ദമസ്കസ് വിമാനത്താവളത്തില്‍ ഇസ്റാഈല്‍ വ്യോമാക്രമണം
ദമസ്കസ്: സിറിയയിലെ ദമസ്കസ് വിമാനത്താവളത്തില്‍ ഇസ്റാഈല്‍ വ്യോമാക്രമണം. ശനിയാഴ്ച രാത്രി ആക്രമണമുണ്ടായതെന്നും സൈന്യം പ്രതിരോധിച്ചുവെന്നും സിറിയന്‍ വാര്‍ത്താ ഏജന്‍സിയായ സന റിപ്പോര്‍ട്ട് ചെയ്തു. തങ്ങളുടെ സൈന്യം മിസൈലുകളെ തകര്‍ത്തുവെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
അപകടങ്ങല്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ വിമാനത്താവളത്തിന്റെ പുറത്ത് ശനിയാഴ്ച ആക്രമണം നടന്നുവെന്നും സംഭവത്തില്‍ മൂന്ന് സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്നും സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് അറിയിച്ചു.
വ്യോമാക്രമണത്തിന് നേരെ സിറിയന്‍ സൈന്യം പ്രതിരോധിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. എന്നാല്‍ ആക്രമണം സംബന്ധിച്ച് പ്രതികരിക്കാന്‍ ഇസ്റാഈല്‍ തയാറായില്ല. സിറിയയില്‍ ഇറാന് ആധിപത്യം ഉറപ്പാക്കാന്‍ ശ്രമിക്കുന്നതിനെ എതിര്‍ക്കുമെന്ന് ഇസ്റാഈല്‍ പ്രഖ്യാപിച്ചിരുന്നു.
കൂടാതെ ഇറാന് പിന്തുണയോടെയുള്ള ലബനാനിലെ ഹിസ്ബുല്ലയുടെ നീക്കങ്ങള്‍ക്കെതിരേ നടപടിയെടുക്കുമെന്നും അവര്‍ പ്രഖ്യാപിച്ചിരുന്നു. സിറിയന്‍ സര്‍ക്കാരിനെ ഇറാന് പിന്തുണക്കുന്നുണ്ട്.
കഴിഞ്ഞ 18 മാസങ്ങള്‍ക്കിടെ സിറിയയില്‍ 200 വ്യോമാക്രമണങ്ങള്‍ നടത്തിയെന്ന് ദിവസങ്ങള്‍ മുന്‍പ് അറിയിച്ചിരുന്നു. സിറിയയിലെ ഇറാന് കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയാണ് മുഖ്യമായും ആക്രമണം നടത്തിയത്.
സെപ്റ്റംബര്‍ നാലിന് തീരപ്രദേശമായ ടര്റ്റസ്, ഹമ എന്നിവിടങ്ങളില്‍ സൈനിക കേന്ദ്രങ്ങളില്‍ ഇസ്റാഈല്‍ വ്യോമാക്രമണം നടത്തിയെന്ന് സിറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."