മാവോയിസ്റ്റ് 'ഏറ്റുമുട്ടല്‍' തുടര്‍ക്കഥയായ പിണറായിക്കാലം; നാല് വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് ഏഴു പേര്‍
കോഴിക്കോട്: കുറച്ചു കാലം വരെ മലയാളികള്‍ക്ക് കേട്ടുക്കേള്‍വി മാത്രമായിരുന്നു ഏറ്റുമുട്ടലുകളും ഏറ്റുമുട്ടല്‍ക്കൊലകളും. തോക്കേന്തിയ മാവോയിസ്റ്റുകള്‍ സിനിമകളിലും ഛത്തീസ്ഡഢ് പോലുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള വാര്‍ത്തകളിലും മാത്രായിരുന്നു മലയാളിക്ക്. നക്‌സല്‍ എന്നു പറയുമ്പോള്‍ ബ്ലൗസും പാവാടയുമുടുത്ത കെ. അജിത എന്ന വിപ്ലവകാരിയുടെ കൊമാരക്കാലത്തെ നിറം മങ്ങിയൊരു ചിത്രവും തെളിയുമായിരിക്കും ചിലരുടെ മനസ്സുകളില്‍. സമീപ കാലം വരെ പോസ്റ്റര്‍ പതിക്കലിലും ലഘുലേഘ വിതരണത്തിലും മാത്രം പരിചിതമായിരുന്ന മാവോയിസ്റ്റ് ഇപ്പോള്‍ ഏറ്റുമുട്ടലുകളിലേക്കും ഏറ്റുമുട്ടല്‍ കൊലകളിലേക്കും മാറിയിരിക്കുന്നു കൊച്ചു കേരളത്തില്‍
ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം 2016 നവംബര്‍ മുതല്‍ തുടങ്ങിയ ഏറ്റുമുട്ടലില്‍ ഇതുവരെ വിവിധയിടങ്ങളില്‍ കൊല്ലപ്പെട്ടത് ഏഴ് മാവോയിസ്റ്റുകളാണ്. സ്വയം രക്ഷക്കെന്നും മറ്റും പൊലിസ് ന്യായീകരിക്കുമ്പോഴും വ്യാജ ഏറ്റുമുട്ടലെന്ന രൂക്ഷവിമര്‍ശനമാണ് ഓരോ സംഭവത്തിന് ശേഷവും സര്‍ക്കാര്‍ കേട്ടുകൊണ്ടിരുന്നത്. ഇതില്‍ ഏറ്റവും ഒടുവിലത്തെ സംഭവമാണ് ഇന്ന് വയനാട് പടിഞ്ഞാറത്തറയിലുണ്ടായിരിക്കുന്നത്.
2016 നവംബര്‍ 24-നാണ് ഈ സര്‍ക്കാര്‍ കാലത്തെ ആദ്യ ഏറ്റുമുട്ടല്‍ കൊല നടക്കുന്നത്. മലപ്പുറം ജില്ലയിലെ കരുളായി വനത്തില്‍ പൊലിസും മാവോവാദികളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ടു പേരാണ് മരിച്ചത്. തമിഴ്നാട് സ്വദേശികളായ സി.പി.ഐ. മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റിയംഗം കുപ്പു ദേവരാജും കാവേരി എന്ന അജിതയുും. വെടിയേറ്റ് ആന്തരികാവയവങ്ങള്‍ തകര്‍ന്നായിരുന്നു ഇരുവരുടേയും മരണമെന്ന് ഫോറന്‍സിക് പരിശോധനയില്‍ പറയുന്നു.
കരുളായി വനത്തിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കാവേരി (അജിത), കുപ്പുസ്വാമി (ദേവരാജ്) എന്നിവരുടെ മൃതദേഹങ്ങള്‍
കുപ്പു സ്വാമിയുടെ ശരീരത്തില്‍ ഏഴ് വെടിയുണ്ടകളും അജിതയുടെ ശരീരത്തില്‍ 19 വെടിയുണ്ടകളുമാണ് ഉണ്ടായിരുന്നത്. കുപ്പുസ്വാമിക്ക് പിന്നില്‍ നിന്നാണ് കൂടുതല്‍ വെടിയേറ്റത്. എ.കെ.47, എസ്.എല്‍.ആര്‍. മോഡല്‍ യന്ത്രത്തോക്കുകളില്‍ ഉപയോഗിക്കുന്ന ചെറിയ വെടിയുണ്ടകളാണ് എന്നിവയും കണ്ടെടുത്തിരുന്നു. 20-60 മീറ്റര്‍ ദൂരത്തില്‍ നിന്നാണ് വെടിയുതിര്‍ത്തതെന്നായിരുന്നു ഫോറന്‍സിക്കിന്റെ നിഗമനം.
