തട്ടമിട്ടതിന് വിദ്യാര്‍ഥിനിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കി
കഴക്കൂട്ടം: തട്ടം ധരിച്ചതിന് വിദ്യാര്‍ഥിനിയെ സ്‌കൂള്‍ അധികൃതര്‍ ടി.സി നല്‍കി പുറത്താക്കിയതായി ആരോപണം. തിരുവനന്തപുരം കഴക്കൂട്ടം മേനംകുളത്ത് പ്രവര്‍ത്തിക്കുന്ന ജ്യോതി നിലയം പബ്ലിക് സ്‌കൂളിനെതിരേയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇവിടെ എട്ടാം ക്ലാസില്‍ പുതുതായി ചേര്‍ന്ന ഷംഹാന ഷാജഹാന്‍ എന്ന വിദ്യാര്‍ഥിനിയെയാണ് തട്ടമിട്ട് കോംപൗണ്ടില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നു പറഞ്ഞ് പുറത്താക്കിയതെന്നാണ് ആരോപണം.
കവടിയാറിലുള്ള നിര്‍മലാ ഭവന്‍ സ്‌കൂളില്‍ ആയിരുന്നു ഏഴാം ക്ലാസുവരെ ഷംഹാന പഠിച്ചിരുന്നത്. കുടുംബം ഈ വര്‍ഷം കണിയാപുരത്തിനടുത്തുള്ള കഠിനംകുളത്തേക്ക് താമസം മാറിയതിനാല്‍ ജ്യോതി നിലയം സ്‌കൂളില്‍ കുട്ടിയെ ചേര്‍ക്കുകയായിരുന്നു. സ്‌കൂളില്‍ അഡ്മിഷന് പോയസമയത്ത് അവിടെ പരീക്ഷയും ഇന്റര്‍വ്യൂവും ഉണ്ടായിരുന്നു. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ ഷംഹാനയ്ക്ക് തലയില്‍ തട്ടിമിടുന്ന ശീലമുണ്ട്. സ്‌കൂളിലെ ഇന്റര്‍വ്യൂ സമയത്തും തലയില്‍ തട്ടം ധരിച്ചിരുന്നു. ആ സമയത്തൊന്നും സ്ഥാപനത്തില്‍ തട്ടമിടാന്‍ പറ്റില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞിട്ടില്ലെന്നും മാതാവ് ഷാമില പറഞ്ഞു.
ഈ അധ്യയന വര്‍ഷം സ്‌കൂള്‍ തുറന്ന് വ്യാഴാഴ്ച ക്ലാസിലെത്തിയപ്പോള്‍ ഷംഹാനയോട് ധരിച്ചിരുന്ന തട്ടം മാറ്റാന്‍ പറഞ്ഞു. ആദ്യമായാണ് ഇത്തരമൊരു അനുഭവം ഉണ്ടായതെന്നതിനാല്‍ കുട്ടിക്ക് കാര്യം മനസിലായില്ല. അടുത്ത ദിവസം വീണ്ടും സ്‌കൂളിലെത്തിയപ്പോള്‍ തട്ടമിട്ട് സ്‌കൂള്‍ കോംപൗണ്ടില്‍ കയറാന്‍ അനുവദിക്കില്ലെന്നായിരുന്നു അധികൃതര്‍ പറഞ്ഞത്.
സ്‌കൂളില്‍ പ്ലസ് ടു വരെ പഠിക്കുന്ന കുട്ടികളെ തട്ടമിട്ട് ക്ലാസില്‍ വരാന്‍ അനുവദിക്കുന്നില്ലെന്നും നിങ്ങളുടെ കുട്ടിക്ക് തട്ടമിടാതെ വന്നുകൂടെ എന്നുമാണ് പ്രിന്‍സിപ്പല്‍ ചോദിച്ചതെന്നും രക്ഷകര്‍ത്താക്കള്‍ അറിയിച്ചു. തുടര്‍ന്ന് ഫീസ് തിരികെ വാങ്ങി പൊയ്‌ക്കോളാനും പറഞ്ഞു. അടുത്ത ദിവസം വന്ന് ടി.സി വാങ്ങാമെന്ന് പറഞ്ഞപ്പോള്‍ നിര്‍ബന്ധിച്ച് ടി.സി നല്‍കി വിടുകയായിരുന്നു.
ടി.സി ലഭിക്കുന്നതിനായി നല്‍കിയ അപേക്ഷയില്‍, തട്ടമിട്ട് ക്ലാസില്‍ വരാന്‍ അനുവദിക്കാത്തതുകൊണ്ടാണ് കാരണമെന്നാണ് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ എഴുതിയത്. എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ ടി.സിയില്‍ ഇത് 'ബെറ്റര്‍ ഫെസിലിറ്റീസ് 'എന്നാക്കി തിരുത്തി. വിഷയവുമായി ബന്ധപ്പെട്ട് സമീപിച്ച മാധ്യമങ്ങളോട് 48 വര്‍ഷമായി സ്‌കൂള്‍ തുടങ്ങിയിട്ടെന്നും ഇവിടെ തലയില്‍ തട്ടമിടുന്ന പതിവ് ഇതുവരെ ഇല്ലെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. സ്‌കൂള്‍ ഡിസിപ്ലിന്റെ ഭാഗമായി തട്ടമിടാന്‍ അനുവദിക്കില്ല. തട്ടമിടുന്ന മറ്റു കുട്ടികള്‍ പുറത്ത് നിന്നും അത് മാറ്റിയാണ് സ്‌കൂളിന്റെ ഉള്ളില്‍ കയറുന്നത്. കുട്ടിക്കും രക്ഷിതാവിനും തട്ടമിടണമെന്ന് നിര്‍ബന്ധം പറഞ്ഞപ്പോള്‍ ടി.സി വാങ്ങി പോകാന്‍ പറഞ്ഞെന്നും സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."