ലീഗിന് പിന്നാലെ ഭരണപക്ഷവും പ്രക്ഷോഭത്തിലേക്ക്
എടച്ചേരി: കഴിഞ്ഞ രണ്ട് മാസത്തിലേറെയായി നിലനിലനില്‍ക്കുന്ന എടച്ചേരിയിലെ 'നികുതി' പ്രശ്‌നത്തിന് ഇനിയും പരിഹാരമാകില്ല.
വസ്തു നികുതി അടക്കാനായി ഇരിങ്ങണ്ണൂരിലെ വില്ലേജ് ഓഫിസിലെത്തുന്ന ഭൂഉടമകള്‍ നിരാശരായി മടങ്ങുകയാണ്. ഇത് കാരണം എടച്ചേരി രജിസ്റ്റര്‍ ഓഫിസില്‍ സ്ഥലം റജിസ്‌ട്രേഷന്‍ സംബന്ധമായ നടപടികളും മാസങ്ങളോളമായി മുടങ്ങിക്കിടക്കുന്ന വിവരം നേരത്തെ സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എടച്ചേരി വില്ലേജ് പരിധിയിലെ വേങ്ങോളി, എടച്ചേരി അംശങ്ങളിലാണ് ഭൂമി സംബന്ധമായ ഇടപാടുകള്‍ മുടങ്ങിക്കിടക്കുന്നത്. വില്ലേജ് ഓഫിസുകളില്‍ നിന്ന് യഥാസമയം നികുതി ശീട്ട് ലഭിക്കാത്തതിനാലാണ് ക്രയവിക്രയം നടക്കുന്ന സ്വത്തിന്റെ ആധാരം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തത്. ഇത് കാരണം സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന വിവിധ ഭവനവായ്പാ സഹായങ്ങള്‍ പലര്‍ക്കും നഷ്ടമാവുകയാണ് . ലൈഫ്മിഷന്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ നല്‍കുന്ന ഭവന വായ്പകളാണ് യഥാസമയം രേഖകള്‍ സമര്‍പ്പിക്കാന്‍ പറ്റാത്തതിനാല്‍ നഷ്ടമാവുന്നത്.
അഞ്ച് സെന്റ് സ്ഥലം സ്വന്തമായുള്ള, നിശ്ചിത മാനദണ്ഡങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്കാണ് ഭവനവായ്പകള്‍ ലഭിക്കുന്നത്. എന്നാല്‍ അഞ്ച് സെന്റ് ഭൂമി ലഭിച്ച പലര്‍ക്കും സ്വത്ത് തങ്ങളുടെ പേരിലാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല .
വില്ലേജ് ഓഫിസിലെ കംപ്യൂട്ടര്‍ ആധാരവല്‍കരണ നടപടികള്‍ പൂര്‍ത്തിയാവാത്തതാണ് ഇവരെ പ്രയാസപ്പെടുത്തുന്നത്. തങ്ങളുടെ പേരിലാക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ നികുതി ശീട്ട് വില്ലേജില്‍ ഓഫിസില്‍ നിന്ന് ലഭിച്ചാല്‍ മാത്രമെ ഇക്കൂട്ടര്‍ക്ക് നിയമപരമായി വസ്തുവിന്റെ രജിസ്‌റ്റ്രേഷന്‍ നടത്താന്‍ പറ്റൂ. ഇത്തരം രേഖകള്‍ വില്ലേജ് ഓഫിസുകളില്‍ നിന്ന് പലര്‍ക്കും ലഭിക്കാത്തതിനാലാണ് ഇവര്‍ക്ക് സ്വത്ത് തങ്ങളുടെ പേരിലാക്കാന്‍ പറ്റാത്തത്.
അതെ സമയം കഴിഞ്ഞ ജൂണ്‍ 30 നകം പാലക്കാട്ട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഉന്നത ഓഫിസായ എന്‍.ഐ.സിയില്‍ നിന്ന് ആധാരം കംപ്യൂട്ടര്‍വല്‍കരണം പൂര്‍ത്തിയാകേണ്ടതാണ്.
ഇതിന് കാലതാമസം നേരിട്ടതിനാലാണ് തങ്ങള്‍ക്കും സമയബന്ധിതമായി ജോലി പൂര്‍ത്തിയാക്കാന്‍ പറ്റാത്തതെന്നാണ് വില്ലേജ് ഓഫിസ് അധികൃത്രര്‍ പറയുന്നത്.
2008 ജൂണ്‍ 25നാണ് പുതിയ റീ സര്‍വേ നിലവില്‍ വന്നത്- എന്നാല്‍ ഇത് സംബന്ധമായ ഡാറ്റ എന്‍ട്രി പാലക്കാട്ടെ ഉന്നത ഓഫിസില്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല.
എടച്ചേരി റജിസ്റ്റര്‍ ഓഫിസില്‍ നിലനില്‍ക്കുന്ന ഈ പ്രശ്‌നം പരിഹരിക്കാന്‍ വടകര തഹസില്‍ദാറും, കോഴിക്കോട് ജില്ലാ രജിസ്റ്റ്രര്‍ ഓഫിസറും ഉന്നത ഉദ്യോഗസ്ഥരോട് നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ പരിഹാര മാര്‍ഗങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല.
മക്കളുടെ വിവാഹം, വിദ്യാഭ്യാസം ,വീട് നിര്‍മാണം തുടങ്ങി നിരവധി ആവശ്യങ്ങള്‍ക്ക് ബാങ്കുകളില്‍ നിന്ന് വായ്പ ലഭ്യമാകണമെങ്കില്‍ നികുതി ശീട്ട് അത്യാവശ്യമാണ്. എന്നാല്‍ വില്ലേജ് ഓഫിസില്‍ നികുതി അടക്കാന്‍ പറ്റാത്തതിനാല്‍ സാധാരണക്കാരായ നിരവധി കുടുംബങ്ങളാണ് ദുരിതമനുഭവിക്കുന്ന്.
പൊതുജനങ്ങളെ ബാധിക്കുന്ന ഇത്തരംരൂക്ഷമായ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എടച്ചേരി മുസ്‌ലിം ലീഗ് കമ്മിറ്റി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങിയതിന് പിന്നാലെ ഭരണപക്ഷ പാര്‍ട്ടിയായ മാര്‍ക്‌സിസ്റ്റ് ( സി.പി.എം) പാര്‍ട്ടിയും സമരവുമായി രംഗത്തെത്തി.
ജനങ്ങളുടെ വസ്തു നികുതി അടക്കാനുള്ള സംവിധാനം എത്രയും പെട്ടെന്ന് ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് 19 ന് കാലത്ത് എടച്ചേരി വില്ലേജ് ഓഫിസിലേക്ക് സി.പി.എം എടച്ചേരി ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കര്‍ഷക മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."