കാണാതായ വ്യോമസേന വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തി
ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെ മെചുകയില്‍ വ്യോമസേനയുടെ കാണാതായ എ.എന്‍- 32 ചരക്കുവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഈ മാസം മൂന്നിനു കാണാതായ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ അരുണാചലിലെ സിയാങ് ജില്ലയിലെ ലിപോ മേഖലയിലാണ് കണ്ടെത്തിയത്.
വ്യോമസേനാംഗങ്ങള്‍ ഈ പ്രദേശത്തു കൂടുതല്‍ തിരച്ചിലുകള്‍ നടത്തുകയാണ്. കാണാതായവരില്‍ മൂന്നു മലയാളികളും ഉള്‍പ്പെട്ടിട്ടുണ്ട്.
വിമാനത്തിന്റെ പാതയില്‍നിന്ന് 15-20 കിലോമീറ്റര്‍ വടക്കുമാറിയാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
വ്യോസേനയുടെ സി-130 വിമാനം, സുഖോയ് എസ്.യു-30 യുദ്ധ വിമാനം, നാവിക സേനയുടെ പി8-1 വിമാനവും ഹെലികോപ്റ്ററുകളും ഉപഗ്രഹ സാധ്യതകളും പ്രയോജനപ്പെടുത്തി തിരച്ചിലും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നതിനിടയിലാണ് അവശിഷ്ടങ്ങളെ കുറിച്ചു സൂചന ലഭിച്ചത്.
അസമിലെ ജോര്‍ഹത് വ്യോമതാവളത്തില്‍നിന്ന് അരുണാചലിലെ ഷി യോമി ജില്ലയിലുള്‍പ്പെട്ട മേചുകയിലേക്കു കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് 12.27 നു പുറപ്പെട്ട വിമാനം ഒരു മണിയോടെയാണ് കാണാതായത്. 8 സേനാംഗങ്ങളും 5 യാത്രക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ചൈന അതിര്‍ത്തിയില്‍നിന്ന് 35 കിലോമീറ്റര്‍ അകലെയാണു മേചുക വ്യോമതാവളം.
ദുര്‍ഘട വനമേഖലയില്‍ തിരച്ചിലിനായി കരസേനയെയും ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലിസിനെയും (ഐ.ടി.ബി.പി) നിയോഗിച്ചിരുന്നു.
ഷി യോമി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഗ്രാമീണരും തിരച്ചിലിനായി രംഗത്തെത്തിയിരുന്നു.
വിമാനത്തെക്കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് അഞ്ചു ലക്ഷം രൂപ പാരിതോഷികവും വ്യോമസേന പ്രഖ്യാപിച്ചിരുന്നു. എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുമോയെന്നറിയാന്‍ കാണാതായ വിമാനത്തിലുള്ളവരുടെ ബന്ധുക്കള്‍ ജോര്‍ഹട്ടില്‍ എത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."