എന്‍.എ)സാമ്പത്തിക ക്രമക്കേടില്‍ നാല് പേര്‍ക്കെതിരേ കേസെടുത്തു. ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷായാണ് ഒന്നാം പ്രതി. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ എന്നിവരെയും പ്രതിചേര്‍ത്തിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പ്, വ്യാജരേഖയുണ്ടാക്കല്‍ എന്നിവയ്ക്കാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. യു.എന്‍.എയിലെ സാമ്പത്തിക ക്രമക്കേടില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. മൂന്നര കോടിയുടെ അഴിമതിയില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ ശുപാര്‍ശയിലായിരുന്നു ഉത്തരവ്.
യു.എന്‍.എയുടെ ബാങ്ക് അക്കൗണ്ടുകള്‍ സഹിതമാണ് സംഘടനയുടെ മുന്‍ വൈസ് പ്രസിഡന്റ് സിബി മുകേഷ് ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നത്. 2017 ഏപ്രില്‍ മുതല്‍ ഇക്കഴിഞ്ഞ ജനുവരി വരെ അക്കൗണ്ടിലേക്കെത്തിയ മൂന്നര കോടിരൂപ തട്ടിയെടുത്തെന്നാണ് പരാതി. ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷാ ഉള്‍പ്പെടെ മൂന്ന് പേരാണ് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തിരുന്നതെന്നും പരാതിയില്‍ പറഞ്ഞിരുന്നു. കോടികളുടെ ക്രമക്കേടായതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് ഓഡിറ്റ് നടത്തണമെന്നായിരുന്നു ഇതേക്കുറിച്ച് അന്വേഷിച്ച ശേഷം ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ശുപാര്‍ശ ചെയ്തത്. കാഷ് ബുക്ക്, മിനിറ്റ്‌സ്, വൗച്ചര്‍ എന്നിവ ഫോറന്‍സിക് പരിശോധനക്കയണമെന്നും ക്രൈംബ്രാഞ്ച് ശുപാര്‍ശ ചെയ്തിരുന്നു.
ഡി.ജി.പിക്ക് നല്‍കിയ പരാതി ആദ്യമന്വേഷിച്ചത് തൃശൂര്‍ ക്രൈംബ്രാഞ്ച് യൂനിറ്റാണ്. ക്രമക്കേടുകളില്ലെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. എന്നാല്‍ പരാതിക്കാരുടെ മൊഴി പോലും രേഖപ്പെടുത്താതെയുള്ള റിപ്പോര്‍ട്ട് തള്ളമെന്നാവശ്യപ്പെട്ട പരാതിക്കാര്‍ വീണ്ടും ക്രൈംബ്രാഞ്ച് മേധാവിയെ സമീപിച്ചതോടെ തിരുവനന്തപുരം യൂനിറ്റിന് അന്വേഷണം കൈമാറി. വീണ്ടും കേസന്വേഷിച്ച തിരുവനന്തപുരം യൂനിറ്റാണ് കേസെടുക്കാനുള്ള ശുപാര്‍ശ നല്‍കിയത്. ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനിടെ തൃശൂരിലെ ഓഫിസില്‍നിന്ന് രേഖകള്‍ മോഷണം പോയെന്ന് കാണിച്ച് തൃശൂര്‍ കമ്മിഷനര്‍ക്ക് യു.എന്‍.എ ഭാരവാഹികള്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ അന്വേഷണം നടന്നുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."