മാതാപിതാക്കളെ കാണാതെ അവള്‍ യാത്രയായി
ടെല്‍ അവീവ്: മസ്തിഷ്‌ക സര്‍ജറി നടക്കുമ്പോള്‍ മാതാപിതാക്കള്‍ കൂടെയുണ്ടാവണമെന്നത് അഞ്ച് വയസുകാരിയായ ഫലസ്തീന്‍ ബാലിക ആയിശ ലുലുവിന്റെ ആഗ്രഹമായിരുന്നു. ഇതിനായി കിഴക്കന്‍ ജറൂസലമിലെ ആശുപത്രിയില്‍ വച്ച് ഓര്‍മ നഷ്ടപ്പെടുന്നതുവരെ അവള്‍ കരഞ്ഞുകൊണ്ട് യാചിച്ചിരുന്നു. എന്നാല്‍ ആയിശയുടെ കരച്ചില്‍ ഇസ്‌റാഈല്‍ അധികൃതരുടെ മനസ് അലിയിച്ചില്ല. മാതാപിതാക്കള്‍ക്ക് ജറൂസലമിലേക്കുള്ള പ്രവേശനാനുമതി നല്‍കാതെ അധികൃതര്‍ പകരമായി ഗസ്സയിലെ ഒരു സ്ത്രീയെ സഹായത്തിനായി നിയോഗിച്ചു. ഗസ്സയില്‍ നിന്ന് ഇസ്‌റാഈലിലേക്കുള്ള എക്‌സിറ്റ് പെര്‍മിറ്റ് അനുവദിക്കാത്തതിനെ തുടര്‍ന്നാണ് മകളെ കാണാന്‍ മാതാപിതാക്കളെ ആശുപത്രിയില്‍ സന്ദര്‍ശിക്കാന്‍ സാധിക്കാതിരുന്നത്. എന്നാല്‍ ആയിശയുടെ ശാരീരികസ്ഥിതി മോശമാവുകയും തുടര്‍ന്ന് അബോധാവസ്ഥയിലായ അവളെ ഗസ്സയിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്തു. ഒരാഴ്ചക്ക് ശേഷം ആയിശ മരണത്തിന് കീഴടങ്ങി.
സ്വന്തം കുഞ്ഞ് അജ്ഞാതരുടെ കൈയില്‍ കിടന്ന് മരിക്കുകയെന്നുള്ളതാണ് ഏറ്റവും വിഷമകരമായ കാര്യമെന്ന് ആയിശയുടെ പിതാവ് വസീം ലുലു പറഞ്ഞു. ജറൂസലമിലേക്ക് ഒരു മണിക്കൂര്‍ യാത്ര മാത്രമാണുള്ളത്. എന്നാല്‍, മറ്റൊരു ഗ്രഹം പോലെയാണ് അനുഭവപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ ഇസ്‌റാഈല്‍ അധികൃതര്‍ക്കെതിരേ ശക്തമായ വിമര്‍ശനമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്നിരിക്കുന്നത്.
ഗസ്സയില്‍ രോഗബാധിതരായവരുടെ കൂടെ സഹായത്തിനായി അതിര്‍ത്തിക്ക് പുറത്തേക്ക് പോവാന്‍ കനത്ത ചുങ്കമാണ് ഇസ്‌റാഈല്‍ ചുമത്തിയിരിക്കുന്നത്. കൂടാതെ പരിചരണത്തിന് പോവാന്‍ ഭൂരിഭാഗം പേര്‍ക്കും അനുമതിയും നല്‍കാറില്ല. ഗസ്സക്ക് പുറത്ത് രോഗികള്‍ക്കൊപ്പം കൂട്ടിരിക്കാനായി ഈ വര്‍ഷം നല്‍കിയ അപേക്ഷകളില്‍ പകുതിയും ഇസ്‌റാഈല്‍ സര്‍ക്കാര്‍ തള്ളിയെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. ഇതിനെ തുടര്‍ന്ന് 600 രോഗികളാണ് ഗസ്സ അതിര്‍ത്തിയില്‍ നിന്ന് ഇസ്‌റാഈലിലെ ആശുപത്രിയിലേക്ക് ബന്ധുക്കളുടെ സഹായമില്ലാതെ ചികിത്സയ്ക്കായി പോകേണ്ടിവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."