നസീറിനെ ആക്രമിക്കാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു
തലശ്ശേരി: വടകര ലോക്‌സഭാ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച സി.ഒ.ടി നസീറിനെ ആക്രമിക്കാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ പൊലിസ് കണ്ടെടുത്തു.
ആക്രമണത്തില്‍ നേരിട്ടു പങ്കെടുത്ത പ്രതികളായ കതിരൂര്‍ ആണിക്കാംപൊയില്‍ കൊയിറ്റി വീട്ടില്‍ സി. ശ്രീജിന്‍ (26), കാവുംഭാഗം ശ്രീലക്ഷ്മി ക്വാര്‍ട്ടേഴ്‌സില്‍ ആര്‍. റോഷന്‍ (26) എന്നിവരെ കോടതി പൊലിസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇതില്‍ റോഷനെ ചോദ്യംചെയ്തതില്‍ നിന്നാണ് ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങളെക്കുറിച്ച് സൂചന ലഭിച്ചത്. ഇതേതുടര്‍ന്ന് പൊലിസ് സംഘം റോഷന്‍ താമസിക്കുന്ന കാവുംഭാഗം ശ്രീലക്ഷ്മി ക്വാട്ടേഴ്‌സിനു സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നു കൃത്യത്തിന് ഉപയോഗിച്ച കത്തി കണ്ടെടുത്തു. തുടര്‍ന്നു കൊളശ്ശേരി ടൗണിലെ ഇറച്ചിക്കടയ്ക്കു പിന്നില്‍ നിന്ന് ഇരുമ്പ് ദണ്ഡും കണ്ടെത്തുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്കാണു സി.ഐ വി.കെ വിശ്വംഭരന്‍ നായരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ആയുധങ്ങള്‍ കണ്ടെത്തിയത്.
അതേസമയം നിലവില്‍ കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ ചോദ്യം ചെയ്താല്‍ സംഭവത്തില്‍ ഗൂഢാലോചന നടത്തിയവരെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. കൂടുതല്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയതായി കേസന്വേഷണത്തിന്റെ തുടക്കം തന്നെ പൊലിസ് പറഞ്ഞിരുന്നു. രണ്ടുപേരാണു നിലവില്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡിലായത്. കൃത്യത്തില്‍ പങ്കെടുത്തവര്‍ ഉള്‍പ്പെടെ അഞ്ചുപേരെയാണ് ഇതുവരെ അറസ്റ്റുചെയ്തത്. പ്രതിപ്പട്ടിക പൊലിസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടായേക്കും. ഏതാനുംപേര്‍ പൊലിസിന്റെ കണ്ണുവെട്ടിച്ച് കോടതിയില്‍ ഹാജരാകാന്‍ ശ്രമിച്ചതായും സൂചനയുണ്ട്.
കേസന്വേഷണത്തിനു നേതൃത്വം നല്‍കിയ എ.എസ്.പി അരവിന്ദ് സുമാറിനെ സ്ഥലം മാറ്റിയിട്ടുണ്ട്. പകരം കണ്ണൂര്‍ ഡിവൈ.എസ്.പി കെ.വി വേണുഗോപാലിനെ തലശ്ശേരിയില്‍ നിയമിച്ചിട്ടുണ്ട്. തന്നെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് എ.എന്‍ ഷംസീര്‍ എം.എല്‍.എയ്ക്കു പങ്കുണ്ടെന്നാണു സി.ഒ.ടി നസീര്‍ വീണ്ടും ആവര്‍ത്തിക്കുന്നത്. എം.എല്‍.എയ്‌ക്കെതിരേ നസീര്‍ മൊഴി നല്‍കിയിട്ടില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."