അധികൃതര്‍ക്കു ഹെല്‍മറ്റ് വേട്ട വഴിപാട് നിയമം കാറ്റില്‍പറത്തി വാഹനങ്ങള്‍
തൊടുപുഴ: മോട്ടോര്‍ വാഹന വകുപ്പിന്റെയും പൊലിസിന്റെയും വാഹന പരിശോധന വഴിപാടായതോടെ ജില്ലയില്‍ ഗതാഗത നിയമലംഘനം വര്‍ധിച്ചു. ഹെല്‍മറ്റില്ലാത്തവരെ തെരഞ്ഞുപിടിക്കുന്നതില്‍ മാത്രമായി ഒതുങ്ങുകയാണ് പരിശോധനകള്‍.
വളവുകളിലും തിരക്കേറിയ കവലകളിലും നടത്തുന്ന പരിശോധനകള്‍ 'ഹെല്‍മറ്റ് വേട്ട' മാത്രമായി മാറുന്നു. ലൈസന്‍സില്ലാതെയും മറ്റും ചെത്തു വാഹനങ്ങളില്‍ റോഡിന്റെ മുമ്പും പിമ്പും നോക്കാതെയാണ് യുവാക്കളുടെ ഡ്രൈവിംഗ്. വാഹനങ്ങളുടെ അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിംഗുമാണ് മിക്ക അപകടങ്ങള്‍ക്കും കാരണമാകുന്നത്.
ഒട്ടേറെ അപകടങ്ങളാണ് സമീപകാലത്ത് നഗരത്തിന്റെ സമീപ മേഖലകളിലുണ്ടായത്. കൗമാരക്കാരുടെ വാഹന ഉപയോഗം നഗരത്തില്‍ കൂടിവരികയാണ്. നിയമം ലംഘിച്ചു പായുന്ന ഇക്കൂട്ടര്‍ ക്ഷണിച്ചുവരുത്തുന്ന അപകടങ്ങളും ചെറുതല്ല. നഗരത്തിലൂടെപോലും ഇരുചക്ര വാഹനങ്ങളിലും മറ്റും അമിതവേഗത്തില്‍ പായുന്ന വിദ്യാര്‍ഥികളടക്കമുള്ളവര്‍ കാല്‍നടക്കാര്‍ക്കും മറ്റു വാഹനയാത്രക്കാര്‍ക്കും പേടിസ്വപ്നമായി മാറിയിട്ടുണ്ട്. മങ്ങാട്ടുകവല നാലുവരിപ്പാതയിലൂടെ കോളജ് വിദ്യാര്‍ഥികള്‍ ബൈക്കില്‍ മൂന്നുപേരെ വീതം കയറ്റി അമിതവേഗത്തില്‍ പായുന്നത് പതിവുകാഴ്ചയാണ്.
ഇതിനുപുറമെ ചില സ്വകാര്യ വാഹനങ്ങളും ബസുകളും അമിതവേഗത്തില്‍ നഗരത്തിലൂടെ പായുന്നത് മറ്റു വാഹനങ്ങള്‍ക്കും കാല്‍നടക്കാര്‍ക്കും ഭീഷണിയായിട്ടുണ്ട്. അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും പല പ്രധാനറോഡുകളിലും വേണ്ടത്ര മുന്നറിയിപ്പ് സംവിധാനമൊരുക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. തൊടുപുഴ-മൂലമറ്റം, തൊടുപുഴ-മൂവാറ്റുപുഴ റൂട്ടിലും അപകടം തുടര്‍ക്കഥയായി മാറുകയാണ്. മെച്ചപ്പെട്ട റോഡ് സൗകര്യം മുതലെടുത്ത് അതിവേഗത്തില്‍ പായുന്ന വാഹനങ്ങള്‍ മറ്റു വാഹനയാത്രക്കാര്‍ക്കും കാല്‍നടക്കാര്‍ക്കും ഭീഷണി സൃഷ്ടിക്കുന്നുണ്ട്.
പൊലിസിന്റെയും മോട്ടോര്‍ വാഹനവകുപ്പിന്റെയും പരിശോധന കാര്യക്ഷമമല്ലാത്തതാണ് നിയമംലംഘിച്ച് വാഹനമോടിക്കുന്നവരുടെ എണ്ണം കൂടാന്‍ കാരണമെന്നു നാട്ടുകാര്‍ ആരോപിച്ചു. വാഹനങ്ങളുടെ അമിതവേഗത്തിന് തടയിടാന്‍ അധികൃതര്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."