ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ തടവിലാക്കപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് കനോജിയ ജയില്‍ മോചിതനായി
ന്യൂഡല്‍ഹി: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ തടവിലാക്കപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് കനോജിയ ജയില്‍ മോചിതനായി. സുപ്രിം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നടപടി. 20,000 രൂപയുടെ രണ്ട് ജാമ്യത്തുകയ്ക്കും ആള്‍ ജാമ്യത്തിനുമാണ് ലക്‌നോ ജയിലില്‍നിന്ന് കനോജിയ പുറത്തിറങ്ങിയത്.
മുഖ്യമന്ത്രിയെ സാമൂഹികമാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് കനോജിയയെ അറസ്റ്റ് ചെയ്തത്. ശനിയാഴ്ചയായിരുന്നു അറസ്റ്റ്. യു.പി. മുഖ്യമന്ത്രിക്കെതിരെ പരാമര്‍ശമുള്ള പോസ്റ്റിട്ടുവെന്ന ആരോപണത്തില്‍ അഞ്ചു പേരെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ അറസ്റ്റ് ചെയ്തത്.
കനോജിയയെ അറസ്റ്റ് ചെയ്തതിനെതിരെ സുപ്രിം കോടതി വിമര്‍ശനമുന്നയിച്ചിരുന്നു. ഇത് കൊലപാതകമല്ല നടന്നതെന്നും കനോജിയയെ ഉടന്‍ ജയില്‍ മോചിപ്പിക്കണമെന്നും സുപ്രിം കോടതി ഉത്തരവിട്ടു.കനോജിയയുടെ ഭാര്യയുടെ ഹരജി സ്വീകരിച്ചാണ് സുപ്രിം കോടതിയുടെ നടപടി. സാധാരണ ഇത്തരം ഹരജികള്‍ കോടതി പരിഗണിക്കാറില്ലെന്നും എന്നാല്‍, അദ്ദേഹത്തെ 11 ദിവസം കൂടി ജയിലില്‍ അടയ്ക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.
യോഗി ആദിത്യനാഥിനോട് വിവാഹാഭ്യര്‍ഥന നടത്തിയെന്ന് പറഞ്ഞ് ഒരു സ്ത്രീ മാധ്യമങ്ങളെ കാണുന്നതിന്റെ വീഡിയോ ആണ് കനോജിയ ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും ഷെയര്‍ ചെയ്തത്. ഇതേ സംഭവത്തില്‍ നോയിഡയിലെ സ്വകാര്യ ചാനല്‍ മേധാവികളെയും എഡിറ്റര്‍മാരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."