പാല്‍പ്പൊടി നിര്‍മാണത്തിന് സര്‍ക്കാര്‍; ഫാക്ടറി മലപ്പുറത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് ആധുനിക സാങ്കേതിക വിദ്യയോടെയുള്ള പാല്‍പ്പൊടി നിര്‍മാണശാല നിര്‍മിക്കാന്‍ സര്‍ക്കാര്‍. ഫാക്ടറി സ്ഥാപിക്കുന്നതിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രി കെ. രാജുവിന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേര്‍ന്നു. നബാര്‍ഡുമായി സഹകരിച്ച് പദ്ധതി നടപ്പിലാക്കാന്‍ തത്വത്തില്‍ ധാരണയായതായി യോഗത്തിനു ശേഷം മന്ത്രിപറഞ്ഞു.
നബാര്‍ഡിന്റെ അടിസ്ഥാന സൗകര്യ വികസന നിധി ഉപയോഗിച്ച് മില്‍മ മലബാര്‍ മേഖലാ യൂനിയനു കീഴില്‍ ഫാക്ടറി സ്ഥാപിക്കും. 53.93 കോടി രൂപ ചെലവില്‍ മലപ്പുറം ജില്ലയിലാണ് ഫാക്ടറി സ്ഥാപിക്കാനുദ്ദേശിക്കുന്നത്. പാലുല്‍പ്പാദനത്തില്‍ സംസ്ഥാനം സ്വയംപര്യാപ്തതയിലേക്ക് അടുത്തു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സഹകരണസംഘങ്ങള്‍ വഴിയുള്ള പാല്‍സംഭരണം സര്‍വകാല റെക്കോര്‍ഡിലേക്ക് കടന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അധികം വരുന്ന പാല്‍ പൊടിയാക്കി സൂക്ഷിക്കേണ്ടി വരും.
മില്‍മയുടെ മേഖലാ യൂണിയനുകളില്‍ ഏറ്റവും കൂടുതല്‍ ഉല്‍പ്പാദനം നടക്കുന്നത് മലബാര്‍ മേഖലയിലാണ്. കൊറോണ കാലത്ത് പാല്‍ ഉപഭോഗം കുറഞ്ഞ സാഹചര്യത്തില്‍ വലിയ പ്രതിസന്ധി രൂപപ്പെട്ടിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് സ്വന്തമായി ഒരു പാല്‍പ്പൊടി നിര്‍മാണശാല എന്ന ആശയം രൂപപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."