2019 മാര്‍ച്ച് ആറിനാണ് സി.പി. ജലീല്‍ കൊല്ലപ്പെട്ടത്. ലക്കിടിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ മാവോവാദികളും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ നടന്ന ഏറ്റുമുട്ടലിലായിരുന്നു മരണം. മാവോവാദിയായ തണ്ടര്‍ബോള്‍ട്ടിനെ കണ്ടപ്പോള്‍ മാവോവാദികള്‍ ആദ്യം വെടിയുതിര്‍ക്കുകയായിരുന്നെന്നും തുടര്‍ന്ന് തണ്ടര്‍ബോള്‍ട്ട് നടത്തിയ വെടിവെപ്പിലാണ് ജലീല്‍ കൊല്ലപ്പെട്ടതെന്നുമാണ് അന്നും പൊലിസ് പറഞ്ഞത്. പിറകില്‍നിന്ന് വെടിയേറ്റ് ഉണ്ട കണ്ണിനുസമീപം തുളച്ച് കടന്നുപോയ നിലയിലായിരുന്നു. കൈക്കും വെടിയേറ്റിരുന്നു. ഒട്ടേറെ വെടിയുണ്ടകള്‍ ശരീരം തുളച്ച നിലയിലായിരുന്നു. റിസോര്‍ട്ടിനുപുറത്ത് നിര്‍മിച്ച വാട്ടര്‍ഫൗണ്ടന് സമീപം കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.
സംഭവത്തില്‍ മജിസ്റ്റീരിയില്‍ അന്വേഷണം നടന്നെങ്കിലും പൊലിസിന് ക്ലീന്‍ നല്‍കുന്നതായിരുന്നു റിപ്പോര്‍ട്ട്.
സംഭവത്തില്‍ പോലീസ് ഗൂഢാലോചനയില്ലെന്നായിരുന്നു ജില്ലാ മജിസ്ട്രേറ്റിന്റെ 250 പേജുള്ള റിപ്പോര്‍ട്ട്.
2019 ഒക്ടോബര്‍ 28 ന് ആയിരുന്നു അടുത്ത വെടിവെപ്പ്. പാലക്കാട് മഞ്ചക്കട്ടി ഊരില്‍ തണ്ടര്‍ബോള്‍ട്ടിന്റെ തെരച്ചിലിനിടയില്‍ വെടിവെപ്പുണ്ടാകുകയും മൂന്നു മാവോവാദികള്‍ കൊല്ലപ്പെടുകയുമായിരുന്നു. ചിക്കമംഗലൂര്‍ സ്വദേശികളായ ശ്രീമതി, സുരേഷ്, കാര്‍ത്തി എന്നിവരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.
ഇവരുടെ പക്കല്‍നിന്ന് ആയുധങ്ങള്‍ പിടിച്ചെക്കുകയും ചെയ്തിരുന്നു. നേരത്തെ പട്ടികയില്‍ ഉണ്ടായിരുന്നവരാണ് ഇതെന്നായിരുന്നു പൊലിസിന്റെ വാദം. സംഭവം നടന്ന് ഒരു വര്‍ഷം പിന്നിട്ടിട്ടും ഇതിലെ ക്രൈംബ്രാഞ്ച്, മജിസ്റ്റീരിയില്‍ അന്വേഷണങ്ങള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല.
ഏറ്റവും ഒടുവിലത്തേതാണ് ഇന്ന് വയനാട്ടില്‍ നടന്നിരിക്കുന്നത്. ബാണാസുര വനത്തിനോട് ചേര്‍ന്ന പന്തിപ്പൊയില്‍ വാളാരം കുന്നിലായിരുന്നു ഏറ്റുമുട്ടല്‍. ഇതും മാവോയിസ്റ്റുകള്‍ അക്രമിച്ചപ്പോള്‍ തിരിച്ചടിക്കുകയായിരുന്നുവെന്നാണ് പൊലിസ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."